2014-10-14 15:57:46

നീതിയുടെ തീവ്രവികാരങ്ങള്‍ (28)
വെളിപ്പെടുത്തുന്ന ശാപസങ്കീര്‍ത്തനങ്ങള്‍


RealAudioMP3
നീതിയുടെ സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കരണത്തെക്കുറിച്ചാണ്
നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ ശ്രവിച്ചത്. അവയെ ശാപസങ്കീര്‍ത്തനങ്ങളെന്നും വിളിക്കുന്നതായി നാം കണ്ടു. നീതിക്കായി കേഴുന്ന മനുഷ്യന്‍ ശത്രുക്കളുടെമേല്‍ ശാപവര്‍ഷങ്ങള്‍ നടത്തുന്നു.
തന്‍റെ ‘ശത്രുക്കളെ ദൈവം ശിക്ഷിക്കും,’ നശിപ്പിക്കും എന്നെല്ലാം ധ്വനിക്കുന്ന പ്രയോഗങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇവയെ ശാപസങ്കീര്‍ത്തനങ്ങള്‍ എന്നു വിളിക്കുന്നത്. എന്തു തന്നെയായിരുന്നാലും, അടിസ്ഥാനപരമായി ദൈവത്തിലുള്ള ആശ്രയം അല്ലെങ്കില്‍ ശരണമാണ് പദങ്ങളില്‍ വെളിപ്പെടുന്നത്. ദൈവത്തെ വിളിച്ചപേക്ഷിക്കുകയും, യാചിക്കുകയും, സ്തുതിക്കുകയും ശരണപ്പെടുകയുമാണ് സങ്കീര്‍ത്തകന്‍ നീതിയുടെ അല്ലെങ്കില്‍ ശാപസങ്കീര്‍ത്തനങ്ങളില്‍ ചെയ്യുന്നത്. ശ്രദ്ധിക്കുകയാണെങ്കില്‍
ഈ ശാപശൈലിയില്‍ ഒരു പ്രവാചകശബ്ദം, ധ്വനി ഒളിഞ്ഞിരിപ്പുണ്ടെന്നും നമുക്കു മനസ്സിലാക്കാം. രണ്ടാമതായി, ശത്രുക്കളെയും ദുഷ്ടന്മാരെയും ദൈവത്തിന്‍റെതന്നെ ശത്രുക്കളായിട്ടാണ് സങ്കീര്‍ത്തകന്‍ കണക്കാക്കുന്നത്. മറ്റൊന്ന് സങ്കീര്‍ത്തകന്‍, അല്ലെങ്കില്‍ ശാപവര്‍ഷം നടത്തുന്നവന്‍ നീതിമാന്‍റെ പ്രതിനിധിയും ദൈവത്തിന്‍റെ ദാസനുമായിട്ടാണ് സ്വയം മനസ്സിലാക്കുന്നതെന്നും വ്യക്തമാക്കുന്നു.

ഇന്ന് പഠനസഹായിയായിട്ട് ഉപയോഗിക്കുന്നത് 42-ാം സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരമാണ്. ബിനോയ് ചാക്കോ ആലപിച്ചിരിക്കുന്ന ഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഷാജിതോമസ്സാണ്. ഭീതിദനായ സങ്കീര്‍ത്തകന്‍ കര്‍ത്താവില്‍ ശരണപ്പെടുന്നു, ആശ്രയം തേടുന്നു.

Musical Version of Psalm 42
കരുണാമയനാം കര്‍ത്താവെന്നുടെ
തണലും തുണയും പരിചയുമേ
ആശ്രമയമരുളും ഗിരിനിരയില്‍
ആകുലമാകലും തിരുദയയില്‍
നീയാണെന്‍ ദൈവം -2
ഉന്നതനായാം യാവേ,
നിന്‍ സന്നിധി എന്നിഭയം

