2014-09-24 18:18:16

മനുഷ്യയാതനയോടുള്ള നിസംഗത
ക്രിസ്തുവില്‍നിന്നും അകലാനുള്ള പ്രവണത


24 സെപ്തംബര്‍ 2014, വത്തിക്കാന്‍
മനുഷ്യാന്തസ്സിന്‍റെ ലംഘനം ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ മുറിപ്പാടാണെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു.

സെപ്തംബര്‍ 23-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ പ്രകാശനംചെയ്ത പാപ്പാ ഫ്രാന്‍സിസിന്‍റെ 2015-ലെ പ്രവാസിദിന സന്ദേശത്തെക്കുറിച്ചു നല്കിയ വ്യാഖ്യാനത്തിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ജീവരാക്ഷാര്‍ത്ഥവും, പച്ചയായ പുല്‍പ്പുറങ്ങള്‍ തേയിടുമുള്ള മനുഷ്യപ്രവാഹത്തില്‍ പീഡിതരുടെയും ചൂഷിതരുടെയും എണ്ണം ഇന്ന് ഏറിനില്ക്കുമ്പോള്‍, ലക്ഷൃങ്ങളില്‍ എത്തിച്ചേരും മുന്‍പേ ആരോരും അറിയാതെ കടലിന്‍റെ അഗാധങ്ങളിലും, മണലാരണ്യങ്ങളുടെ മദ്ധ്യത്തിലും ജീവന്‍ പൊലിയുന്നവര്‍ നിരവധിയാണെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.

ഈ മനുഷ്യയാതനയോട് നാം ഇടപഴകിപ്പോകുന്നു എന്നാരോപണമല്ല,
മറിച്ച് ക്രിസ്തുവിന്‍റെ മുറിപ്പാടില്‍നിന്നും അകന്നു ജീവിക്കാനുള്ള പ്രവണതയാണ് ഇന്ന് കൂടുതലായി കാണുന്നതെന്നും, അത് ക്രിസ്തീയമല്ലെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു.

2015 ജനുവരി 18-ന് ലോകവ്യാപകമായി ആചരിക്കപ്പെടുന്ന പ്രവാസിദിനത്തിനായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം വത്തിക്കാനില്‍ പ്രകാശനംചെയ്ത ചടങ്ങില്‍ പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ അന്തോണിയോ വേല്യോ, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി എന്നിവരും സന്നിഹിതനായിരുന്നു.








All the contents on this site are copyrighted ©.