2014-09-23 18:00:16

ദൈവത്തിന്‍റെ രക്ഷാകരമായ കരങ്ങള്‍
കണ്ടെത്തുന്ന യാചനാഗീതങ്ങള്‍ (25)


യാചനാ-സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കരണം, എന്ന ചിന്ത ഇക്കുറിയും തുടരുകയാണ്. മനുഷ്യജീവിതത്തില്‍ യാവേ, ദൈവം ഇടപെടുന്നു. അവിടുത്തെ ശക്തി പ്രകടമാക്കുന്നു. അവിടുന്ന് രക്ഷ പ്രദാനംചെയ്യുന്നു, ശത്രുക്കളെ തോല്പിക്കുന്നു, എന്നെല്ലാം വിലപിക്കുകയും വിവരിക്കുകയുംചെയ്യുന്ന സമൂഹത്തിന്‍റെ ആഗ്രഹവും പ്രതീക്ഷയും യാചനാ സങ്കീര്‍ത്തനത്തിന്‍റെ സ്വഭാവവും ഭാഗവുമാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ ദൈവസന്നിധിയില്‍ വിളിച്ചപേക്ഷിക്കുന്നതും, നിലവിളിക്കുന്നതും, കേണപേക്ഷിക്കുന്നതും, അവിടുത്തെ തിരുമുന്‍പില്‍ യാചിക്കുന്നതും. യാഹ്വേയുടെ നീതിക്കും, ബഹുമാനത്തിനും, വിശ്വസ്തതയ്ക്കും, രക്ഷയ്ക്കും, വാഗ്ദാനത്തിനുംവേണ്ടി വിശ്വാസികള്‍ അപ്പീല്‍ കൊടുക്കുകയാണ്. അവിടുത്തെ അത്ഭുതചെയ്തികളുടെ അനുഭവങ്ങളും സാക്ഷൃങ്ങളും സങ്കീര്‍ത്തകന്‍ തന്‍റെ ഈരടികളില്‍ നന്ദിയോടെ അനുസ്മരിക്കുന്നുണ്ട്. കര്‍ത്താവിന്‍റെ മഹത്വവും, അന്തസ്സും അഭിമാനവും സകല ജനതകളുടെയും മുന്‍പില്‍ കാത്തുസൂക്ഷിക്കാന്‍ ഇടയാക്കണമേ, എന്നാണ് സങ്കീര്‍ത്തകന്‍റെയും അതേറ്റുപാടുന്ന ജനങ്ങളുടെയും, അല്ലെങ്കില്‍ വിശ്വാസസമൂഹത്തിന്‍റെയും പ്രാര്‍ത്ഥന. അങ്ങനെ എല്ലാ വിലാപ പ്രാര്‍ത്ഥനകളുടെയും യാചനകളുടെയും പിന്നിലും, വിശ്വാസികളുടെ ദൈവത്തിനായുള്ള നിലയ്ക്കാത്ത പ്രത്യാശയും ശരണവുമാണ് പ്രകടമാകുന്നത്. വിലാപസങ്കീര്‍ത്തനത്തിന്‍റെ ഓരോ പദങ്ങളിലും ദൈവികചിന്തകള്‍ തെളിഞ്ഞുനില്ക്കുന്നതും, ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നതും കാണാം.

ഇന്ന് പഠനസഹായിയായിട്ട് നാം ഉപയോഗിക്കുന്ന 138-ാം സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരമാണ്. സിസ്റ്റര്‍ മില്‍ഡ സിറ്റിസിയും വരാപ്പുഴ അതിരൂപതാ ഗായകസംഘവും ചേര്‍ന്ന് ആലപച്ചിരിക്കുന്ന സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഓ.വി.ആര്‍ എന്നറിയപ്പെടുന്ന ഓളാട്ടുപുറം റാഫേലാണ്. ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ക്കായി യാചിക്കുന്ന സങ്കീര്‍ത്തകന്‍ നന്ദിനിറഞ്ഞ ഹൃദയത്തോടെ അവിടുത്തെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് നമുക്ക് ഈ വരികളില്‍ ശ്രവിക്കാം.

Musical Version of Psalm 138

സമ്പൂര്‍ണ്ണഹൃദയത്തിന്‍ സന്തോഷത്തില്‍
കീര്‍ത്തിക്കുന്നങ്ങയെ സാദരം ഞാന്‍.

