2014-09-21 18:32:15

യുവജനങ്ങള്‍
ക്രിസ്തുവില്‍ വളരണം


21 സെപ്തംബര്‍ 2014, തിരാനാ
തിരാനയില്‍ നല്കിയ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:

തിരാനയില്‍ മദര്‍ തെരേസായുടെ നാമത്തിലുള്ള ചത്വരത്തിലെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നതിനു മുന്‍പ് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലുകയും ഹ്രസ്വസന്ദേശം നല്കുകയും ചെയ്തു.
അവിടെ സമ്മേളിച്ച അല്‍ബേനിയയിലെയും അയല്‍രാജ്യക്കാരുമായ വിശ്വാസസമൂഹത്തിന് ഹൃദ്യമായി പാപ്പാ അഭിവാദ്യംചെയ്തു. അവരുടെ നിറസാന്നിദ്ധ്യത്തിനും, പ്രകടമാക്കുന്ന വിശ്വാസത്തിനും നന്ദിയര്‍പ്പിച്ചു. പ്രത്യേകമായി പാപ്പാ യുവജനങ്ങളെ അഭിസംബോധനചെയ്തു.

യുവജനങ്ങള്‍ തങ്ങളുടെ ജീവിതം ക്രിസ്തുവില്‍ കെട്ടിപ്പടുക്കണം, കാരണം ക്രിസ്തുവില്‍ അടിത്തറപാകുന്നവര്‍ പാറയില്‍ ഭവനം പണിയുന്നതുപോലെയാണ്. മാനുഷികമായി വിശ്വാസം പതറുമ്പോഴും, കര്‍ത്താവിന്‍റെ വിശ്വസ്തത അചഞ്ചലമാണ് (2 തിമോ. 2, 13). ക്രിസ്തു നമ്മെ മനസ്സിലാക്കുന്നു. നാം തെറ്റുചെയ്യുമ്പോഴും അവിടുന്നു നമ്മെ വിധിക്കുന്നില്ല, മറിച്ച് ക്ഷമിക്കുന്നു. ‘പോവുക, എന്നാല്‍ ഇനി പാപംചെയ്യരുത്,’ എന്നതാണ് ക്രിസ്തുവിന്‍റെ സാന്ത്വനം പകരുന്ന വാക്കുകളെന്ന് (യോഹ. 8, 1) പാപ്പാ അനുസ്മരിപ്പിച്ചു.

പ്രിയ യുവജനങ്ങളേ, നിങ്ങള്‍ അല്‍ബേനിയയുടെ ഭാവിയാണ്, ഭാവിവാഗ്ദാനങ്ങളാണ്. സുവിശേഷ ചൈതന്യത്തിലും രക്തസാക്ഷികളുടെ മാതൃകയിലും നിങ്ങള്‍ ധനത്തിന്‍റെയും ലൗകികതയുടെ പ്രലോഭനങ്ങളെ മറികടന്ന് ജീവിക്കണം. വ്യക്തിമാഹാത്മൃവാദത്തിന്‍റെയും, വ്യാജമായ സ്വാതന്ത്ര്യത്തിന്‍റെയും പൊള്ളത്തരങ്ങള്‍ ജീവിതത്തില്‍ തിരിച്ചറിയണം. അധിക്രമങ്ങള്‍ക്കുള്ള ചായ്വും, മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ആസക്തികളും തള്ളിക്കളഞ്ഞ്, കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സംസ്ക്കാരം വളര്‍ത്തണം. നന്മയും സത്യവുമായതിനോടുള്ള അവിഭക്തമായ ആന്തരിക സൗന്ദര്യമാണ് നിങ്ങള്‍ ആര്‍ജ്ജിക്കേണ്ടത്.
അതേ, ചെറിയ കാര്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്ന മഹാത്തായ ചൈതന്യമാണ് നിങ്ങളില്‍ വളരേണ്ടത്. അങ്ങനെ നല്ലൊരു അല്‍ബേനിയയും, നല്ലൊരു ലോകവും വളര്‍ത്തിയെടുക്കുവാന്‍ സാധിക്കട്ടെ!

‘സദുപദേശത്തിന്‍റെ അമ്മ’യെന്നു വിളിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്ന ഈ നാടിന്‍റെ മദ്ധ്യസ്ഥയായ കന്യകാനാഥയിലേയ്ക്കു തിരിയാം. സ്കൂത്താരിയിലെ അമ്മയുടെ സവിധത്തില്‍ ഈ നാടിനെയും നിങ്ങളെ ഓരോരുത്തരെയും – നിങ്ങളുടെ കുടുംബങ്ങളെയും കുഞ്ഞുമക്കളെയും, പ്രായമായവരെയും യുവജനങ്ങളെയും സമര്‍പ്പിക്കുന്നു. പതറാത്ത പ്രത്യാശയോടെ ദൈവസന്നിധിയില്‍ ചരിക്കുവാന്‍ പരിശുദ്ധ അമ്മ നിങ്ങളെ ഏവരെയും തുണയ്ക്കട്ടെ, കാത്തുപാലിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലിയത്.








All the contents on this site are copyrighted ©.