2014-09-21 17:45:07

മതസൗഹാര്‍ദ്ദത്തില്‍ അടിയുറച്ച
രാഷ്ട്രനിര്‍മ്മിതിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്


21 സെപ്തംബര്‍ 2014, തിരാനാ
അല്‍ബേനിയ സന്ദര്‍ശനത്തില്‍ രാഷ്ട്രത്തലവന്മാര്‍, വിവിധ മതാദ്ധ്യക്ഷന്മാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഥമ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:

വന്ദ്യനായ പ്രസിഡന്‍റ് ബുജാര്‍ നിഷാനി , പ്രധാനമന്ത്രി എഡി രാമാ, രാഷ്ട്രപ്രതിനിധികളേ, നയതന്ത്രപ്രധിനിധികളേ, സഭാ പ്രതിനിധികളേ, സഹോദരങ്ങളേ, അല്‍ബേനിയയുടെ കുലീനവും ഉത്കൃഷ്ടവുമായ മണ്ണില്‍ നില്ക്കുന്നതില്‍ അഭിമാനംകൊള്ളുന്നു. കാരണം രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരന്മാരുടെയും, വിശ്വാസത്തെ സംരക്ഷിക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച മഹത്തുക്കളുടെയും നാടാണിത്, എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചത്. ‘കഴുകന്മാരുടെ കര’യെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള അല്‍ബേനിയിലേയ്ക്ക് ക്ഷണിച്ചതിന് പാപ്പാ പ്രത്യേകം നന്ദിപറഞ്ഞു.

അരനൂറ്റാണ്ടായി ആത്മീയവും ഭൗതികവുമായ സ്വാതന്ത്ര്യത്തിന്‍റെ പാതയില്‍ നിങ്ങള്‍ ഇന്നാടിന്‍റെ നവനിര്‍മ്മിതിയില്‍ വ്യാപൃതരായിരിക്കുകയാണെന്ന് അറിയാം. അതുപോലെ മറ്റു ബാള്‍ക്കന്‍, മെഡിറ്ററേനിയര്‍ രാഷ്ട്രങ്ങളുമായി കൈകോര്‍ത്ത് പുരോഗതിയുടെ നവമായ ഊര്‍ജ്ജവും ഉന്മേഷവും കൈവരിക്കുവാന്‍ ശ്രമിക്കുകയാണെന്നും മനസ്സിലാക്കുന്നു. കഠിനാദ്ധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും ആര്‍ജ്ജിച്ച സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രത്യാശയും പകരുന്നത്. അടുത്തും അകലെയുമുള്ള രാഷ്ട്രങ്ങളുമായി നവമായ ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ സഹായിക്കുന്നത്.

രാഷ്ട്രത്തിന്‍റെ അടിസ്ഥാനപരമായ സാമ്പത്തിക സാമൂഹ്യ പുരോഗതിക്ക് മനുഷ്യാവകാശം, മതസ്വാതന്ത്ര്യം, സംവേദന സ്വാതന്ത്ര്യം എന്നിവ അനിവാര്യമാണ്. രാഷ്ട്രത്തിന്‍റെ ക്രിയാത്മകതയും, വികസനവും, കൂട്ടായ്മയും യാഥാര്‍ത്ഥ്യമാകണമെങ്കില്‍, മനുഷ്യാന്തസ്സും അവകാശവും മാനിക്കപ്പെടേണ്ടതാണ്. അതുവഴിമാത്രമേ, പൊതുന്മയ്ക്ക് ഉതകുന്ന വിധത്തില്‍ മനുഷ്യന്‍റെ കഴിവുകള്‍ തിരിച്ചുവിടാനാവുകയുള്ളൂ.

