2014-10-16 09:17:08

വിയറ്റ്നാം പ്രധാനമന്ത്രി
പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിക്കും


15 ഒക്ടോബര്‍ 2014, വത്തിക്കാന്‍
വിയറ്റ്നാം പ്രധാനമന്ത്രി നയെന്‍ താന്‍ ഡൂങ് പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിക്കും.

ഒക്ടോബര്‍ 18-ാം തിയതി ശനിയാഴ്ചയാണ് വത്തിക്കാനുമായി നയതന്ത്ര ബന്ധത്തില്‍ ഇനിയും ഒന്നിക്കാത്ത വിയറ്റ്നാമിന്‍റെ സോഷ്യലിസ്റ്റ് നേതാവ്, നയെന്‍ താന്‍ ഡൂങ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ക്കെത്തുന്നത്.

2007-ലും 2009-ലും മുന്‍പാപ്പാ ബനഡിക്ടുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള
ഹാനോയ് സര്‍ക്കാരിന്‍റെ തലവന്‍, വീണ്ടും പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കഴ്ചയ്ക്കെത്തുന്നത് വത്തിക്കാന്‍-വിയറ്റനാം ഉഭയകക്ഷി ബന്ധത്തിന്‍റെ ശ്രദ്ധേയവും പ്രത്യാശ പകരുന്നതുമായ നീക്കമാണെന്ന്,
പാപ്പായുടെ ദ്വിഭാഷിയായ, വത്തിക്കാന്‍ റേഡിയോ വിയറ്റ്നാം വിഭാഗത്തിലെ ഫാദര്‍ ജോസഫ് കഗേം പ്രസ്താവിച്ചു.

മലേഷ്യ-സിങ്കപ്പൂര്‍ രാജ്യങ്ങളിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ലിയൊപ്പോള്‍ഡ് ജിരേലിയെ 2011-ല്‍ വിയറ്റ്നാമിന്‍റെകൂടി സ്ഥാനപതിയായി നിയമിക്കുകയുണ്ടായെങ്കിലും, വത്തിക്കാന്‍-വിയറ്റനാം നയതന്ത്രബന്ധങ്ങള്‍ ചര്‍ച്ചകളായി മാത്രം തുടരുകയാണെന്നും, ഫാദര്‍ കാഗേം വെളിപ്പെടുത്തി.

ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തെയൊ റെന്‍സിയുടെ ക്ഷണപ്രകാരം
മിലാനിലെ ഏഷ്യ-യൂറോപ്പ് സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തുന്ന ഡൂങാണ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള താല്പര്യം പ്രകടിപ്പിച്ചത്.

നയെന്‍ താന്‍ ഡൂങ് ബെല്‍ജിയം, ജര്‍മ്മനി എന്നീ രാജ്യങ്ങളും ഇക്കുറി സന്ദര്‍ശിക്കുമെന്നും വത്തിക്കാന്‍ റേഡിയോ വക്താവ് ഫാദര്‍ കാഗേം വെളിപ്പെടുത്തി.








All the contents on this site are copyrighted ©.