2014-10-04 20:32:17

പരസ്പരം തിരുത്തുക
മലങ്കര – ശ്ലീബായ്ക്കുശേഷം മൂന്നാം വാരം


RealAudioMP3
വി. മത്തായി 18, 15-20 ശ്ലീബായ്ക്കുശേഷം മൂന്നാംവാരം പരസ്പരം തിരുത്തുക

നിന്‍റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്‍റെ വാക്കു കേള്‍ക്കുന്നില്ലെങ്കില്‍ നീ നിന്‍റെ സഹോദരനെ നേടിക്കഴിഞ്ഞു. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക, സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും, ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു. ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടയിരിക്കും.

ജര്‍മ്മനിയിലെ നാസ്സികള്‍, മഹാശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്‍റെ വളര്‍ച്ചയില്‍ അസൂയാലുക്കളായിരുന്നു. ഐന്‍സ്റ്റീനുമായി അവര്‍ നടത്തിയ ബൗദ്ധിക യുദ്ധത്തിന്‍റെ ബാക്കി പത്രമാണ് അവര്‍ പ്രസിദ്ധീകരിച്ച ഐന്‍സ്റ്റീനെതിരെ നൂറുകത്തുകള്‍, എന്ന ഗ്രന്ഥം. അതേക്കുറിച്ചറിഞ്ഞ ഐന്‍സ്റ്റീന്‍റെ കമന്‍റ് ശ്രദ്ധേയമാണ്.

‘എന്തിന് നൂറുപേര്‍ വിഷമിക്കണം.. എനിക്കു തെറ്റു പറ്റിയെങ്കില്‍ അതു സമ്മതിക്കുവാന്‍ ഒരാള്‍ പറയുന്നതുതന്നെ ധാരാളമാണ്.
സഭയില്‍ ഒരാളുടെ തെറ്റ് തിരുത്തേണ്ട വിധത്തെക്കുറിച്ചാണ് ക്രിസ്തു ഇന്നു നമ്മെ പഠിപ്പിക്കുന്നത്.

മത്തായിയുടെ സുവിശേഷത്തില്‍ കാണുന്ന നാലാമത്തെ വലിയ പ്രഭാഷണമാണ് സഭയെ സംബന്ധിക്കുന്ന പ്രഭാഷണം Ecclesiatical Discourses. സഭാ നേതൃത്വമാണ് ഇവിടെ സൂചിപ്പിക്കുന്ന ശിഷ്യന്മാര്‍, പാപ്പാ, മെത്രാന്‍, വൈദികന്‍, സുപ്പീരിയേഴ്സ് തുടങ്ങിയവരെയാണ് നേതൃത്വം എന്നതുകൊണ്ട് ഇന്ന് അര്‍ത്ഥമാക്കുന്നത്.
ദൈവരാജ്യത്തിലെ അംഗങ്ങളെയാണ് നാം. അങ്ങനെയുള്ളവര്‍ സഹോദരന്‍റെയോ, സഹോദരിയുടെയോ തെറ്റ് അല്ലെങ്കില്‍ തിന്മ എങ്ങനെയാണ് തിരുത്തേണ്ടത്? പിതാവിന്‍റെ പരിഗണനയോടും നശിച്ചു പോകരുതല്ലോ, എന്ന കരുതലോടുംകൂടി വേണം അങ്ങനെ ചെയ്യാന്‍.
മറിച്ച്, ങ്ഹ്... ഞാനിന്നു നിന്നെ പാഠം പഠിപ്പിക്കുമെടാ... ! എന്ന ചിന്തയല്ല നമുക്കു വേണ്ടത്. തെറ്റിപ്പോകുവാനും, മറ്റുള്ളവരെ തെറ്റിലേയ്ക്കു നയിക്കുവാനും സാദ്ധ്യതയുണ്ട്, എന്ന് അറിയുന്ന പക്ഷം
ആ വ്യക്തിയും നമ്മളും മാത്രമായിരിക്കുമ്പോള്‍ സ്നേഹമസൃണമായി തിരുത്താന്‍ ശ്രമിക്കുക (ലേവ്യ 19, 17).