ശാപശൈലിയുടെ, നീതിയുടെ സങ്കീര്‍ത്തനങ്ങളുടെ മറ്റൊരു ലക്ഷൃം, ദുഷ്ടന്‍ മനസ്സുതിരിഞ്ഞ് ദൈവത്തെ അന്വേഷിക്കണമെന്നതാണ് (83, 16). ഇവയില്‍ ശത്രുക്കളെപ്പറ്റി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒട്ടുംതന്നെയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
അതുകൊണ്ട്, ശാപസങ്കീര്‍ത്തനങ്ങള്‍ ദുഷ്ടന്മാരെക്കുറിച്ചോ, ശത്രുക്കളെക്കുറിച്ചോ അല്ല, മറിച്ച് അവരുടെ ദുഷ്ടതരമായ, ദുഷ്ടതനിറഞ്ഞ പ്രവര്‍ത്തനങ്ങളെപ്പറ്റി മാത്രമാണ് സങ്കീര്‍ത്തകന്‍ വിവരിക്കുന്നത് (59, 1). അപ്പോള്‍, ഇവയെ വ്യക്തിക്കെതിരായ ശാപം എന്നതിനെക്കാള്‍, തിന്മയ്ക്കെതിരായ ശാപമായി കണക്കാക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ശത്രുക്കളുടെ ദുഷ്ടത വ്യക്തിയുടെ പ്രതികരണത്തിന്, അല്ലെങ്കില്‍ നമ്മുടെ പ്രതികരണശക്തിക്ക് അതീതമാണ്. സങ്കീര്‍ത്തകന് ഇത്രവലിയ ദുഷ്ടതയുടെ മുമ്പില്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് സാധിക്കുക. അങ്ങനെയുള്ള പ്രാര്‍ത്ഥനയില്‍ തീവ്രമായ വാക്കുകള്‍ കടന്നു കൂടുന്നത് സ്വാഭാവികമാണ്. ശത്രുക്കളെ പരാമര്‍ശിച്ച് സിംഹം, നായ, വേട്ടക്കാരന്‍, നുണയന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കപ്പെടുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. അതില്‍ കുറെ
അധിക്ഷേപവും ശകാരവും ഒളിഞ്ഞിരിപ്പുണ്ട് എന്നതും വിസ്മരിക്കാവുന്നതല്ല (35, 17).

ഇസ്രായേലിന്‍റെ അനുഭവങ്ങള്‍ അനുദിന ജീവിതത്തില്‍ ഒതുങ്ങി നില്ക്കുന്നതായതുകൊണ്ട്, ദൈവം ഈ ലോകത്തില്‍വച്ചു നീതിമാനു പ്രതിസമ്മാനവും ദുഷ്ടനു ശിക്ഷയും നല്കണമെന്ന ആശയം പദങ്ങളില്‍ പ്രതിധ്വനിക്കുന്നു. ഇങ്ങനെ, നീതിക്കുവേണ്ടിയുള്ള തീവ്രമായ അപേക്ഷയാണ് ശാപശൈലികളില്‍ നാം കാണുന്നത്. ഉദാഹരണത്തിന്, ‘പുല്ലുപോലെ അവര്‍ ചവിട്ടി മെതിക്കപ്പെടുകയും മാഞ്ഞുപോവുകയും ചെയ്യട്ടെ. നിശ്ചയമായും നീതിമാനു പ്രതിഫലമുണ്ട് തീര്‍ച്ചയായും ഭൂമിയില്‍ ന്യായം നടപ്പാക്കപ്പെടും, ദൈവമുണ്ട് എന്നു മനുഷ്യര്‍ പറയും,’ വസ്ത്രമെന്നതുപോലെ അവന്‍ ശാപമണിഞ്ഞു. അതു ജലംപോലെ അവന്‍റെ ശരീരത്തിലും എണ്ണപോലെ അവന്‍റെ അസ്ഥികളിലും കിനിഞ്ഞിറങ്ങട്ടെ. എനിക്കെതിരായി തിന്മ സംസാരിക്കുകയും എന്‍റെ മേല്‍ കുറ്റമാരോപിക്കുകയും ചെയ്യുന്നവര്‍ക്ക് കര്‍ത്താവില്‍നിന്നുള്ള പ്രതിഫലം ഇതായിരിക്കട്ടെ (109, 18). എന്നിങ്ങനെ (58-ാം സങ്കീര്‍ത്തനം,) ദുഷ്ടനെതിരായി സങ്കീര്‍ത്തകന്‍ ശാപവര്‍ഷം നടത്തുന്നു (58, 7..). ശാപശൈലികള്‍ പ്രതികാരത്തിനുവേണ്ടിയുള്ള ആക്രോശമല്ല, മറിച്ച് നീതിക്കുവേണ്ടിയുള്ള വികാരതീവ്രമായ നിലവിളിയാണ്. അത് മാന്‍പേട ജലത്തിനാഴി കേഴുന്നതുപോലെയാണ്. ഇന്നത്തെ മാതൃകാ സങ്കീര്‍ത്തനത്തിലും മനുഷ്യന്‍റെ അതിതീവ്രമായ ശരണപ്പെടലാണ് ചിത്രീകരിക്കപ്പെടുന്നത്.

