2014-10-16 09:41:30

കുടുംബങ്ങളെ
ക്ഷമയോടെ തുണയ്ക്കണം


16 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കുടുംബങ്ങളെ അജപാലകര്‍ ക്ഷമയോടെ തുണയ്ക്കണമെന്ന്,
തെക്കെ ഇറ്റലിയിലെ അങ്കോണാ-ഓസിമോ അതിരൂപതാദ്ധ്യക്ഷന്‍,
ആര്‍ച്ചുബിഷപ്പ് എഡ്വേര്‍ഡ് മെനിചേലി പ്രസ്താവിച്ചു.

വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന കുടുംബങ്ങള്‍ക്കായുളള മെത്രാന്മാരുടെ പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ മദ്ധ്യഘട്ട റിപ്പോര്‍ട്ടിനെ ആധാരമാക്കി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് മെനിച്ചേലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സുവിശേഷസന്ദേശവും അതിനനുസൃതമായി എങ്ങനെ ജീവിക്കണമെന്നും ക്രൈസ്തവ കുടുംബങ്ങള്‍ക്ക് അറിയാവുന്നതിനാല്‍, അജപാലകര്‍ അവരെ ‘വിധിക്കുന്നതും മനഃസ്സാക്ഷിയെ ചോദ്യംചെയ്യുന്നതും ശരിയല്ലെ’ന്ന് ആര്‍ച്ചുബിഷപ്പ് മെനിചേലി, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു.

കുടുംബജീവിതത്തില്‍ പരാജയപ്പെടുന്നവര്‍ക്കും, അകന്നു ജീവിക്കുന്നവര്‍ക്കും വിവാഹമോചിതര്‍ക്കും, പുനര്‍വിവാഹിതര്‍ക്കുമെല്ലാം സഭയുടെ സാമീപ്യവും സമാശ്വാസവും സാന്ത്വനമാകണമെന്നും, മറിച്ച് ദിവ്യാകാരുണ്യം കൊടുക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച് വലിയ പ്രശ്നമുണ്ടാക്കുകയല്ലെന്ന് ആര്‍ച്ചുബിഷപ്പ് മെനിചേലി അഭിപ്രായപ്പെട്ടു.
സുവിശേഷത്തില്‍ ക്രിസ്തു പറയുന്ന ഫരീസേയരുടെ കഠിനഹൃദയമായിരിക്കരുത് ബലഹീനരോട് അജപാലകര്‍ സ്വീകരിക്കുന്ന നയമെന്ന്, ആദ്യാമായി സിനഡില്‍ പങ്കെടുക്കുന്ന, ആര്‍ച്ചുബിഷപ്പ് മെനിചേലി പ്രസ്താവിച്ചു.

ശുശ്രൂഷയ്ക്കുള്ള വസ്തുക്കളായിട്ടല്ല, മറിച്ച് കേന്ദ്രസ്ഥാനത്ത് സ്നേഹിക്കുകയും തുണയ്ക്കുകയും വളര്‍ത്തുകയും ചെയ്യേണ്ട വ്യക്തികളുടെ കൂട്ടായ്മയായിട്ടാണ് കുടുംബങ്ങളെ അജപാലകര്‍ കാണേണ്ടതെന്നും, ആര്‍ച്ചുബിഷപ്പ് മെനിചേലി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.