2014-09-22 19:53:02

പാണ്ഡിത്യമോ പ്രൗഢിയോ അല്ല
അജപാലന സ്നേഹമാണാവശ്യം


22 സെപ്തംബര്‍ 2014, തിരാനാ
പാപ്പാ ഫ്രാ൯സീസ് അല്‍ബേനിയായിലെ അപ്പസ്തോലിക സന്ദര്‍ശനത്തിനടയില്‍ സെപ്തംബര്‍ 21-ാം തിയതി ഞായറാഴ്ച വൈകുന്നേരം അവിടുത്തെ വൈദീകര്‍ക്കും സന്യസ്തര്‍ക്കും നല്‍കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:

രാഷ്ട്രീയ അധീശത്തില്‍നിന്നും മോചിതമായ അല്‍ബേനിയ൯ സഭ വീണ്ടും പ്രേഷിതതീക്ഷ്ണതയോടെ പുനരാരംഭിക്കുകയാണ്. ദൈവത്തില്‍ വലിയ പ്രത്യാശവച്ചുകൊണ്ട് മുന്നേറുക. നിങ്ങളുടെ മു൯ഗാമികള്‍ വലിയവില കൊടുത്താണ് വിശ്വാസം ജീവിച്ചത്. അവര്‍ പ്രതിസന്ധികളെ ധീരമായി നേരിട്ടവരാണ്. തടവറ ജീവിതവും പീഡനങ്ങളും അനുഭവിച്ചവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. ഞാ൯ നിങ്ങളെ ഓര്‍ത്തു ദൈവത്തിനു നന്ദിപറയുന്നു.

ദൈവിക പരിപാലനയുടെ അടിസ്ഥാനത്തില്‍നിന്നുകൊണ്ടാണ് അല്‍ബേനിയ൯ സഭ തന്‍റെ മിഷണറി അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. വ്യക്തികളെയും സമുഹങ്ങളെയും നവീന രീതിയിലുള്ള ആധിപത്യങ്ങള്‍ തടസ്സപ്പെടുത്തന്നുണ്ട്. സ്വേച്ഛാധിപത്യം നമ്മുടെ വിശ്വാസത്തെ ശ്വാസം മുട്ടിക്കുന്നുണ്ട്. വ്യക്തിമാഹാത്മ്യവാദം, ശത്രുത, വിഭാഗീയത ഇവയൊക്കെ ലോകത്തിന്‍റെ ചിന്തകളാണ്. ഈ വകചിന്തകള്‍ ക്രിസ്ത്യ൯ സമൂഹത്തെ നശിപ്പക്കും. ഈ ക്ലേശങ്ങള്‍ കര്‍ത്താവിന്‍റെ വഴിയില്‍നിന്ന് നമ്മെ പി൯തിരിപ്പക്കരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തു എപ്പോഴും നമ്മോടു കൂടെയുണ്ട്. അവിടുന്നു നമ്മെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും, അവിടുത്തെ കാരുണ്യത്താല്‍ നമ്മുടെ സാഹോദര്യത്തെ ബലപ്പെടുത്തുകയും ചെയ്യും. ആത്മീയ ഐക്യത്തോടെയും കുട്ടുത്തരവാദിത്വത്തോടെയും മിഷണറിമാരും അജപാലകരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് വിശ്വാസപരിശീലന വേദികള്‍ ഫലപ്രദമാവുകയും വ്യക്തിത്വ വികസനം സാധ്യമാവുകയും
ഉപവി സമുഹത്തില്‍ വളരുകയും ചെയ്യുന്നത്. സഭയില്‍ മെത്രാന്മാരും, വൈദികരും, സമര്‍പ്പിതരും അല്മായരും ഒത്തോരുമിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് സാഹോദര്യവും സ്നേഹവും വളരുന്നത്. ഇവയ്ക്കെല്ലാമുപരി ദൈവത്തെ സ്നേഹിക്കുമ്പോള്‍ നമ്മില്‍നിന്നും, വ്യക്തിപരവും സമൂഹ്യപരവുമായ ഇല്ലായ്മയില്‍നിന്നും പുറത്തു വരുവാ൯ നമുക്കു സാധിക്കും. ക്രിസ്തുവിന്‍റെ മുറിവുകള്‍ ഇപ്പോഴും വേദനിക്കുന്നവരിലും മുറിവേറ്റവരിലും, വിശപ്പും ദാഹവും, അനുഭവിക്കുന്നവരിലും, എളിയവരിലും, രോഗികളിലും,തടവറയില്‍ കഴിയുന്നവരിലും ഇന്ന് നമുക്ക് കാണുവാന്‍ സാധിക്കണം .അവരുടെ മുറിവുകളില്‍ കരുണയോടും സ്നേഹത്തോടുംകൂടെ സഹോദരങ്ങളെ സ്പര്‍ശിക്കുവാന്‍ കഴിയുമ്പോള്‍ നമ്മുടെ മദ്ധ്യത്തില്‍ സുവിശേഷം ജീവിക്കുകയും ദൈവം ആരാധിക്കപ്പെടുകയും ചെയ്യും.