മൂലകൃതിയില്‍ പറഞ്ഞിരിക്കുന്നത്- ‘ഞാന്‍ ദേവന്മാരുടെ ഇടയിലും
അങ്ങെ പാടിപ്പുകഴ്ത്തും’ എന്നാണ്. ദേവന്മാരുടെ മുന്നിലും ശത്രുക്കളുടെ മുന്നിലും യാവേയുടെ നാമം പ്രകീര്‍ത്തിക്കുമെന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നു. ഞാന്‍ കാര്‍ത്താവിന്‍റെ മഹത്വം എന്നേയ്ക്കും ഏറ്റുപാടും കാരണം, അവിടുത്തെ മഹത്വം വലുതാണ്. കര്‍ത്താവ് മഹോന്നതനാണെങ്കിലും, അവിടുന്ന് താണവരെ കാത്തുപാലിക്കുന്നു, അഹങ്കാരികളെ തിരിച്ചറിയുകയും ചെയ്യുന്നു. കര്‍ത്താവിന്‍റെ വിശുദ്ധ മന്ദിരത്തില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു. അവിടുത്തെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് നന്ദിയര്‍പ്പിക്കുന്നു. എന്തെന്നാല്‍ കര്‍ത്താവിന്‍റെ നാമവും വാഗ്ദാനവും വിശ്വസ്തമാണ്.

Musical Version of Psalm 138

1. നാമം ജപിപ്പൂ നിന്‍ സന്നിധിയില്‍
നന്ദിയര്‍പ്പിക്കുന്നു നന്മകള്‍ക്കായ്
സ്തോത്രമേകുന്നു ഞാന്‍ അങ്ങേയ്ക്കെന്നും
നിന്‍ സ്നേഹകാരുണ്യം ഓര്‍മ്മിക്കുമ്പോള്‍.
- സമ്പൂര്‍ണ്ണഹൃദയത്തിന്‍

ഇനി നമുക്ക്, എങ്ങനെയാണ് യാവേയുടെ സഹായവും പ്രവര്‍ത്തനവും സങ്കീര്‍ത്തകന്‍റെ വീക്ഷണത്തില്‍ നിറവേറുന്നതെന്ന് പരിശോധിക്കാം.. സങ്കീര്‍ത്തകന്‍ യാഹ്വേയുടെ വചനത്തിനായി കാത്തിരിക്കുകയാണ്. ഈ വചനം പുരോഹിതനടുത്ത് അരുളപ്പാടായി വരുന്നതായി ചല സങ്കീര്‍ത്തനത്തില്‍ കാണാം. ദൈവത്തിന്‍റെ ശക്തിദായകമായ വചനത്തിനു രോഗികളെ സുഖപ്പെടുത്താന്‍ സാധിക്കും. ഇതു രക്ഷയുടെ അടയാളമാണ്. ‘കര്‍ത്തവു ശ്രവിക്കും’, എന്ന തീര്‍ച്ചയാണ് സങ്കീര്‍ത്തകനുള്ളത്. ചില സങ്കീര്‍ത്തനങ്ങളില്‍ കാണുന്ന മനംമാറ്റത്തിനു പിന്നില്‍ ദൈവത്തിന്‍റെ രക്ഷാകര വചനം തന്നെയാണ്. വിലപിക്കുന്ന സമൂഹം ചിലപ്പോള്‍ ദൈവാവിഷ്ക്കരണത്തിനായും അപേക്ഷിക്കുന്നു. ശത്രുക്കളെ പരാജയപ്പെടുത്തുവാനാണോ, അതോ ദൈവത്തിന്‍റെ ദര്‍ശനത്തിനുവേണ്ടിയാണോ ഇവിടെ അപേക്ഷിക്കുന്നത് എന്നു നിശ്ചയിക്കാന്‍ പ്രയാസമുണ്ട്. ദൈവാവിഷ്ക്കരണത്തിന്‍റെ വിവരണവും അതിന്‍റെ അടയാളമായുള്ള രക്ഷയും സങ്കീര്‍ത്തനത്തില്‍ കാണുന്നുണ്ട്. സഹിക്കുന്നയാള്‍ പാതാളത്തില്‍നിന്ന് രക്ഷപ്പെടുന്നതായി കാണാം. ഇവിടെ നീതിമാന്‍ രക്ഷപ്പെടുന്നു. മനുഷ്യര്‍ക്ക് ദൈവം നീതി നടപ്പാക്കിക്കൊടുക്കുന്നു. അങ്ങനെ ശത്രുവിന്‍റെ മേലുള്ള കുറ്റംചുമത്തല്‍ നീക്കിക്കളയുന്നു. രക്ഷിക്കപ്പെടുമെന്നുള്ള തീര്‍ച്ച, പ്രത്യാശ ഉയര്‍ന്നു വരികയാണ്, യാഥാര്‍ത്ഥ്യമാവുകയാണ്.
ദൈവം തിരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും. നീതീകരിക്കുന്നവന്‍ ദൈവമാണ്, നീതി നടപ്പാക്കുന്നതും അവിടുന്നാണ്. ആരാണ് ശിക്ഷാവിധി നടത്തുക, അതും ദൈവംതന്നെ. (റോമ. 8, 33). അങ്ങനെ, സങ്കീര്‍ത്തകന്‍റെ യാചന ദൈവസന്നിധിയില്‍ സ്വീകാര്യമായ സ്തുതിയായി പരിണമിക്കുന്നു.

