2014-10-13 20:30:41

കാനഡക്കാരായ
വിശുദ്ധാന്മാക്കളുടെ ബഹുമാനാര്‍ത്ഥം
പാപ്പായുടെ കൃതജ്ഞതാബലിയര്‍പ്പണം


12 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കാനഡക്കാരായ രണ്ടു പുണ്യാത്മാക്കളെ സ്വാധികാരത്തിലും സഭയുടെ പാരമ്പര്യത്തിലും (EQUIPOLLENT OR EQUIVALENT CANONIZATION) വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തിയതിന് നന്ദിയായി പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ ദിവ്യബലിയര്‍പ്പിച്ചു. ഒക്ടോബര്‍ 12ാം തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10-മണിക്ക് വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ബസലിക്കയില്‍
സിനഡു പിതാക്കന്മാര്‍ക്കൊപ്പാണ് ഫ്രഞ്ച് സ്വദേശികളും കനാഡക്കാരുമായ ഫ്രാന്‍സിസ് ലവാല്‍, മരിയ ഗുയാ എന്നീ നവവിശുദ്ധരുടെ സ്മരണാര്‍ത്ഥം പാപ്പാ കൃതജ്ഞതാബലി അര്‍പ്പിച്ചത്. ക്യുബെക്ക് അതിരുപതയുടെയും മറ്റ് സമൂഹ്യ-രാഷ്ട്ര പ്രതിനിധികളുടെയും നിറഞ്ഞ കനേഡിയന്‍ സാന്നിദ്ധ്യം വത്തിക്കാനില്‍ ദൃശ്യമായിരുന്നു.

വിശുദ്ധപദപ്രഖാപനത്തിന് ആവശ്യമായ പതിവുള്ള അത്ഭുതവും അതിന്‍റെ സ്ഥിരീകരണ അന്വേഷണവും നടപടിക്രമങ്ങളും ഒഴിവാക്കിക്കൊണ്ട് പാപ്പാ സ്വാധികാരത്തില്‍ നിര്‍വ്വഹിക്കുന്ന വിശുദ്ധപദപ്രഖ്യാപനത്തെയാണ് തതുല്യ വിശുദ്ധപദപ്രഖ്യാപനം (EQUIVALENT CANONIZATION) എന്നു വിളിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന പുണ്യാത്മാക്കളുടെ ജീവിത വിശുദ്ധിക്ക് ജനങ്ങള്‍ അവരുടെ ജീവിതചുറ്റുപാടുകളില്‍ നല്കിയിട്ടുള്ളതും നല്കിപ്പോരുന്നതുമായ വണക്കവും അംഗീകരവും മാനിച്ചുകൊണ്ട് സഭാതലവനായ പാപ്പാ നിര്‍വ്വഹിക്കുന്ന സ്വാധികാര പ്രബോധനപ്രകാരമാണ് അപൂര്‍വ്വമായുള്ള തതുല്യ വിശുദ്ധപദപ്രഖ്യാപനം നടത്തപ്പെടുന്നത്. പ്രഖ്യാപനാനന്തരം പാപ്പാ കൃതജ്ഞതാ ബലിയര്‍പ്പിക്കുന്നതോടെ നവവിശുദ്ധര്‍ അള്‍ത്താര വണക്കത്തിനായി ഉയര്‍ത്തപ്പെടുകുയും വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടുകയും ചെയ്യുന്നു. ചരിത്രത്തിന്‍റെ ഗതകാലസ്മൃതിയില്‍ കെട്ടുപോയേക്കാവുന്ന വിശുദ്ധിയുടെ നറുമലരുകളാണ് പാപ്പാ ഫ്രാന്‍സിസ് സമകാലീന സഭയ്ക്ക് അനുകരണീയമായ മാതൃകകളായി തട്ടിയുണര്‍ത്തി നല്കുന്നത്.

