2014-10-08 19:40:38

സിനഡിന്‍റെ കൂട്ടായ്മ ആശ്ചര്യപ്പെടുത്തുന്നതെന്ന്
കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ്


8 ഒക്ടോബര്‍ 2014, വത്തിക്കാന്‍
സിനഡില്‍ പ്രകടമാകുന്ന കൂട്ടായ്മ, തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന്, ഭാരതത്തിലെ ദേശീയ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റ്, ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവിച്ചു.

സിനഡു സമ്മേളനത്തിന്‍റെ രണ്ടാം ദിനം - ചെവ്വാഴ്ച വൈകുന്നേരം വത്തിക്കാന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് സീറോ മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കുടുംബം എന്നത് ആര്‍ക്കും ഏതു സംസ്ക്കാരത്തിനും ഏതു മതവിഭാഗക്കാര്‍ക്കും പവിത്രവും സമൂഹത്തിന്‍റെ അടിസ്ഥാനവുമാണെന്നും, അങ്ങനെയുള്ള വിഷയം സമകാലീന കാഴ്ചപ്പാടില്‍ പഠിക്കുവാനും വിലയിരുത്തുവാനും സമ്മേളിക്കുന്ന ആഗോളസഭയുടെ ‘സിനഡാലിറ്റി’ – സഭകളുടെ സാഹോദര്യവും കൂട്ടായ്മയും – ഹൃദ്യവും ആശ്ചര്യവഹവുമാണെന്ന് തിരുവനന്തപുരം സീറോ മലങ്കര അതിരൂപതയുടെ മെത്രാപ്പോലീത്താ കൂടിയായ കര്‍ദ്ദിനാള്‍ ക്ലീമിസ് അഭിമുഖത്തില്‍ പങ്കുവച്ചു.

കുടുംബങ്ങളെക്കുറിച്ച് തുറന്നു പറയാതിരിക്കേണ്ടതായി ഒന്നും ഉണ്ടാകരുതെന്നും, തുറവോടും എളിമയോടുംകൂടെ ലോകത്തിന്‍റെയും, അതിലെ കുടുംബങ്ങളുടെയും തന്മയ്ക്കായി സിനഡു കൂട്ടായ്മയില്‍ ഏവരും സജീവമായി പങ്കെടുക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ലാളിത്യമാര്‍ന്ന ശൈലിയില്‍ അഭ്യര്‍ത്ഥിച്ചത് തന്നെ ഏറെ സ്പര്‍ശിച്ചുവെന്ന് കര്‍ദ്ദിനാള്‍ ക്രീമിസ് അഭിപ്രായപ്പെട്ടു. ക്രിസ്തുവിലുള്ള ഐക്യവും ഐക്യദാര്‍ഢ്യവും സിനഡുകൂട്ടായ്മയിലെ പങ്കാളിത്തത്തിലൂടെ പ്രകടമാക്കണമെന്ന് സിനഡിന്‍റെ അമുഖപ്രഭാഷണത്തില്‍ പ്രസ്താവിച്ചത് പ്രചോദനാത്മകമായിരുന്നെന്ന് കേരളത്തിലെ കത്തോലക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് ചൂണ്ടിക്കാട്ടി.

സിനഡു കഴിഞ്ഞുവരുന്ന തിങ്കളാഴ്ച, ഒക്ടോബര്‍ 20-ന് ശാലോം ഇന്‍റര്‍നാഷണലിന്‍റെ റോമിലെ സ്റ്റുഡിയോ ഉത്ഘോടന കര്‍മ്മത്തില്‍ കര്‍ദ്ദിനാള്‍ അദ്ധ്യക്ഷത വഹിക്കും.








All the contents on this site are copyrighted ©.