Musical Version of Psalm 138

2. നാമം ജപിപ്പൂ നിന്‍ സന്നിധിയില്‍
നന്ദിയര്‍പ്പിക്കുന്ന നന്മകള്‍ക്കായ്
സ്തോത്രമേകുന്നു ഞാന്‍ അങ്ങേയ്ക്കെന്നും
നിന്‍ സ്നേഹകാരുണ്യം ഓര്‍മ്മിക്കുമ്പോള്‍.
- സമ്പൂര്‍ണ്ണഹൃദയത്തിന്‍

പഴയ നിയമത്തില്‍ ദൈവത്തിന്‍റെ രക്ഷ വെറും ആദ്ധ്യാത്മികമോ, ഭാവനാപരമോ അല്ല, മറിച്ച് ലോകയാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന സംഭവമാണ്. സഹിക്കുന്ന സങ്കീര്‍ത്തകന്‍ അപേക്ഷിക്കുന്നത് സുരക്ഷിതത്വത്തിനും തീര്‍ച്ചയ്ക്കും വേണ്ടിയാണ്. സഹിക്കുന്ന സങ്കീര്‍ത്തകന്‍ സുരക്ഷിതത്വത്തിനും തീര്‍ച്ചയ്ക്കുംവേണ്ടി യാചിക്കുന്നു. പുതിയനിയമത്തില്‍ നമ്മുടെ തീര്‍ച്ചയും സുരക്ഷിതത്വവും ക്രൂശിതനായ ക്രിസ്തുവിലാണ്. എങ്കിലും, സഹിക്കുന്ന സങ്കീര്‍ത്തകന്‍റെ വിദ്വേഷ ചിന്തകള്‍ മനസ്സിലാക്കാന്‍ നാം പരിശ്രമിക്കണം. അതുപോലെ ചരിത്രത്തിന്മേലുള്ള ദൈവത്തിന്‍റെ കര്‍ത്തൃത്വം പുതിയ നിയമത്തില്‍ കാണുന്നുണ്ട്. ദൈവം, ഇടപെട്ട് സഹനത്തിനു വിരാമമിടുമ്പോള്‍ കൃതജ്ഞതയുടെ ശബ്ദമുയരുകയായി. മാതൃകയായി നാം ഉപയോഗിച്ചിരിക്കുന്ന 138-ാം സങ്കീര്‍ത്തനത്തില്‍, കൃതജ്ഞതാഗാനത്തില്‍ സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ രക്ഷാകരങ്ങളായ അത്ഭുതങ്ങളെപ്പറ്റിയും സഹനത്തിന്‍റെ ദിനങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. അങ്ങനെ സമൂഹം മുഴുവനും ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനത്തിന് സാക്ഷിയാകുന്നു. സാക്ഷൃത്തിനും വിവരണത്തിനും മാറ്റുകൂട്ടുന്നത് വ്യക്തിപരമായ അനുഭവമല്ല, മറിച്ച് യാവേയുടെ നാമത്തിന്‍റെ മഹത്വവും, അതിന്‍റെ പ്രോഘോഷണവുമാണ്. ഗീതത്തില്‍ പ്രതിപാദിക്കപ്പെടുന്ന നന്ദിയുടെയും ആദരവിന്‍റെയും കൃതജ്ഞതാബലി പ്രതീകാത്മകമാണ്, അടയാളമാണ്. സമൂഹത്തിന്‍റെ വിരുന്നിലേയ്ക്ക് ബന്ധുക്കളും സ്നേഹിതരും പാവപ്പെട്ടവരും ദരിദ്രരും ക്ഷണിക്കപ്പെടുന്നുണ്ട്. അങ്ങനെ, എല്ലാ ജനതകളും ദൈവത്തിന്‍റെ രക്ഷാകരശക്തി അനുഭവിച്ചറിയുന്നു. കൂടാതെ, രക്ഷയുടെ കാസ അവിടുന്ന് സകലര്‍ക്കുമായി ഉയര്‍ത്തുകയും ചെയ്യുന്നു (116, 3).

