2014-09-18 18:37:21

ക്രൈസ്തവര്‍ ജീവിക്കേണ്ട സഭയുടെ
സാര്‍വ്വത്രികതയും അപ്പസ്തോലിക ഭാവവും


18 സെപ്തംബര്‍ 2014, വത്തിക്കാന്‍
സഭ സാര്‍ത്രികവും അപ്പസ്തോലികവുമാണെന്ന് നാം വിശ്വാസപ്രമാണത്തില്‍ ഏറ്റുചൊല്ലുന്നു. സഭയുടെ ഏറെ അറിയപ്പെട്ട ഈ വിശേഷണങ്ങളുടെ അര്‍ത്ഥം എന്താണെന്ന് നമുക്കിന്ന് ചിന്തിക്കാം. ക്രൈസ്തവ സമൂഹത്തിന്‍റെയും നാം ഓരോരുത്തരുടെയും പ്രസക്തിയെന്താണെന്നും ചിന്തിക്കുകയാണ്.

1. സഭ സാര്‍വ്വത്രികമാണ് എന്നു പറഞ്ഞാല്‍, ലോകവ്യാപകമായത് എന്നാണ് അതിനര്‍ത്ഥം. സഭാപിതാവായ ജരൂസലേമിലെ വിശുദ്ധ സിറിള്‍ അതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. സഭ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതു കൊണ്ടുതന്നെ അത് സാര്‍വ്വലൗകികമാണ്.
മാത്രമല്ല, ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട സത്യങ്ങള്‍ അവ ആത്മീയമായാലും ഭൗതികമായാലും ലോകത്തെ വിശ്വസ്തതയോടെ അറിയിക്കുന്നതുകൊണ്ടുമാണ് സഭ സാര്‍വ്വലൗകികമെന്ന് നാം വിശേഷിപ്പിക്കുന്നത് (Catechesis xviii, 23).

സകല സംസ്ക്കാരങ്ങളെയും ഭാഷകളെയും സഭ ആശ്ലേഷിക്കുന്നു എന്നത് ഈ സാര്‍വ്വലൗകികതയുടെ ആദ്യ അടയാളമാണ്. തീര്‍ച്ചയായും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണിത് (നടപടി 2, 1-13). രക്ഷയുടെയും ദൈവസ്നേഹത്തിന്‍റെയും സന്ദേശം ആദ്യം അപ്പസ്തോലന്മാരിലൂടെയും പിന്നീട് സഭയിലൂടെയും ലോകത്തിന്‍റെ സകല അതിര്‍ത്തികള്‍വരെ എത്തിച്ചേരുവാന്‍ ഇടയാക്കിയത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ്.
സഭയുടെ സാര്‍വ്വത്രികത അതിന്‍റെ ആരംഭമുതലുള്ള സ്നേഹഗാഥയാണ്.
അങ്ങനെയെങ്കില്‍ സുവിശേഷവത്ക്കരണവും സകലജനതകളെയും ആശ്ലേഷിക്കുവാനുള്ള തീക്ഷ്ണതയുമില്ലാതെ സഭയ്ക്ക് ഈ സാര്‍വ്വത്രികത നിലനിര്‍ത്താനാവുകയില്ല എന്ന് പാപ്പാ സമര്‍ത്ഥിച്ചു.

2. സഭ അതിന്‍റെ പിറവിയില്‍ത്തന്നെ സാര്‍വ്വത്രികമാകുന്നത് പ്രേഷിതദൗത്യവുമായി ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലേയ്ക്ക് ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ഇറങ്ങിപ്പുറപ്പെടുന്നതുകൊണ്ടാണ്. അയക്കപ്പെട്ടവര്‍, ഇറങ്ങിപ്പുറപ്പെട്ടവരാണ് അപ്പസ്തോലന്മാര്‍. അങ്ങനെയാണ് സഭ അപ്പസ്തോലികമാണെന്ന് പറയുന്നത്. അപ്പോസ്തോലികം – എന്ന വാക്ക് അനുസ്മരിപ്പിക്കുന്നത് ദൈവത്തിന്‍റെ സ്നേഹവും കരുത്തും വെളിപ്പുടുത്തുന്ന സുവിശേഷം സകലരെയും അറിയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്, അയക്കപ്പെട്ടവരാണ് ക്രൈസ്തവര്‍ എന്ന വസ്തുതയാണ്. ഇത് നമ്മെ പെന്തക്കൂസ്താ സംഭവത്തിലേയ്ക്ക് നയിക്കുന്നു. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും അയക്കപ്പെട്ടവരും ദൗത്യം മറന്ന് തങ്ങളിലേയ്ക്കു തന്നെ മടങ്ങാതിരിക്കാന്‍ പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹം തേടേണ്ടതാണ്. നമ്മില്‍നിന്നും അകന്നിരിക്കുന്ന സഹോദരങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനും, ഉത്ഥിതനായ ക്രിസ്തുവിന്‍റെ സ്നേഹവും, സമാധാനവും, സന്തോഷവും പങ്കുവയ്ക്കുവാനും നമ്മെ പ്രാപ്തരാക്കുന്നത് ദൈവാരൂപിയാണ്, പരിശുദ്ധാത്മാവാണ്.