തെറ്റില്‍ തുടരാന്‍ തന്നെയാണു ഭാവമെങ്കില്‍ രണ്ടുപേരുടെ സാന്നിധ്യത്തില്‍ തിരുത്താന്‍ ശ്രമിക്കുക.. രണ്ടുപേരുടെ സാക്ഷൃം വിചാരണയ്ക്കു ആവശ്യമുള്ളതുകൊണ്ടല്ല അത്. മറിച്ച് നാം ആ വ്യക്തിയോടു പറയുന്ന കാര്യം സത്യമാണെന്നു ബോധ്യപ്പെടുത്തുവാനും, അവരുംകൂടി അയാളുടെ തെറ്റ് എന്തെന്നു ചൂണ്ടിക്കാണിക്കുവാനുമാണ്.

എന്നിട്ടും ഫലമില്ലെങ്കിലോ.... സഭയോടു പറയുക. ദൈവരാജ്യത്തിലെ അംഗങ്ങളുടെ കൂട്ടായ്മയാണ് ഈ സഭ. ലക്ഷൃം എന്താണ്? വഴിതെറ്റിപ്പോയതിനെ തിരിച്ചുകൊണ്ടു വരിക, അപമാനിക്കാനല്ല. ഗ്രാമസഭപോലെയുള്ള കൂട്ടായ്മയായിരിക്കാം പശ്ചാത്തലം. സഭയെയും അനുസരിക്കാന്‍ തയ്യാറല്ലാത്തവന്‍ സഭയ്ക്കു പുറത്തു നില്‍ക്കട്ടെ.

ദൈവരാജ്യത്തിന്‍റെ താക്കോല്‍ കിട്ടിയ സഭയുടെ പ്രവര്‍ത്തനമാണ് ഈ സൂചിപ്പിച്ചത്. ഇങ്ങനെയാണ് താക്കോല്‍ ഉപയോഗിക്കേണ്ടത്. പത്രോസിനു കൊടുത്ത അധികാരം ഇവിടെ എല്ലാ സഭാംഗങ്ങള്‍ക്കും കൊടുത്തിരിക്കുന്നു.

ഇങ്ങനെ നീണ്ട പ്രക്രിയയിലൂടെ എടുക്കുന്ന ശിക്ഷണപരമായ നടപടിക്ക് ദൈവത്തിന്‍റെ അംഗീകാരമുണ്ടെന്നാണ് സുവിശേഷം സമര്‍ത്ഥിക്കുന്നത്. അങ്ങനെ ക്രിസ്തു ശിഷ്യന്മാര്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. എന്നാല്‍ ഊന്നല്‍ കൊടുത്തിരിക്കുന്നതു ശ്രദ്ധേയമാണ്, എന്തിനാണ് ---- ശിക്ഷണ നടപടികള്‍ക്കല്ല, നഷ്ടപ്പെട്ടതിനെ തേടിക്കണ്ടെത്തി തരികെ കൊണ്ടുവരുന്ന സദ്വാര്‍ത്തയ്ക്കാണ്.

ഇങ്ങനെയൊരു കഥ കേട്ടിട്ടുണ്ട്. ഒരിക്കല്‍ ദൈവം മാലാഖമാരെ വിളിച്ചു ചോദിച്ചത്രേ. ഭൂമിയില്‍ ക്ഷമിക്കാന്‍ കഴിയുന്ന ജീവി ഏതാണ്?
അത് മനുഷ്യനാണ്. മാലാഖമാര്‍ മറുപടി പറഞ്ഞു. പിന്നെയും ദൈവം ചോദിച്ചു. ക്ഷമിക്കാന്‍ കഴിവില്ലാത്ത ജീവി എതായിരിക്കും? മാലാഖമാര്‍ ഒത്തുകൂടി, ചൂഴ്ന്ന് ആലോചിച്ചിട്ടും, പിടുത്തം കിട്ടിയില്ല. അവര്‍ ദൈവത്തോടുതന്നെ ചോദിച്ചു. ദൈവമേ, ക്ഷമിക്കുവാന്‍ കഴിവില്ലാത്ത ജീവി ഏതായിരിക്കും? ദൈവം ഉത്തരം നല്കി. അതും മനുഷ്യന്‍ തന്നെയാണ്!