Musical Version of Psalm 138

3. അത്യുന്നതമല്ലോ, നിന്‍ മഹത്വം
അന്തമല്ലോ നിന്‍റെ കാരുണ്യവും
തിരുനാമം പാടും ഞാന്‍ എന്നുമെന്നും
വര്‍ണ്ണിക്കും ഞാനങ്ങേ തിരുവചനത്തെ.
- സമ്പൂര്‍ണ്ണഹൃദയത്തിന്‍


സംഗീതോപകരണങ്ങളുടെ ഉപയോഗവും പാട്ടുമെല്ലാം മനുഷ്യന്‍റെ യാചനകള്‍ക്ക് മാറ്റുകൂട്ടുന്നു. യാചനകളുടെ ഏറ്റുപറച്ചിലും പ്രബോധവും മനുഷ്യന്‍റെ ജീവിതചുറ്റുപാടുകളും മാനസികാവസ്ഥയും പ്രകടമാക്കുന്നു. കര്‍ത്താവിന്‍റെ വചനത്തെ സങ്കീര്‍ത്തകന്‍ വര്‍ണ്ണിക്കുന്നു. വ്യക്തിയുടെ അനുഭവം മറ്റുള്ളവര്‍ക്ക് സഹായകവും മാര്‍ഗ്ഗദര്‍ശിയുമായിരിക്കണം.
അവര്‍ യാഹ്വേയില്‍ ആശ്രയിക്കുവാനും അവിടുന്നില്‍ നിന്നുമാത്രം സഹായം പ്രതീക്ഷിക്കുവാനും പഠിക്കേണ്ടതുണ്ട്. താന്‍ യാചിക്കുന്നത് കേള്‍ക്കപ്പെടുമെന്നുള്ള തീര്‍ച്ചയും, ദൈവത്തിലുള്ള അചഞ്ചലമായ ശരണവും ഇവിടെ കാണാം. യാഹ്വേയുമായുള്ള കൂട്ടായ്മയുടെ സന്തോഷം മനോഹരമായി സങ്കീര്‍ത്തകന്‍ വര്‍ണ്ണിക്കുന്നുണ്ട്. കൂടാതെ, ദൈവത്തിന്‍റെ പക്കല്‍ ഇസ്രായേലിന്‍റെ എന്നപോലെതന്നെ, വിശ്വാസിയുടെ ജീവിതവും സുരക്ഷിതമാണെന്നുള്ള അറിവും സങ്കീര്‍ത്തകന്‍ പ്രകടമാക്കുന്നു. പ്രാര്‍ത്ഥിക്കുന്ന സങ്കീര്‍ത്തകന്‍, യാചിക്കുന്നവന്‍ ദൈവത്തിനായി കാത്തിരിക്കുന്നു. ദൈവം അയാളെ എല്ലാസമയവും, സദാ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നു. അങ്ങനെ നാം കാണുന്ന വിലാപ-യാചന- നന്ദിപറച്ചില്‍ സങ്കീര്‍ത്തനങ്ങള്‍ വിവരിക്കുന്ന വിവിധങ്ങളായ സഹനങ്ങളുടെ മാനുഷിക ചുറ്റുപാടുകളില്‍ ജീവിതത്തിന്‍റെ അപകടകരവും അസ്തിത്വപരവുമായ ദൈവത്തിന്‍റെ രക്ഷാകരമായ കരങ്ങള്‍ ഉയര്‍ന്നുവരുന്നതു കാണാം.








All the contents on this site are copyrighted ©.