ഇന്നിവിടെ നിലനിലക്കുന്ന മതസൗഹാര്‍ദ്ദവും കൂട്ടായ്മയും താന്‍ ഏറെ ശ്ലാഘിക്കുകയും, അതില്‍ സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ എടുത്തുപറഞ്ഞു. കത്തോലിക്കരും, ഓര്‍ത്തഡോക്സ്,
മുസ്ലീം സമൂഹങ്ങളുടെ ഇടയില്‍ നിലനില്ക്കുന്ന പരസ്പരാദരവും സൗഹൃദവും അനുകരണീയവും, നാടിന്‍റെ വിലപ്പെട്ട സമ്മാനവുമാണ്. മതാത്മകതയെ വികലമാക്കുകയും, മതവൈവിധ്യങ്ങളെ ദുര്‍വ്യാഖ്യാനംചെയ്യുകയും, അത് രാഷ്ട്രീയ കരുവാക്കി നാടിന്‍റെ സമാധാനവും സ്വകാര്യതയും കെടുത്തുന്ന ഇക്കാലയളവില്‍,... അല്‍ബേനിയ ഈ മേഖലയില്‍ ലോകത്തിന് മാതൃകയാവുകയാണ്.
മതങ്ങള്‍ തമ്മില്‍ ആദരപൂര്‍ണ്ണമായ സംവാദവും, കൂട്ടായ ധാര്‍മ്മികതയും നിലനിര്‍ത്തിക്കൊണ്ട് സാമൂഹിക നന്മയ്ക്കായി പരിശ്രമിക്കുന്നതാണ് ദൈവവിശ്വാസവും, ദൈവിക നിയമങ്ങളില്‍ അടിയുറച്ച ജീവിതവും. പകരം, അധര്‍മ്മവും അക്രമവും അഴിച്ചുവിട്ട് അപകടകരമായ സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങള്‍ സൃഷ്ടിക്കുന്ന മതമൗലികവാദം അപലപനീയവും, ഉപേക്ഷിക്കേണ്ടതുമാണ്. പീഡനങ്ങളും അധിക്രമങ്ങളും അഴിച്ചുവിട്ടുകൊണ്ട് ആരും ‘ദൈവത്തിന്‍റെ രക്ഷാകവച’മാകാന്‍ പരിശ്രമിക്കരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. മനുഷ്യാന്തസ്സിനും അവകാശത്തിനും, വിശിഷ്യാ സ്ത്രീ-പുരുഷന്മാരുടെ ജീവനും മതസ്വാതന്ത്ര്യത്തിനും എതിരായി പ്രവര്‍ത്തിക്കുവാനുള്ള മാര്‍ഗ്ഗമായി മതത്തെ മാറ്റുവാനും ആരും ശ്രമിക്കരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

മതങ്ങള്‍ക്ക് എവിടെയും ഒത്തൊരുമിച്ച് വളരാനാകുമെന്നും, ഫലദായവും സമാധാനപൂര്‍ണ്ണവുമായ സഹവര്‍ത്തിത്വത്തിന്‍റെയും സമഭാവനയുടെയും അന്തരീക്ഷത്തില്‍ സമൂഹത്തെ വളര്‍ത്തിയെടുക്കുവാനാകുമെന്നുമാണ് അല്‍ബേനിയായുടെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാട് നമ്മെ പഠിപ്പിക്കുന്നത്. സമാധാനപൂര്‍ണ്ണമായ മാനവപുരോഗതിക്കും വളര്‍ച്ചയ്ക്കും മതങ്ങളുടെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ നിലനില്പ് അനിവാര്യമാണ്. പരസ്പരധാരണയും, ആദരവും വളര്‍ത്തുന്ന, മതസ്വാതന്ത്ര്യത്തിന്‍റെ മൂല്യം നാം അനുദിനം സംരക്ഷിക്കേണ്ടതും, പരിപോഷിപ്പിക്കേണ്ടതുമാണ്.
എന്നും പ്രാര്‍ത്ഥനയിലൂടെ ദൈവത്തില്‍നിന്നും യാചിക്കേണ്ട അനുഗ്രഹവുമാണിത്. ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃയാകുന്ന വിധത്തില്‍ എന്നും ഈ മതസൗഹാര്‍ദ്ദവും സാഹോദര്യവും നിലനിര്‍ത്തുവാന്‍ അല്‍ബേനിയന്‍ ജനതയ്ക്കു സാധിക്കട്ടെ, എന്നും പാപ്പാ ആശംസിച്ചു.

ഒറ്റപ്പെടലിന്‍റെയും പീഡനത്തിന്‍റെയും ശൈത്യകാലത്തെ അതീജീവിച്ച അല്‍ബേനിയന്‍ ജനതയ്ക്ക്, സ്വാതന്ത്ര്യത്തിന്‍റെ വസന്തമാണിതെന്ന് പ്രസിഡന്‍റ്, ബുജാര്‍ നിഷാദിനെ നോക്കിക്കൊണ്ട് പാപ്പാ വിശേഷിപ്പിച്ചു. നിങ്ങളുടെ അദ്ധ്വാനവും ത്യാഗസമര്‍പ്പണവും ഇനി ഈ മണ്ണില്‍ ഫലമണിയുമെന്നതില്‍ സംശയമില്ല.

സഭ രാഷ്ട്രത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കും. അത് ഒരു സമൂഹത്തിനു മാത്രമുള്ള ശുശ്രൂഷയല്ല, മറിച്ച് ഈ നാടിന് ആകമാനമുള്ള സേവനമായിരിക്കും. അല്‍ബേനിയന്‍ ജനതയുടെ സാമൂഹ്യ വികസനത്തിനും വളര്‍ച്ചയ്ക്കും ‘പാവങ്ങളുടെ അമ്മ’യെന്നു ലോകം വിളിക്കുന്ന, ഈ മണ്ണിന്‍റെ പുത്രിയായ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെയും, വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച ധീരരായ രക്തസാക്ഷികളുടെയും മദ്ധ്യസ്ഥ്യം എപ്പോഴും ഉണ്ടാവട്ടെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.