ക്ഷമയുടെയും പരസ്പരം തെറ്റുകള്‍ തിരുത്തുന്നതിന്‍റെയും ആവശ്യകതയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തില്‍ ക്രിസ്തു നമ്മെ അനുസ്മരിപ്പിക്കുന്നത്. മുറിവേല്പിക്കപ്പെട്ടവര്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം? എന്നാണ് അവിടുന്നു നമ്മെ പഠിപ്പിക്കുന്നത്.
എന്‍റെ വ്രണിതാനുഭവങ്ങള്‍ക്ക് അതേ അളവില്‍, സ്വര്‍ണ്ണം തൂക്കുന്ന തുലാസില്‍ തൂക്കി ഞാന്‍ മറുപടി നല്കുന്നു. ബൈബിളിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, മൃതനേക്കാള്‍ മരിച്ച അവസ്ഥയാണിത്. വിശുദ്ധ റീത്തായുടെ ജീവിതം ഇവടെ പാഠവും പ്രസക്തവുണ്. റീത്തായുടെ ഭര്‍ത്താവ് ക്രൂരമായി കൊല്ലപ്പെട്ടു. സംസ്ക്കരിച്ചശേഷം സിമിത്തേരിയില്‍നിന്നു ദുഃഖത്തോടെ പുറത്തേയ്ക്കു വരുന്ന അമ്മയെ ആശ്വസിപ്പിക്കുന്ന രണ്ടു കുരുന്നുകള്‍, റീത്തയുടെ ആണ്‍മക്കള്‍ പറഞ്ഞത്. അമ്മേ, കരയരുത്, ഞങ്ങള‍ വലുതായിക്കോട്ടെ. ഇതിനൊക്കെ പ്രതികാരം ഞങ്ങള്‍ ചെയ്തുകൊള്ളാം. മക്കളുടെ ആശ്വാസവാക്കുകള്‍ കേട്ട് റീത്ത് അവിടെ മുട്ടിന്മേല്‍ വീണു പ്രാര്‍ത്ഥിച്ചത്രേ.... ദൈവമേ, എന്‍റെയീ കുഞ്ഞുങ്ങളെ പകയില്‍നിന്നു മുക്തരാക്കി വളര്‍ത്താന്‍ എനിക്കായില്ലെങ്കില്‍ അങ്ങ് അവരുടെ ആയുസ്സ് ഓടുക്കിക്കൊള്ളുക......
രണ്ടു കുഞ്ഞുങ്ങളും രോഗബാധിതരായി മരണമടഞ്ഞു, ചരിത്രമാണിത്.
ഒരമ്മയും ഈ വിധം ക്രുരയായിക്കൂടാ... എന്നാണ് ബാല്യത്തില്‍ ഇതുവായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്. പക്ഷേ, ഇന്നു കുറെക്കൂടി വെളിച്ചം ലഭിക്കുമ്പോള്‍ മനസ്സിലാകുന്നു, ഉള്ളില്‍ പക സൂക്ഷിക്കുന്നതിന്‍റെ അര്‍ത്ഥം മൃതനെക്കാള്‍ മൃതിയില്‍ ജീവിക്കുക എന്നാണെന്ന്. ഘടികാരങ്ങള്‍ സ്പന്ദിക്കുന്നതു സ്നേഹിക്കുന്നവര്‍ക്കുവേണ്ടി മാത്രം.

പ്രതികാരത്തില്‍ ഇര മുറിവേല്പിച്ചവന്‍ ആകണമെന്നില്ല... പകരം ഇരയെ കണ്ടെത്തുന്ന അവസ്ഥയുണ്ടിവിടെ. മുറിവേല്പിച്ച വ്യക്തിയെയല്ല, മുറിപ്പെടുത്തുക. പകരം നിസ്സാഹയനായ മൂന്നാമതൊരു വ്യക്തിയെയാവാം. എന്‍റെ വ്രണിതാനുഭങ്ങള്‍ എന്‍റെ സ്വഭാവങ്ങളെയും നിലപാടുകളെയും നെഗറ്റീവായി സ്വാധീനിക്കുമ്പോള്‍, പകരം ഇരയെ കണ്ടെത്തുകയാണു ഞാന്‍.
അങ്ങനെ ഞാന്‍ സമൂഹത്തിനുതന്നെ ഭാരമാകുന്നു.
ഭീകരവാദത്തിന്‍റെ നവമായ ക്രൂരമുഖം മദ്ധ്യപൂര്‍വ്വദേശത്തു മാത്രമല്ല, ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും അനുഭവവേദ്യമാകുന്ന കാലഘട്ടമാണിത്.
വിവിധകാരണങ്ങളാല്‍ സമൂഹത്തില്‍ പ്രതികാരത്തിന്‍റെ വ്യഥപേറുന്ന എത്രയോ പേരാണ് പകരം ഇരയെത്തേടി തീവ്രവാദത്തിന്‍റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും മുഖംമൂടി അണിയുന്നത്. മുസ്ലിം മതമൗലികവാദ പ്രസ്താനമെന്നെല്ലാം ഇന്നു നാം പറയുമ്പോള്‍, അതിന്‍റെ പിന്നില്‍ പ്രതികാരത്തിന്‍റെ പകരം ഇര തേടുന്നവരായ ഇതര ഭാഷക്കാരും, സംസ്ക്കാരക്കാരും ഐഎസ്ഐഎസ്സിലൊക്കൊ ഓടിയെത്തുന്നുണ്ട് എന്ന് മനസ്സിലാക്കണം.

