2014-09-16 09:18:39

കുരിശ് ദൈവസ്നേഹത്തിന്‍റെ സ്രോതസ്സും
ത്യാഗത്തിന്‍റെ പ്രതീകവും


15 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ 14-ാം തിയതി സഭ കുരിശിന്‍റെ മഹത്വീകരണ തിരുനാള്‍ ആഘോഷിക്കുന്നു. അക്രൈസ്തവരായവര്‍ ചോദിക്കാം, എന്തിനാണ് കുരിശിനെ മഹത്വീകരിക്കുന്നത്? എന്നാല്‍ എല്ലാക്കുരിശിനെയുമല്ല, ക്രിസ്തുവിന്‍റെ കുരിശിനെയാണ് നാം മഹത്വപ്പെടുത്തുന്നത്. കാരണം അതിലൂടെയാണ് മനുഷ്യകുലത്തിന് ദൈവസ്നേഹം ദൃശ്യമായത്. ഇന്നത്തെ സുവിശേഷത്തില്‍
വിശുദ്ധ യോഹന്നാന്‍ പ്രസ്താവിക്കുന്നത് കുരിശില്‍ വെളിപ്പെട്ട ദൈവസ്നേഹത്തെക്കുറിച്ചാണ്. ‘തന്‍റെ പുത്രനെ നല്കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു’ എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. നമ്മെ രക്ഷിക്കുവാന്‍ ലോകത്തിലേയ്ക്ക് പിതാവ് അയച്ച പുത്രാനാണ്, മനുഷ്യകുലത്തിനുവേണ്ടി കുരിശില്‍ മരിച്ചത്. എന്തുകൊണ്ടാണ് ക്രിസ്തു കുരിശുമരണം വരിക്കേണ്ടി വന്നതെന്ന് ചിലരെങ്കിലും ചോദിക്കാം.
പാപങ്ങളുടെ കാഠിന്യമാണ് നമ്മെ അടിമകളാക്കിയത്. അങ്ങനെ, ക്രിസ്തുവിന്‍റെ കുരിശില്‍ തിന്മയുടെ ആധിക്യത്തോടൊപ്പം, ദൈവത്തിന്‍റെ കാരുണ്യാതിരേകവും നിഴലിക്കുന്നു.

കുരിശ് ക്രിസ്തുവിന്‍റെ നിര്‍ദ്ധനത്വവും പരാജയവും പ്രകടമാക്കുന്നതായി തോന്നാമെങ്കിലും,
അത് അവിടുത്തെ സര്‍വ്വാധീശത്വവും വിജയവുമാണ് വെളിപ്പെടുത്തുന്നത്. അവിടുത്തെ അവഹേളിച്ചവര്‍ കാല്‍വരിയില്‍വച്ച് പറയുന്നുണ്ട്, ‘നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നും ഇറങ്ങിവരിക,’ എന്ന് (മത്തായി 27, 40). എന്നാല്‍ മറിച്ചാണ് സംഭവിച്ചത്, അവിടുന്ന് ദൈവപുത്രനാകയാല്‍ പിതാവിന്‍റെ ഹിതത്തിനും പദ്ധതിക്കും വിധേയനായി അവസാനംവരെ കുരിശില്‍ സ്വയം സമര്‍പ്പിക്കുകയായിരുന്നു.
ആകയാല്‍ ‘ദൈവം അവിടുത്തെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും, സകലലോകത്തിനും അധീശനാക്കുകയുംചെയ്തു.’