3. സാര്‍വ്വലൗകികവും അപ്പോസ്തോലികവുമായ സഭയുടെ ഭാഗമായിരിക്കുക എന്നാല്‍ എന്താണ്? ആദ്യാമായും അത് സകലരുടെയും രക്ഷയ്ക്കുവേണ്ടി പരിശ്രമിക്കുന്നു എന്നതാണ്. നിസംഗഭാവം പുലര്‍ത്താതെ, മറ്റുള്ളവരെക്കുറിച്ചും അന്വേഷിക്കുകയും, അവരെ പിന്‍തുണ്യ്ക്കുകയും ചെയ്യുന്നതാണ് ഈ ഉത്തരവാദിത്വം. ഭാഗികവും, ഏകപക്ഷീയവും സ്വാര്‍ത്ഥവുമായ നിലപാടുകള്‍ വെടിഞ്ഞ്, സമഗ്രവും സമ്പൂര്‍ണ്ണവും കൂട്ടായ്മയുടേതുമായ മനോഭാവം പുലര്‍ത്തണമെന്നതാണ് സഭയുടെ സാര്‍വ്വത്രികവും അപ്പസ്തോലികവുമായ സ്വഭാവം നമ്മില്‍നിന്നും, ഓരോക്രൈസ്തവനില്‍നിന്നും ആവശ്യപ്പെടുന്നത്.

അപ്പസ്തോലിക സഭയെന്നു പറയുമ്പോള്‍, ക്രിസ്തു ശിഷ്യന്മാരായ അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍ നങ്കൂരമിട്ടതും വേരൂന്നിയതുമായ വിശ്വാസം ജീവിക്കുന്നവരായിരിക്കണം.. അതിനാല്‍ സഭയോടും, അതിന്‍റെ പ്രബോധനങ്ങളോടും, അപ്പസ്തോലന്മാരുടെ പിന്‍തുടര്‍ച്ചക്കാരോടും ഐക്യവും ഐക്യദാര്‍ഢ്യവും ഉള്ളവരായി, സന്തോഷത്തോടെ സകലലോകത്തോടും ക്രിസ്തുവിന്‍റെ സ്നേഹവും സന്തോഷവും പങ്കുവയ്ക്കേണ്ടതാണ്. നമുക്ക് ധാരാളം മിഷണിമാരെ തരുന്ന ദൈവത്തിന് നന്ദിപറയാം. ഇവിടെയുള്ള യുവജനങ്ങളില്‍നിന്നും ആരെങ്കിലും മിഷണറിമാരാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍... തീര്‍ച്ചയായും മുന്നോട്ടു തന്നെ പോവകുക... എന്നും പാപ്പാ പ്രോത്സാഹിപ്പിച്ചു.

ദൈവമേ, ഞങ്ങളെ പരിശുദ്ധാത്മ ചൈതന്യത്താല്‍ നവീകരിക്കണമേ, എന്ന് പ്രാര്‍ത്ഥിക്കാം. കാരണം ജ്ഞാനസ്നാനത്താല്‍ വിളിക്കപ്പെട്ട ക്രൈസ്തവസമൂഹമാണ് സഭയുടെ സാര്‍വ്വലൗകികവും അപ്പസ്തോലികവുമായ സ്വഭാവം ഉള്‍ക്കൊണ്ട് സുവിശേഷം പ്രഘോഷിക്കേണ്ടുതും, അതിന്‍റെ സാക്ഷികളായി ജീവിക്കേണ്ടതും.... എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.