2014-10-17 12:59:49

ആയുധവിപണനം നിര്‍ത്തലാക്കല്‍
സമാധാനത്തിനുള്ള മാര്‍ഗ്ഗം


17 ഒക്ടോബര്‍ 2014, വത്തിക്കാന്‍
അന്താരാഷ്ട്ര ഇടപെടലുകള്‍ ആയുധ രഹിതമായിരിക്കണമെന്ന്,
ഐക്യരാഷ്ട്ര സഭയുടെ യുഎന്‍ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ബേര്‍ണഡിറ്റ് ഔസാ പ്രസ്താവിച്ചു.

ഒക്ടോബര്‍ 14-ാം തിയതി ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തു ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ പ്രസ്താവിച്ചത്.

നിരായുധീകരണവും, ആയുധങ്ങളുടെ പെരുപ്പവും വിപണനവും ഇല്ലായ്മ ചെയ്തുകൊണ്ടാണ് ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടത് എന്ന വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിക്കൊണ്ടാണ് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഓസാ പ്രബന്ധം അവതരിപ്പിച്ചത്.

ആണവായുധങ്ങള്‍ ഇല്ലായ്മചെയ്യാന്‍ പരിശ്രമിക്കുന്നതോടൊപ്പം, പരമ്പരാഗത യുദ്ധ സാമഗ്രികളുടെ വിപണനവും ഇല്ലായ്മചെയ്തെങ്കില്‍ മാത്രമേ ഇന്നുലോകത്ത് നടമാടുന്ന ആഭ്യന്തരകലാപങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും ഇല്ലായ്മചെയ്യാനാകൂ എന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

സമ്പത്തിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തിയാണ് ആയുധവിപണത്തിനു പിന്നില്‍ വെളിപ്പെടുന്നത്, ആയുധവിപണനം ലോകസമാധാനം ഇല്ലാതാക്കുകയും, മനുഷ്യകുലത്തിന്‍റെ വേദനയും യാതനയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തിലൂടെ ചൂണ്ടിക്കാട്ടി.










All the contents on this site are copyrighted ©.