2014-10-14 15:36:49

യാചന സങ്കീര്‍ത്തനങ്ങളിലെ
ദൈവാവിഷ്ക്കരണം (26)


RealAudioMP3
യാചനാ-സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കരണം - എന്ന ചിന്ത ഇക്കുറിയും തുടരുകയാണ്. മനുഷ്യന്‍റെ ജീവിതത്തില്‍ ദൈവം ഇടപെടുന്നു - അവിടുത്തെ ശക്തി ഈ ലോകത്ത് പ്രകടമാകുന്നു. അവിടുന്ന് മനുഷ്യന് രക്ഷ പ്രദാനംചെയ്യുന്നു. ദൈവം തിന്മയുടെ ശക്തികളെയും ശത്രുക്കളെയും തോല്പിക്കുന്നു - എന്നെല്ലാം വിലപിക്കുകയും വിവരിക്കുകയുംചെയ്യുന്ന മനുഷ്യന്‍റെ ആഗ്രഹവും പ്രതീക്ഷയുമാണ് യാചനാ സങ്കീര്‍ത്തനത്തിന്‍റെ സ്വഭാവവും ശൈലിയും. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ ദൈവസന്നിധിയില്‍ വിളിച്ചപേക്ഷിക്കുന്നതും, നിലവിളിക്കുന്നതും, കേണപേക്ഷിക്കുന്നതും, അവിടുത്തെ തിരുമുന്‍പില്‍ യാചിക്കുന്നത്. ദൈവത്തിന്‍റെ നീതിക്കും, ബഹുമാനത്തിനും, വിശ്വസ്തതയ്ക്കും, രക്ഷയ്ക്കും, വാഗ്ദാനത്തിനുംവേണ്ടി മനുഷ്യന്‍ കേണപേക്ഷിക്കുന്നു, യാചിക്കുന്നു.. അവിടുത്തെ അത്ഭുതചെയ്തികളുടെ അനുഭവങ്ങളും സാക്ഷൃങ്ങളും സങ്കീര്‍ത്തകന്‍ തന്‍റെ ഈരടികളില്‍ നന്ദിയോടെ അനുസ്മരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വവും, അന്തസ്സും അഭിമാനവും സകല ജനതകളുടെയും മുന്‍പില്‍ കാത്തുസൂക്ഷിക്കാന്‍ ഇടയാക്കണമേ, എന്നാണ് സങ്കീര്‍ത്തകന്‍റെയും, അതേറ്റുപാടുന്ന സമൂഹത്തിന്‍റെയും, അല്ലെങ്കില്‍ ജനങ്ങളുടെയും പ്രാര്‍ത്ഥന. അങ്ങനെ എല്ലാ വിലാപ പ്രാര്‍ത്ഥനകളുടെയും യാചനകളുടെയും പിന്നിലും, മനുഷ്യന്‍റെ ദൈവികൈക്യത്തിനായുള്ള, ദൈവാനുഭവത്തിനായുള്ള നിലയ്ക്കാത്ത പ്രത്യാശയും ശരണവുമാണ് പ്രകടമാകുന്നത്.

ഇന്ന് പഠനസഹായിയായിട്ട് നാം ഉപയോഗിക്കുന്നത് 16ാം സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരമാണ്. മിന്‍മിനി ആലപച്ചിരിക്കുന്ന സങ്കീര്‍ത്തനം ഭാവാത്മകമായി ചിട്ടപ്പെടുത്തിയത് ഫാദര്‍ ചെറിയാന്‍ കുനിയന്തോടത്ത് സിഎംഐയാണ്. ദൈവത്തിന്‍റെ സംരക്ഷണയ്ക്കായി യാചിക്കുന്ന സങ്കീര്‍ത്തകന്‍, അവിടുന്നാണെന്‍റെ പ്രത്യാശയും പ്രതീക്ഷയും രക്ഷയും, അങ്ങല്ലാതെ എനിക്കു മറ്റൊരു തുണയുമില്ലെന്ന് നിസ്സഹായതയോടെ യാചിക്കുന്നു. നിസ്സഹായതയുടെ ഭാവത്തോടെ ദൈവസന്നിധിയില്‍ അണയുന്ന മനുഷ്യനെ ഈ ഗീതം ചിത്രീകരിക്കുന്നു.

Musical Version of Psalm 16

മനതാരില്‍ ആഗ്രഹങ്ങള്‍ വിടരും പ്രതീക്ഷയെല്ലാം
തിരുമുന്‍പിലേയ്ക്കു നല്കാം കരുണാര്‍ദ്രനായ നാഥാ.