Musical Version of Psalm 42
1. ഇളമാന്‍ പേടകള്‍ നീര്‍ച്ചാലുകളില്‍
ദാഹം തീര്‍ക്കാന്‍ അണയുംപോല്‍
നിന്‍ തിരുസവിധം ചേരാനായ്
എന്നാത്മാവു കൊതിക്കുന്നു
നീയാണെന്‍ ദൈവം
ഉന്നതനാം യാവേ നിന്‍
സന്നിധി എന്നഭയം
നീയാണെന്‍ ദൈവം.

രക്ഷാകര ചരിത്രത്തില്‍ ധാര്‍മ്മികതയുടെ മാനങ്ങളെ സംബന്ധിച്ചുണ്ടായിട്ടുള്ള വളര്‍ച്ചയും പരിണാമവും ശാപശൈലികള്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്നതാണ്. ഏഴെഴുപത്, അല്ലെങ്കില്‍ എഴുപത്തേഴിരട്ടി പ്രതികാര ശൈലിയില്‍നിന്ന് ഏറ്റവും കുറഞ്ഞ പ്രതികാര നിരക്കിലേയ്ക്കുള്ള പഴയനിയമ കാലഘട്ടത്തിലെ വളര്‍ച്ച ശ്രദ്ധേയമാണ്. (ഉല്‍പ. 4, 24, പുറ. 21, 23).
അതുപോലെ ‘ജീവിക്കുന്നവരുടെ പുസ്തകത്തില്‍നിന്ന് അവരെ മായിച്ചു കളയണമേ,’ എന്ന പ്രാര്‍ത്ഥനയെക്കാള്‍ വളര്‍ന്നതാണ്, ‘കര്‍ത്താവേ, കോപത്തോടെ എഴുന്നേല്‍ക്കണമേ.’ ‘എന്‍റെ ശത്രുക്കളുടെ ക്രോധത്തെ നേരിടാന്‍ എഴുന്നേല്‍ക്കണമേ.’ എന്ന അപേക്ഷ (69, 28). ഈ വളര്‍ച്ച അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തുന്നത് പുതിയ നിയമത്തില്‍ പുതിയ മോശ, ക്രിസ്തു നല്കിയ സ്നേഹത്തിന്‍റെ നിയമത്തിലാണ്, ശത്രുസ്നേഹത്തിന്‍റെ നിയമത്തിലാണ്. അപ്പോള്‍, സമൂഹവും ആചാരങ്ങളും അനുവദിച്ചിരുന്ന ഒന്നാണ് ശാപശൈലികള്‍. കൂടാതെ, ശാപശൈലിക്ക് ആരാധനാപരമായ പശ്ചാത്തലവും ഉണ്ടെന്ന് നാം മനസ്സിലാക്കിയിരിക്കണം. ദൈവത്തിന്‍റെ കാരുണ്യവും രക്ഷയും മനഃപൂര്‍വ്വം നിരസിക്കുന്നവര്‍ക്ക് എതിരായിട്ടാണ് ഇവിടെ ശാപശൈലികള്‍ കാണുന്നത്
(27, 14). യഹൂദരും ക്രൈസ്തവരും, എന്തിന് ഇന്നും നമ്മുടെ പ്രാര്‍ത്ഥനകളില്‍ ശാപസങ്കീര്‍ത്തനങ്ങള്‍ പ്രായോഗികമായിത്തന്നെ ധാരാളം ഉപയോഗിക്കുന്നണ്ട്.
അതിനുദാരണമാണ് ഇന്നത്തെ മാതൃകാ സങ്കീര്‍ത്തനം 42, പിന്നെ 24 എന്നിവ.
24-ലെ ഈരടി ഓര്‍മ്മയില്‍ വരികയാണ്.

