2014-10-03 09:42:55

ഇന്നിന്‍റെ സാമൂഹ്യമേഖലയില്‍
നവമായ സുവിശേഷപാത തുറക്കണം


3 ഒക്ടോബര്‍ 2014, വത്തിക്കാന്‍
സാമൂഹ്യമേഖലയില്‍ സഭ സുവിശേഷത്തിന്‍റെ നവമായപാത തുറക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ
സമ്പൂര്‍ണ്ണ സമ്മേളനത്തെ ഒക്ടോബര്‍ 2-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ആഗോളവത്ക്കരണവും രാഷ്ട്രീയ മതമൗലികവാദവും വളര്‍ത്തുന്ന നവവും നിഷേധാത്മകവുമായ സങ്കുചിതചിന്താഗതിയുടെ ഫലമായി ബഹുഭൂരിപക്ഷം വരുന്ന സാധാനജനങ്ങള്‍ പുറംതള്ളപ്പെടുന്ന സാമൂഹിക സാമ്പത്തിക സംസ്ക്കാരമാണ് ലോകത്ത് വളര്‍ന്നുവരുന്നതെന്നും,
ആരോഗ്യം-വിദ്യാഭ്യാസം-തൊഴില്‍ എന്നീ അടിസ്ഥാന മേഖലകളില്‍പ്പോലും സാധാരണജനങ്ങള്‍ വിവേചിക്കപ്പെടുകയും മാറ്റിനിറുത്തപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

സകലരെയും ആശ്ലേഷിക്കുന്ന സമാധാനവും നന്മയും ഇന്ന് ലോകത്ത് വളരണമെങ്കില്‍ സത്യത്തില്‍ അധിഷ്ഠിതമായ സ്നേഹം വളരത്തക്കവിധത്തില്‍ സാമൂഹ്യ രാഷ്ട്രീയ മത സംവിധാനങ്ങള്‍ അടിയന്തിരമായി ഉണരണമെന്ന് പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

ആഗോളവത്ക്കരണത്തില്‍ ഏറെ നന്മയുള്ളതുപോലെ തന്നെ, തിന്മയും ഒളിഞ്ഞിരിപ്പുണ്ടെന്നും, രാഷ്ട്രങ്ങള്‍ക്കും വന്‍ പ്രസ്ഥാനങ്ങള്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നതോടൊപ്പം, നവമായ അസമത്വവും ദാരിദ്ര്യമേഖലയും സമൂഹത്തില്‍ വളര്‍ത്തുന്നുണ്ടെന്നും പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

സമകാലീന ലോകത്തെ കാര്‍ന്നു തിന്നു പ്രശ്നമാണ് പാരിസ്ഥിതീക വിനാശമെങ്കിലും, ജീവന്‍റെ മേഖലയില്‍ വളര്‍ന്നുവരുന്ന ധാര്‍മ്മിക അധഃപതനവും മരണസംസ്ക്കാരവും ശ്രദ്ധയോടെ സഭ പരിഗണിക്കേണ്ട ഭീതിദമായ അവസ്ഥയാണെന്നും പാപ്പാ സമ്മേളനത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.