ഇനി നാം ഉദാത്തീകരണത്തിന്‍റെ മനോഹരമായ തലം നോക്കുകയാണെങ്കില്‍, എനിക്കു ലഭിച്ച ദുഃഖാനുഭവങ്ങള്‍ എന്‍റെ നിലപാടുകളെ നെഗറ്റീവ്, വിപരീതാത്മകമാക്കുന്നില്ല. അതേ സമയം എനിക്കൊരു ശാഠ്യമുണ്ട്. സമാനമായ അനുഭവങ്ങള്‍ ഞാനാര്‍ക്കും സമ്മാനിക്കില്ല, എന്ന്. ഇത് ക്രിസ്തീയമാണ്. ഇത് ക്രിസ്തു പകര്‍ന്നു നല്കുന്ന ശത്രുസ്നേഹമാണ്.
ശത്രുവിനെ സ്നേഹിക്കുന്ന, സഹോദരനോട് അളവില്ലാതെ ക്ഷമിക്കുന്ന, പകരം വീട്ടാത്ത ഈ സ്നേഹശാഠ്യം നാം കേട്ടിട്ടുള്ള മുത്തശ്ശിക്കഥയ്ക്കു സദൃശ്യമാണെന്നു തോന്നിയേക്കാമെങ്കിലും, ഇത് ക്രിസ്തീയ മൂല്യമാണ്. സുവിശേഷമൂല്യമാണ്.
ജീവിതത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്ന മുറിവുകളെ സൗഖ്യപ്പെടുത്താനുള്ള ഏറ്റവും നല്ല മാധ്യമം ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു നമുക്ക് പകര്‍ന്നു നല്കുന്ന സാഹോദര്യത്തിലുള്ള തെറ്റുതിരുത്തിലിന്‍റെയും, ക്ഷമിക്കുന്ന സ്നേഹത്തിന്‍റെയും ഉദാത്തീകരണമാണ്.

മറ്റൊരാളുടെ വ്രണിതാനുഭവമോ, നല്ല വാക്കുകളോ ഒന്നും ആരെയും സൗഖ്യപ്പെടുത്തണമെന്നില്ല. എന്നാല്‍ ക്രിസ്തുവിന് സാധിക്കും. കാരണം മനുഷ്യന്‍ കടന്നുപോകേണ്ടി വരുന്ന എല്ലാ ദുരന്താനുഭവങ്ങളുടെയും
ആഴം അവിടുന്നു കണ്ടുകഴിഞ്ഞു. അതിനാല്‍ അവിടുത്തേയ്ക്കു നമ്മുടെ മുറിവുകളെ സുഖപ്പെടുത്താനാകും. ആണിപ്പാടുകളുടെ പഞ്ചക്ഷതമുള്ളവന് മനുഷ്യന്‍റെ മുറിവുണക്കാനാകും. അവിടുന്നു തരുന്ന ക്ഷമയുടെയും ശത്രുസ്നേഹത്തിന്‍റെയും പാഠം തന്നെയാണ് അതിനുള്ള മാര്‍ഗ്ഗം –
ക്ഷമിക്കുക, പരസ്പരം തിരുത്തുക. അന്വേന്യം തുണയ്ക്കുക.








All the contents on this site are copyrighted ©.