വിലാപ-ശരണ-നന്ദിപറച്ചില്‍ വിവരിക്കുന്ന വിവിധങ്ങളായ സഹനങ്ങളില്‍നിന്ന് ഉദിക്കുന്ന അപകടകരവും അസ്തിത്വപരവുമായ ചില ചോദ്യങ്ങളുണ്ട്. അത് ജീവിതത്തിലെ വലിയ പ്രശ്നങ്ങളിലേയ്ക്ക് നമ്മെ തിരിച്ചുവിടുന്നു. എന്തുകൊണ്ട്, ഞാന്‍ സഹിക്കണം? എന്തുകൊണ്ട് പാതാളത്തിന്‍റെ അഗാധത്തിലേയ്ക്ക് ഞാന്‍ തള്ളപ്പെടണം? വിലാപ മയമായ സങ്കീര്‍ത്തനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്ന അസ്തിത്വപരമായ ഈ ചോദ്യങ്ങള്‍ വഴി, ആരാധകര്‍ വിജ്ഞാനചിന്തയുടെ ചക്രവാളങ്ങളിലേയ്ക്ക്, ശരിയായ തത്വശാസ്ത്രത്തിന്‍റെ മേഖലയിലേയ്ക്ക് മെല്ലെ കടന്നുചെല്ലുകയാണ്. ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുവാനും മനസ്സിലാക്കുവാനുമാണ് വിജ്ഞാനചിന്തകള്‍ പരിശ്രമിക്കുന്നത്. പുരാതന പൗരസ്ത്യ നാടുകളില്‍നിന്ന് ഇസ്രായേല്‍ സ്വീകരിച്ച വിജ്ഞാനചിന്തകള്‍, ജീവിതാനുഭവങ്ങളുടെ സങ്കരമാണ്. അങ്ങനെ വിജ്ഞാനചിന്തകള്‍ ജീവിതക്രമങ്ങളെ പഴഞ്ചൊല്ലുകളിലൂടെയും വിജ്ഞാനപരമായ പ്രസ്ഥാവങ്ങളിലൂടെയും വിവരിക്കുവാനാണ് പരിശ്രമിക്കുന്നത്. ഭാവിയെപ്പറ്റിയുള്ള പ്രശ്നങ്ങള്‍, എല്ലാ വസ്തുക്കളുടെയും നല്ലതും രക്ഷാകരവുമായ അവസാനം തുടങ്ങിയ കാര്യങ്ങള്‍ താത്പര്യത്തോടെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ദൈവഭയം പഴയനിയമ വിജ്ഞാനത്തിന്‍റെ ഭാഗമാണ്. ദൈവതിരുമുന്‍പിലെ നീതിനിഷ്ഠവും ന്യാപൂര്‍ണ്ണവുമായ ജീവിതമാണ്, അപ്പോള്‍ യാചനാഗീതങ്ങളിലെ പ്രതിപാദ്യവിഷയം. ഈ അര്‍ത്ഥത്തിലാണ് വിലാപ സങ്കീര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന വിജ്ഞാനത്തെ നാം മനസ്സിലാക്കേണ്ടത്.

Musical Version of Psalm 16

1. വചനം പകര്‍ന്നു നല്കീ താലന്തുമെന്നിലേകീ
ഇനി നിന്‍റെ പാദപീഠം മമജീവ ശാന്തിഗേഹം.
- മനതാരില്‍ ആഗ്രഹങ്ങള്‍...

ഞാനെന്തുകൊണ്ട് സഹിക്കണം? എന്ന ചോദ്യത്തിന് പല ഉത്തരങ്ങള്‍ ഉണ്ട്. ദൈവത്തിന്‍റെ രക്ഷാകര ലക്ഷൃങ്ങള്‍ക്കായിട്ടാണ് അവിടുന്ന് എന്നെ പീഡിപ്പിക്കുന്നത്. അത് പരീക്ഷണമായും പരിശോധനയായും ശുദ്ധീകരണമായുമാണ് സങ്കീര്‍ത്തകന്‍ കുറിക്കുന്നത്. സഹനം കഠിനശിക്ഷയായി കാണുന്നെങ്കിലും, അതിനെ നശിപ്പിക്കലായി കരുതുന്നില്ല. വഴിതെറ്റി നടക്കുന്നവര്‍പോലും സഹനാനുഭവത്തിന്‍റെ ഫലമായി ദൈവത്തെ അനുസരിക്കുന്നവരായി ഉയരാന്‍ സാധിക്കും. സഹനത്തിലൂടെ അവര്‍ ദൈവത്തെ അനുസരിക്കുന്നവരായി പരിവര്‍ത്തനംചെയ്യപ്പെടുന്നു. തന്നെയുമല്ല, ദുരിതങ്ങള്‍ വഴി കര്‍ത്താവിന്‍റെ ചട്ടങ്ങള്‍ പഠിക്കുന്നതിന് അവര്‍ക്കു സാധിച്ചു. ദൈവത്തിന്‍റെ നീതിയും വിശ്വസ്തതയും സഹനത്തിന്‍റെ നടുവിലും അംഗീകരിക്കുകയാണ് നീതിമാന്‍ ചെയ്യുന്നത്. പീഡിതരും കര്‍ത്താവിനെ സ്തുതിക്കണം. കാരണം അവിടുന്ന് ഉത്തരം നല്കുന്നവനും മോചകനും, രക്ഷികനും, നല്ലവനും, സര്‍വ്വനന്മയും പരിപാലികനുമാണ്. അതുപോലെ, സഹനത്തിന്‍റെ എളിമപ്പെടുത്തല്‍ അത്ഭുതകരമായ ഉയര്‍പ്പിനെ ലക്ഷൃം വെയ്ക്കുന്ന സഹനത്തില്‍നിന്നും നമ്മെ പഠിപ്പിക്കുന്നു.