Psalm 24, 25
എന്മേലെന്നുടെ ശത്രുക്കള്‍
വിജയംകൊണ്ടെന്നവകാശം
ഉച്ചരവത്തില്‍ ഉയര്‍ത്താനായ്
അല്പവും അങ്ങിടയാക്കരുതേ (2),
എന്നാത്മാവിനെ ഞാനങ്ങെ
സന്നിധിതന്നിലുയര്‍ത്തുന്നു
ലജ്ജിതനാകില്ല, അങ്ങില്‍ ഞാന്‍-
ശരണംവയ്പൂ കര്‍ത്താവേ.

ഫാദര്‍ ജോസഫ് മനക്കില്‍ ഗാനാവിഷ്ക്കാരം ചെയ്ത സങ്കീര്‍ത്തനം
ഈണം പകര്‍ന്നത് ജോബ്&ജോര്‍ജ്ജ് സംഗീത ജോഡികളാണ്.
ശാപസങ്കീര്‍ത്തനത്തിന്, നീതിയുടെ സങ്കീര്‍ത്തനത്തിന് നല്ല മാതൃകയുമാണ്.

മറ്റൊരു വസ്തുത ബൈബിള്‍ പണ്ഡിതന്മാര്‍ വെളിപ്പെടുത്തിത്തരുന്നത്, പുതിയ നിയമഗ്രന്ഥങ്ങളും ശാപശൈലിയുടെ പ്രയോഗങ്ങളില്‍നിന്നും തീര്‍ത്തും വിമുക്തമല്ല എന്നതാണ്. ഫലംതരാത്ത അത്തിമരത്തെ ക്രിസ്തു ശപിക്കുന്നതും, വിശ്വസിക്കാത്ത പട്ടണങ്ങള്‍ക്കും സമ്പന്നര്‍ക്കും ഫരീസേയര്‍ക്കും നിയമജ്ഞന്മാര്‍ക്കും, തന്നെ ഒറ്റിക്കൊടുക്കുന്നവര്‍ക്കും ശാപവും ദുരിതവും പ്രഖ്യാപിക്കുന്നത് ശ്രദ്ധേയമാണ് (മര്‍ക്കോ 11, 12..). എന്നാല്‍ ‘നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും, ശപിക്കപ്പെട്ടവരേ, നിങ്ങളെന്നില്‍ നിന്നകന്ന് പോകുവിന്‍....’ എന്ന ക്രിസ്തുവിന്‍റെ ശാപശരങ്ങളും പ്രത്യേകം ശ്രദ്ധേയമത്രേ (യോഹ. 8, 21). ഇവയെല്ലാം സൂചിപ്പിക്കുന്നത്, ഈ ജീവിതത്തില്‍ അടിസ്ഥാനപരമായി മനുഷ്യര്‍ ആഗ്രഹിക്കുന്ന നീതിയും സത്യവുമാണ് വെളിപ്പെടുത്തുന്നത്, വ്യക്തമാക്കുന്നത്. അതിനായി സകലനീതിയുടെയും സത്യംതന്നെയുമായി ദൈവത്തില്‍ മനുഷ്യന്‍ പ്രത്യാശയര്‍പ്പിക്കുന്നതും ശരണപ്പെടുന്നതുമാണ് നീതിയുടെ സങ്കീര്‍ത്തനങ്ങളുടെ, അല്ലെങ്കില്‍ ശാപസങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തില്‍നിന്നും നമുക്ക് വെളിപ്പെട്ടുകിട്ടുന്നത്.

Musical Version of Psalm 42
2. രാവും പകലും തിരുസന്നിധിയില്‍
അപദാനങ്ങള്‍ പാടീടും
കിന്നരവീണകള്‍ മീട്ടും ഞാന്‍
കീര്‍ത്തനവീണകള്‍ ഉയര്‍ത്തും ഞാന്‍
നീയാണെന്നഭയം
ഉന്നതനാം യാവേ നിന്‍
സന്നിധി എന്നഭയം
നീയാണെന്‍ ദൈവം


നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.








All the contents on this site are copyrighted ©.