15-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ച പുണ്യാത്മാക്കളാണ് തതുല്യ വിശുദ്ധപദ പ്രഖ്യാപനത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ഇത്തവണ അള്‍ത്താര വണക്കത്തിനായി ഉയര്‍ത്തിയത്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമ൯ 1980-ല്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച
ഫ്രാന്‍സിസ് ലവാല്‍ ഈശോസഭാംഗവും, മരിയ ഗുയാ ഊര്‍സലൈന്‍ സന്ന്യാസിനിയുമാണ്. ഫ്രെഞ്ചുകാരായ രണ്ടു പേരും മിഷണറിമാരായിട്ടാണ് കാനഡയില്‍ എത്തിയുതും സുവിശേഷവേല ചെയ്തതും.

1. ഫ്രാന്‍സിസ് ലവാല്‍
വാഴ്ത്തപ്പെട്ട ഫ്രാ൯സിസ് ലവാല്‍ 1632 ഏപ്രില്‍ 30-ന് ഫ്രാ൯സില്‍ ജനിച്ചു. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന ബാലന്‍, ലവാല്‍ ചെറുപ്രായത്തില്‍ത്തന്നെ പാവങ്ങളോടും അഗതികളോടും കരുണയുള്ളവനായിരുന്നു. 1647-ല്‍ 36-ാമത്തെ വയസ്സില്‍ വൈദികനായി. പിന്നീട് അദ്ദേഹം
1674 –ല്‍ ക്യുബെക്കിലെ പ്രഥമ കത്തോലിക്കാ മെത്രാനായി നിയമിതനായി. മിഷണറിയായി ജീവിക്കുവാ൯ എന്നും ആഗ്രഹിച്ചിരുന്നു. 1708 മെയ് 6-ന് 85-ാമത്തെ വയസ്സില്‍ അന്തരിച്ചു. ക്രിസ്തുവിന്‍റെ കാരുണ്യവും അജപാലന സ്നേഹവും ജീവിതത്തില്‍ പ്രതിഫലിപ്പിച്ച ലവാല്‍ സമകാലീകര്‍ക്ക് വിശുദ്ധനായിരുന്നു. പതറാത്ത സുവിശേഷവത്ക്കരണ ജോലികളും, പാവങ്ങലലോടുള്ള അതിരറ്റ സ്നേഹവുമാണ് ലവാലിന്‍റെ വിശുദ്ധിയുടെ രഹസ്യമെന്ന്, കാനഡ മാത്രമല്ല, വടക്കെ അമേരിക്കവരെ എത്തിയ പ്രേഷിതസമര്‍പ്പണം തെളിയിക്കുന്നു.

2. മരിയ ഗുയാ
ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ (INCARNATION) നാമത്തിലുള്ള സഭയിലെ അംഗമായ വാഴ്ത്തപ്പെട്ട മേരി കത്തോലിക്കാ മാതാപിതാക്കളായ ഫ്ലോറന്‍റ് ഗുയാ, ജെന്നാ മിക്കേലെറ്റ് ദമ്പതികളുടെ മകളായി 1599-ഒക്ടോബര്‍ 28-ന് ഫ്രാ൯സില്‍ ജനിച്ചു. വിവാഹിതയായ മേരി ഭര്‍ത്താവിന്‍റെ മരണശേഷമാണ് INCARNATION സഭയില്‍ അംഗമായി ചേര്‍ന്നന്നത്. കാനഡയിലെ ഫ്രഞ്ച് ഊര്‍സലൈ൯ കനേഡിയന്‍ യൂണിയന്‍റെ സ്ഥാപകയായി മാറി.
1672 ഏപ്രില്‍ 30-ന് കാനഡയിലെ ക്യുബെക്കില്‍ അന്തരിച്ചു. സമ്പൂര്‍ണ്ണ വ്രതാനുഷ്ഠാന ജീവിതത്തിലൂടെയും അഗതികള്‍ക്കായുള്ള സമര്‍പ്പണത്തിലൂടെയുമാണ് മേരി ഗുയാ വിശുദ്ധിയുടെ പടവുകള്‍ കയറിയതെന്ന് ജീവചരിത്രം വ്യക്തമാക്കുന്നു. ശ്രദ്ധേയമാകുന്ന ഗുയയുടെ രചനകളും കത്തുകളും ഇന്നും അനുവാചകര്‍ക്ക് ആഴമുള്ള ആത്മീയതയുടെ വഴി തുറക്കുന്നു.









All the contents on this site are copyrighted ©.