ദൈവത്തിന്‍റെ രക്ഷാകരമായ ഇടപെടലിന് സാക്ഷൃംവഹിക്കാന്‍ മരണത്തിന്‍റെ കെണിയില്‍നിന്ന് ജീവന്‍റെ ഓജസ്സിലേയ്ക്കും വിജയത്തിലേയ്ക്കും വരുന്നവനാണ് സങ്കീര്‍ത്തകന്‍. ദൈവത്തിന്‍റെ രക്ഷാകര പ്രവര്‍ത്തനത്തിലുള്ള സന്തോഷത്തിന്‍റെ ഫലമായി വിലാപനിമിഷങ്ങള്‍ ലോപിച്ച് ലോപിച്ച് ഇല്ലാതാകുന്നു.

Musical Version of Psalm 16

2. സുകൃതം തരുന്ന വീഥീ സഹനം തരുന്ന മാര്‍ഗ്ഗം
തളരാതെ നീങ്ങുവാനായ് വരദാനമെന്നിലേകീ
- മനതാരില്‍ ആഗ്രഹങ്ങള്‍...

എന്നാല്‍ എല്ലായ്പ്പോഴും വിലാപനിമിഷങ്ങളില്‍ സമാശ്വാസവും ആനന്ദവും ലഭിക്കണമെന്നില്ല. ചില സങ്കീര്‍ത്തനങ്ങള്‍ അതികഠോരമായ സഹനത്തെപ്പറ്റി പറയുന്നുണ്ട്. അങ്ങനെ തുടരുന്ന വേദന ആത്മാവിന്‍റെ ശക്തികളെ ഉണര്‍ത്തുന്നു. ആരാധകന്‍ സഹനരഹസ്യത്തിന്‍റെ അഗാധങ്ങളിലേയ്ക്ക് കടക്കാന്‍ പരിശ്രമിക്കുന്നു. ജീവിതത്തിന്‍റെ അയാഥാര്‍ത്ഥ്യത്തിലേയ്ക്കും അസ്ഥിരതയിലേയ്ക്കും അവന്‍ ദൃഷ്ടി പതിക്കുന്നു. നശിച്ചുപോകുന്ന ബലഹീനമായ ശ്വാസമാണ് അവന്‍റെ ഉണ്മ. അത് മാഞ്ഞും ചാഞ്ഞും ചുരുങ്ങിയും, ദ്രവിച്ചും അലുത്തും, തകര്‍ന്നും ജീര്‍ണ്ണിച്ചും ഇല്ലാതാകുന്നു. അത് നിഴലാണ്, ക്ഷണികമാണ്, ശൂന്യമാണ്. മനുഷ്യന്‍ ജഡമാണ്, മടങ്ങിവരാത്ത കാറ്റുപോലെയാണവന്‍. അതിനാല്‍ സഹനം സുകൃതത്തിന്‍റെ വീഥിയാണെന്ന് സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുന്നു.