അതിനാല്‍ ക്രിസ്തുവിന്‍റെ കുരിശിലേയ്ക്കു നോക്കുമ്പോള്‍ നാം കാണുന്നതും ധ്യാനിക്കുന്നതും – ദൈവസ്നേഹത്തിന്‍റെ സ്രോതസ്സും നമ്മുടെ ഓരോരുത്തരുടെയും രക്ഷയുടെ പ്രതീകവുമാണ്. ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന ദൈവികകാരുണ്യം നിര്‍ഗ്ഗളിക്കുന്നത് കുരിശില്‍ വിരിച്ച ക്രിസ്തുവിന്‍റെ കരങ്ങളില്‍നിന്നും, കുത്തിത്തുറക്കപ്പെട്ട അവിടുത്തെ വിരിമാറില്‍നിന്നുമാണ്.
പാപത്തെയും മരണത്തെയും കീഴ്പ്പെടുത്തി, നമുക്ക് ജീവന്‍റെ പ്രത്യാശ പകരുന്നത് ക്രിസ്തുവിന്‍റെ കുരിശാണ്. അതിനാല്‍ നമ്മുടെ സത്യമായ പ്രത്യാശ ക്രിസ്തുവിന്‍റെ കുരിശുതന്നെയാണ്. അതുകൊണ്ടാണ് സഭ കുരിശിന് ഇത്രയേറെ പ്രാധാന്യം നല്കുന്നതും, ക്രൈസ്തവര്‍ അനുദിനജീവിതത്തില്‍ കുരിശടയാളം വരയ്ക്കുന്നതും, അതിനെ വണങ്ങുന്നതും.
ദൈവത്തിന് മനുഷ്യനോടുള്ള അപാരമായ സ്നേഹത്തിന്‍റെയും അവിടുന്ന് മനുഷ്യര്‍ക്ക് പ്രദാനംചെയ്യുന്ന രക്ഷയുടെയും പ്രതീകമായ ക്രിസ്തുവിന്‍റെ കുരിശിനെ നോക്കിയാണ്, നാം ഓരോരുത്തരും അവിടുത്തെ പുനരുദ്ധാനത്തിലേയ്ക്കും അതിന്‍റെ മഹത്വത്തിലേയ്ക്കും മുന്നേറേണ്ടത്. ഇത് നമ്മുടെ പ്രത്യാശയാണ്, എന്നാല്‍ ഇത് മാസ്മരികതയല്ല. ക്രിസ്തുവിന്‍റെ കുരിശിലുള്ള വിശ്വാസമാണ് നമ്മെ അവിടുത്തെ വഴികള്‍ തിരഞ്ഞെടുക്കാന്‍ ക്ഷണിക്കുന്നത്. അങ്ങനെ അവിടുത്തെ സഹനത്തിലും ത്യാഗത്തിലും പങ്കുചേര്‍ന്നുകൊണ്ടാണ്, കുരിശിന്‍റെ പാതയില്‍ ചരിച്ചുകൊണ്ടാണ് ക്രൈസ്തവര്‍ രക്ഷാകര പദ്ധതിയില്‍ പങ്കുകാരാകുന്നത്,
ത്യാഗജീവിതം അംഗീകരിക്കുന്നത്, ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിതരാകാന്‍ സന്നദ്ധരാകുന്നതും.

വിശുദ്ധ കുരിശിനെ ധ്യാനിക്കുമ്പോള്‍ ക്രിസ്തുവിനെയും അവിടുത്തെ കുരിശിനെയുംപ്രതി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ പ്രത്യേകമായി പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രഭാഷണത്തില്‍ ഏറെ വികാരനിര്‍ഭരനായി അനുസ്മരിച്ചു.

പീഡനങ്ങള്‍ അരങ്ങേറുന്നത് മതസ്വാതന്ത്ര്യം അംഗീകരിക്കാത്തതും പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാകാത്തതുമായ ഇടങ്ങളിലാണ്. എന്നാല്‍ തത്വത്തില്‍ മതസ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, മനുഷ്യാവകാശം മാനിക്കുന്നു എന്നു പറയുകയും ചെയ്യുന്ന രാജ്യങ്ങളിലും ക്രൈസ്തവരായതിനാല്‍ മാത്രം പ്രതിസന്ധികളും നിയന്ത്രണങ്ങളും ചിലപ്പോള്‍ അധിക്രമങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്. നാം അവര്‍ക്കുവേണ്ടി ഇന്നേദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.

കാല്‍വരിയിലെ കുരിശിന്‍ ചുവട്ടില്‍ പരിശുദ്ധ കന്യകാനാഥയുണ്ടായിരുന്നു (യോഹ. 19, 25-27). അതുകൊണ്ടാണ് കുരിശിന്‍റെ മഹത്വീകരണം കഴിഞ്ഞു വരുന്ന ദിവസം, ഇത്തവണ തിങ്കളാഴ്ച വ്യാകുലാംബികയുടെ അനുസ്മരണം ആചരിക്കുന്നത്. വ്യാകുലനാഥയുടെ മാതൃകരങ്ങളില്‍ സഭയെ സമര്‍പ്പിക്കാം. അങ്ങനെ നാമും മറിയത്തെപ്പോലെ എന്നും കുരിശിലെ സ്നേഹത്തിന്‍റെയും രക്ഷയുടെയും സന്ദേശം സ്വീകരിക്കുവാനും ജീവിക്കുവാനും ഇടയാവട്ടെ, എന്ന ആശംസയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.