അനുദിന ജീവിത പ്രശ്നങ്ങള്‍ നമ്മെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍നിന്ന് പി൯തിരിപ്പിക്കാ൯ ഇടയാകരുത്. ‘കര്‍ത്താവ് ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അദ്ധ്വാനം നിഷ്ഫലമാണ്’ അതിനാല്‍ അവിടുത്തെ സന്നിധിയില്‍ ആയിരിക്കുവാ൯ സമയം കണ്ടെത്തുകയും അവിടുത്തെ പക്കല്‍ നമ്മുടെ ഹൃദവികാരങ്ങള്‍ അറിയിക്കുകയും ചെയ്യുക. അവിടുന്നു നമ്മുടെ ജീവിതങ്ങളെ ഏറ്റെടുക്കുകയും മിഷണറി പ്രവര്‍ത്തനങ്ങളെ ഫലദായകമാക്കുകയും ചെയ്യും. പ്രാര്‍ത്ഥന നമ്മുടെ വിശ്വാസത്തെയും സ്ഥിരോത്സാഹത്തെയും വര്‍ദ്ധിപ്പിക്കുകയും നാം ആഗ്രഹിക്കുന്നതിലും വിചാരിക്കുന്നതിലും ഉപരിയായി തന്‍റെ ആത്മാവിനാല്‍ നമ്മെ നിറക്കുകയും ചെയ്യും.

വൈദീക സന്യസ്ത ദൈവവിളിക്കായി പ്രാര്‍ത്ഥിക്കുവാനും പാപ്പാ അനുസ്മരിപ്പിച്ചു. പ്രിയ വൈദിക സന്ന്യാസാര്‍ത്ഥികളേ, അനേകരുടെ ദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ ഫലമാണ് നിങ്ങള്‍ എന്നോര്‍ക്കുക. അല്‍ബേനിയ൯ സഭയ്ക്ക് നിങ്ങളുടെ ഔദാര്യവും തീക്ഷണതയും ആവശ്യമുണ്ട്. പരിശീലനത്തിന്‍റെ കാലഘട്ടത്തില്‍ ആഴമുള്ള ആദ്ധ്യാത്മികതയും, ദൈവശാസ്ത്രപരവും സാമൂഹ്യവും അജപാലനപരവുമായ അറിവും നേടിയെടുക്കുക എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവജനത്തിന് ആവശ്യം പണ്ഡിതന്മാരെയല്ല, വിനയവും കാരുണ്യവുമുള്ള, ദൈവസ്നേഹം നിറഞ്ഞ, ജീവിതസാക്ഷ്യമുള്ള അജപാലകരെയാണ്.
അനേകം മിഷണറിമാരുടെ ആദ്ധ്യാത്മീക പൈതൃകം അല്‍ബേനിയ൯ സഭയ്ക്ക് കൈമുതലായിട്ടുണ്ട്. പ്രിയ സഹോദരങ്ങളേ, പ്രയാസങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തരുത്. നിങ്ങളുടെ യാത്രയില്‍ ക്രിസ്തുവിനോടു ചേര്‍ന്നു നടക്കുക. നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ സമൂഹങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും, പ്ലാനുകളെയും പദ്ധതികളെയും പരിശുദ്ധ ദൈവമാതാവിനു സമര്‍പ്പിക്കുന്നു, എന്ന് പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.
SR. MERCYLIT FCC







All the contents on this site are copyrighted ©.