മനുഷ്യന്‍റെ അസ്തിത്വത്തിന് പ്രത്യേക വിലയോ അര്‍ത്ഥമോ പ്രാധാന്യമോ അതില്‍തന്നെയില്ല. അനശ്വരനായ ദൈവത്തിന്‍റെ മുന്‍പിലാണ് മനുഷ്യന്‍റെ നശ്വരതയുടെ ശക്തി വര്‍ദ്ധിക്കുന്നത്, ജീവിതത്തിന്‍റെ അസ്തിത്വത്തിന് അര്‍ത്ഥമുണ്ടാകുന്നത്. ദൈവത്തിന്‍റെ സമയം മനുഷ്യന്‍റേതില്‍നിന്ന് വിഭിന്നമാണ്. ദൈവം എന്നും ഉള്ളവനും, നിത്യം നിലനില്ക്കുന്നവനുമാണ്. എന്നാല്‍, മനുഷ്യനോ...? പൊടിയും ചാരവുമായി കടന്നുപോകുന്ന പാപപങ്കിലമായ സൃഷ്ടിയാണ്. മനുഷ്യന്‍റെ അല്പായുസ്സ് നിത്യതയുടെ മുമ്പില്‍ ഒന്നുമല്ല. അത് അദ്ധ്വാനവും നെടുവീര്‍പ്പും ദുരിതവും നിറഞ്ഞതാണ്. കൂടാതെ മനുഷ്യന്‍റെ സമ്പത്തും കൈവശാവകാശവും, പൊള്ളയും വ്യര്‍ത്ഥവും ശൂന്യവും വഞ്ചനാത്മകവുമാണ്. ഇവയെല്ലാം വെറും ചിന്തകളല്ല, തത്ത്വശാസ്ത്രജ്ഞന്‍റെ കിനാവുകളുമല്ല, മറിച്ച് മനുഷ്യന്‍റെ പച്ചയായ അനുഭവങ്ങള്‍ക്ക് സങ്കീര്‍ത്തകന്‍ ഭാഷയുടെ ഊടും പാവും കൊടുത്തതാണ് – സഹനസങ്കീര്‍ത്തനങ്ങള്‍,
ഈ കീര്‍ത്തനപദങ്ങള്‍!

മരണത്തിന്‍റെ നിഴല്‍ വീശിയ താഴ്വാരത്ത് ദൈവത്തിന്‍റെ രക്ഷാകരമായ വിശ്വസ്തതയെപ്പറ്റിയാണ് നീതിമാന്‍ ആരായുന്നത്. ഇസ്രായേലിന്‍റെ ദൈവം അവിടുത്തെ ദാസന്‍ നശിച്ചുപോകാന്‍ അനുവദിക്കുമോ? നീതിമാന്‍ തന്‍റെ ജീവിതഭാഗധേയങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ ഈ ചോദ്യത്തിന്‍റെ കയ്പും പാരുഷ്യവും വര്‍ദ്ധിക്കുന്നു. കാരണം, ജീവിതത്തില്‍നിന്ന് ദൈവത്തെ തൂത്തെറിഞ്ഞ ദുഷ്ടന്‍ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. അവന്‍റെ ജീവിതം അനുഗ്രഹവും സംതൃപ്തിയും നിറഞ്ഞതായി മാറുന്നു. എന്നാല്‍, നീതിമാന്‍ സഹനത്തിന്‍റെ കാസയില്‍നിന്നും കുടിക്കേണ്ടി വരുന്നു. അവന്‍ പാതാളത്തിന്‍റെ തലങ്ങളിലാണ് വസിക്കുന്നത്.
അയാള്‍ നിരസിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും രക്ഷയുടെ കവാടം അവനെതിരായി കൊട്ടി അടയ്ക്കപ്പെടുകയും ചെയ്യുന്നു. അവസാനം ദൈവസന്നിധിയില്‍ സാഫല്യമടയാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. ദൈവവുമായുള്ള സ്നേഹത്തിന്‍റെ കൂട്ടായ്മയില്‍ ദൈവൈക്യത്തില്‍ സ്വച്ഛന്ദം വിഹരിക്കാനാകുമെന്ന, ജീവിക്കാനാകുമെന്ന പ്രത്യാശയാല്‍ അവന്‍ വളരുന്നു. ദൈവസന്നിധിയിലായിരിക്കുന്നകയാണ് ജീവിത മഹത്വം എന്ന സത്യത്തിലേയ്ക്കും തിരിച്ചറിവിലേയ്ക്കും ബോധ്യത്തിലേയ്ക്കും സങ്കീര്‍ത്തകന്‍, മനുഷ്യന്‍ എത്തിച്ചേരുന്നു.

Musical Version of Psalm 16

മനതാരില്‍ ആഗ്രഹങ്ങള്‍ വിടരും പ്രതീക്ഷയെല്ലാം
തിരുമുന്‍പിലേയ്ക്കു നല്കാം കരുണാര്‍ദ്രനായ നാഥാ.

1. വചനം പകര്‍ന്നു നല്കീ താലന്തുമെന്നിലേകീ
ഇനി നിന്‍റെ പാദപീഠം മമജീവ ശാന്തിഗേഹം.
- മനതാരില്‍ ആഗ്രഹങ്ങള്‍...

2. സുകൃതം തരുന്ന വീഥീ സഹനം തരുന്ന മാര്‍ഗ്ഗം
തളരാതെ നീങ്ങുവാനായ് വരദാനമെന്നിലേകീ
- മനതാരില്‍ ആഗ്രഹങ്ങള്‍...


നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.








All the contents on this site are copyrighted ©.