2014-09-29 20:16:32

ഓക്ടോബര്‍ അഞ്ചാം തിയതി
കുടുംബങ്ങള്‍ക്കായുള്ള
പ്രത്യേക സിനഡ് ആരംഭിക്കും


29 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ 28-ാം തിയതി ഞായറാഴ്ച വത്തിക്കനില്‍ സംഗമിച്ച പ്രായപൂര്‍ത്തിയായവര്‍ക്ക് ഒപ്പമുള്ള ആഘോഷങ്ങള്‍ പൂര്‍ത്തീകരിക്കുംമുന്‍പ്, എല്ലാ തീര്‍ത്ഥാടകരെയും, വിശിഷ്യാ ‘ജീവിതത്തിന്‍റെ സായംപ്രഭ’ (Grace of Oldage and long life) എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ പ്രത്യേകമായി പാപ്പാ അഭിവാദ്യംചെയ്തു. വിവിധ രാജ്യങ്ങളില്‍നിന്നും 40,000-ല്‍പ്പരം പേര്‍ സമ്മേളിച്ചതിന് പ്രത്യേകം നന്ദിയര്‍പ്പിക്കകയും ചെയ്തു.
ത്രികാലപ്രാര്‍ത്ഥനയ്ക്കു മുന്‍പു നല്കിയ സന്ദേശങ്ങള്‍ ചുവടെചേര്‍ക്കുന്നു.

ശനിയാഴ്ച, സെപ്തംബര്‍ 27-ാം തിയതി Opus Dei പ്രസ്ഥാനത്തിന്‍റെ ആദ്യകാലപ്രവര്‍ത്തകനും, സഭയിലെ മെത്രാനുമായിരുന്ന ധന്യനായ അല്‍വീരോ പോര്‍ത്തീലോയെ സ്പെയിനിലെ മാഡ്രിഡില്‍വച്ച് സഭ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തിയ കാര്യം പാപ്പാ വിശ്വാസ സമൂഹത്തെ അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ ധീരമായ അജപാലന നേതൃത്വവും ശുശ്രൂഷയും ഇന്നും ധാരാളംപേര്‍ക്ക് ക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടും വിശ്വസ്തമായി ജീവിക്കുവാനുള്ള പ്രചോദനമാവട്ടെ, എന്ന് ആശംസിച്ചു.
അടുത്ത ഞായറാഴ്ച, ഒക്ടോബര്‍ 5-ാം തിയതി കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡുസമ്മേളനം ആരംഭിക്കുകയാണ്. ഈ നിയോഗം പ്രത്യേകമായി റോമിന്‍റെ രക്ഷികയായ പരിശുദ്ധ കന്യകാനാഥയ്ക്കു സമര്‍പ്പിച്ചു.

‘വിശ്വാസം പാടിപ്രഘോഷിക്കുവാന്‍,’ Singing the Faith എന്ന പേരില്‍ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന റോമാരൂപതയുടെ ഗായകസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇന്നത്തെ ആരാധാനക്രമ പരിപാടികള്‍ക്ക് സിസ്റ്റൈന്‍ ഗായക സംഘത്തോടുചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ചതിന് പ്രത്യേകം നന്ദിയര്‍പ്പിക്കുന്നു. അഭിനന്ദനങ്ങള്‍ നേരുന്നു!

ലോകത്തുള്ള പ്രായമായവര്‍ക്ക്, വിശിഷ്യ അപകടകരവും ക്ലേശകരവുമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന വയോജനങ്ങള്‍ക്ക് ദൈവമാതാവിന്‍റെ സംരക്ഷണം ഉണ്ടാകുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണം, എന്ന് അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലി. ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കിയതോടെയാണ് തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചത്.









All the contents on this site are copyrighted ©.