2014-09-18 19:34:43

മെത്രാന്മാര്‍ ക്രിസ്തുസ്നേഹത്തിന്‍റെ
പ്രായോക്താക്കളാകണം


18 സെപ്തംബര്‍ 2014, വത്തിക്കാന്‍
അതിരുകളില്ലാത്ത ക്രിസ്തുസ്നേഹത്തിന്‍റെ പ്രായോക്താക്കളാകണം മെത്രാന്മാരെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ലോകത്തിന്‍റെ നാനാഭാഗത്ത് സഭയുടെ അജപാലന ശുശ്രൂഷയ്ക്കായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെത്രാന്മാരുമായി വത്തിക്കാനില്‍ സെപ്തംബര്‍ 18-ാം തിയതി വ്യാഴാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പ്രാദേശിക സഭകളുടെ നേതൃത്വത്തിനും അജപാലന ശുശ്രൂഷയ്ക്കുമായി തിരഞ്ഞെടുക്കപ്പെടുന്ന മെത്രാന്മാര്‍ ക്രിസ്തുവിന്‍റെ സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കുമായി പ്രവര്‍ത്തിക്കുന്ന നല്ലിടയന്മാരാകണമെന്ന് പാപ്പാ കൂടിക്കാഴ്ചയില്‍ ആഹ്വാനംചെയ്തു.

ഭിന്നിപ്പുകള്‍ ഇല്ലാതാക്കുവാനും, സമൂഹത്തിന്‍റെ കീറിയ വലകള്‍ കോര്‍ത്തെടുക്കുവാനും കണ്ണിചേര്‍ക്കുവാനും നിയുക്തരായവര്‍,
ഒരിക്കലും അതിര്‍ത്തി സംരക്ഷകരായി മാത്സര്യത്തിലും മല്പിടുത്തത്തിലും സമയം പാഴാക്കരുതെന്നും, അതിരും അളവുമില്ലാത്ത ക്രിസ്തുസ്നേഹത്തിന്‍റെ പ്രബോധകരും പ്രായോക്താക്കളുമായി ജീവിക്കണമെന്നും പാപ്പാ നവാഭിഷിക്തരായ മെത്രാന്മാരോട് ആഹ്വാനംചെയ്തു.

മെത്രാന്മാര്‍ ജനങ്ങളുടെ പരാജയങ്ങളുടെയും കുറവുകളുടെയും കാവല്‍ക്കാരല്ല, മറിച്ച് സുവിശേഷ സന്തോഷത്തിന്‍റെ കാവല്‍ക്കാരാകണമെന്നും, ജനങ്ങളുടെ പരിവര്‍ത്തനമായിരിക്കരുത് മെത്രാന്‍റെ അജപാലന ദൗത്യം, മറിച്ച് അവര്‍ക്ക് ദൈവത്തിന്‍റെ അതിരറ്റ കാരുണ്യവും സ്നേഹവും പകര്‍ന്നുകൊടുക്കുക എന്നതായിരിക്കണമെന്നും പാപ്പാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.