2014-10-06 18:33:00

തിരസ്ക്കരണ സംസ്കാരമല്ല
സാകല്യ സംസ്ക്കാരം വളര്‍ത്തണം


6 ഒക്ടോബര്‍ 2014, വത്തിക്കാന്‍
അനങ്ങാതിരുന്ന് രോഗാതുരരാകുന്നതിലും ഭേദം തെരുവിലിറങ്ങി മുറിപ്പെടുന്നതാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ഒക്ടോബര്‍ 6-ാം തിയതി തിങ്കളാഴ്ച അമേരിക്കയിലെ വടക്കെ കരൊളീനയില്‍ സമ്മേളിച്ച സഭയുടെ ഉപവിപ്രവര്‍ത്തന സംഘടന, കാരിത്താസിന്‍റെ സമ്മേളനത്തെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സുവിഷേശസന്തോഷം നിറഞ്ഞവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നും, അത് അപരനിലേയ്ക്ക്, വിശിഷ്യ എളിയവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന നവമായ ജീവിതപാതയാണെന്ന്, ആദിമ ക്രൈസ്തവരുടെ ജീവിതമാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി.

തിരക്കിട്ട യാത്രയ്ക്കിടയില്‍ മുറിപ്പെട്ട സഹോദരനെ സഹായിക്കാന്‍ ഇറങ്ങിച്ചെന്ന സമറിയക്കാരനെപ്പോലെയും, മുറിപ്പെട്ടവനുവേണ്ടി തന്‍റെ ഭവനത്തിന്‍റെ വാതില്‍ തുറന്നുകൊടുത്ത സത്രക്കാരനെപ്പോലെയും ആവണം ഓരോ ക്രൈസ്തവനും, ഓരോ കാരിത്താസ് പ്രവര്‍ത്തുകനുമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

തെറുവിലിറങ്ങി അഴുക്കുപുരളുകയോ, വേദനിക്കുകയോ, അപകടത്തില്‍പ്പെടുകയോ ചെയ്യുന്ന സഭയെയാണ്, നിയമത്തിന്‍റെയും അച്ചടക്കത്തിന്‍റെയും പേരുപറഞ്ഞ് സുരക്ഷതത്വത്തിലേയ്ക്ക് വലിയുന്ന സ്വാര്‍ത്ഥമായ സമൂഹത്തെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നതെന്ന അടിസ്ഥാന വീക്ഷണം പാപ്പാ സന്ദേശത്തില്‍ ആവര്‍ത്തിച്ചു.

തിരസ്ക്കരണത്തിന്‍റെ സംസ്ക്കാരം വളര്‍ന്നുവരുന്ന ലോകത്ത്, തിരസ്കൃതരെ ക്ഷണിക്കുവാനും, സ്വീകരിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്നും, തിരസ്ക്കരണത്തിനു പകരം സകലരെയും ഉള്‍ക്കൊള്ളുന്ന അല്ലെങ്കില്‍ ആശ്ലേഷിക്കുന്ന (inclusive culture), വിശിഷ്യ പാവങ്ങളെ സ്വീകരിക്കുകയും തുണയ്ക്കുകയും ചെയ്യുന്ന കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്തേണ്ടത് ക്രൈസ്തവരുടെയും കാരിത്താസ് പ്രസ്ഥാനത്തിന്‍റെയും അടിസ്ഥാന ലക്ഷൃവും സ്വഭാവവുമാണെന്ന് പാപ്പാ വ്യക്തമാക്കി








All the contents on this site are copyrighted ©.