2014-09-06 19:07:17

പ്രാര്‍ത്ഥന വിശ്വാസത്തിന്‍റെ
തീക്ഷ്ണമായ ഭാവപ്രകടനം


RealAudioMP3

വിശുദ്ധ ലൂക്കാ 18, 1-8 തേജസ്ക്കരണത്തിനു ശേഷം 5-ാം വാരം

ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഉപമ പറഞ്ഞു. ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ന്യായാധിപന്‍ അവിടെ പട്ടണത്തില്‍ ഉണ്ടായിരുന്നു. അവിടെത്തന്നെ വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരെ എനിക്കു നീതി നടത്തിത്തരണമേ, എന്ന് അപേക്ഷിക്കുമായിരുന്നു. കുറേ നാളത്തേയ്ക്ക് അയാള്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ ചിന്തിച്ചു. ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നുതുകൊണ്ട് ഞാന‍വള്‍ക്കു നീതി നടത്തിക്കൊടുക്കും. അല്ലെങ്കില്‍ അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കര്‍ത്താവ് പറഞ്ഞു. നീതിരഹിതനായ ആ ന്യായാധിന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും, വിളിച്ചുകരയുന്ന തന്‍റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ. അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

ഓണത്തിന് ഒരുക്കമായി സ്ക്കൂളില്‍ ഓട്ടമത്സരം നടക്കുകയാണ്.
ദാ, ആ കുട്ടി, മിടുക്കനാണ്! ഓടാന്‍ ഒരുങ്ങു നില്ക്കുന്നു. മത്സരത്തിനു മുന്‍പ് അവന്‍ മിഴിപൂട്ടി, കൈകള്‍കൂപ്പി പ്രാര്‍ത്ഥിക്കുന്നു. കുട്ടികള്‍ ഓടി.
കഷ്ടം, അവന്‍ മത്സരത്തില്‍ ജയിച്ചില്ല. അവന്‍റെ അധ്യാപികയ്ക്ക് അത് ഓര്‍ത്തിട്ട്, അവനെക്കാള്‍ വിഷമമായിരുന്നു.
“ഇത്ര പ്രാര്‍ത്ഥിച്ചിട്ടും നീ തോറ്റുപോയല്ലോ, കുട്ടാ....!”
കുട്ടി പറഞ്ഞു. “ടീച്ചറേ, എനിക്കു വിഷമമൊന്നുമില്ല.
ജയിക്കാന്‍ വേണ്ടിയായിരുന്നില്ല എന്‍റെ പ്രാര്‍ത്ഥന,
തോറ്റാല്‍ കരയാതിരിക്കാന്‍ വേണ്ടിയായിരുന്നു! ഞാന്‍ കരഞ്ഞില്ലല്ലോ, ടീച്ചര്‍,” എന്നുമവന്‍ കൂട്ടിച്ചേര്‍ത്തു.

പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഉപമകള്‍ ലൂക്കായുടെ സുവിശേഷത്തില്‍
18-ാം അദ്ധ്യായത്തിലാണ് (18, 1-8, 9-14). പ്രാര്‍ത്ഥനയില്‍ ഉണ്ടായിരിക്കേണ്ട സ്ഥിരതയെക്കുറിച്ചാണ് ഉപമയില്‍ ക്രിസ്തു പറഞ്ഞിരിക്കുന്നത്. നിരന്തരമായി, മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്ന്. വിധവയുടെയും, കാര്‍ക്കശ്യമുള്ള ന്യായാധിപന്‍റെയും കഥയിലൂടെ അവിടുന്ന് പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചാണ് ക്രിസ്തു ഉദ്ബോധിപ്പിക്കുന്നത്. ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുയോ ചെയ്യാത്ത ന്യായാധിപന്‍ മനസ്സാക്ഷിയില്ലാത്തവനാണ്. ‘മുറിവില്‍ ഉപ്പുതേയ്ക്കാത്തവന്‍,’ എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. വിധവകള്‍ക്കും അനാഥര്‍ക്കും പ്രത്യേക ന്യൂനപക്ഷസംവരണം ഇസ്രായേലില്‍ നിലവിലുണ്ടായിരുന്നു, എന്നു പറയാം.
സവിശേഷമായ സംരക്ഷണത്തിന് അര്‍ഹതയുള്ള സമൂഹത്തിലെ നിസ്സഹായരാണവര്‍ (നിയമ 24, 17-22). എന്നിട്ടും ന്യായാധിപന്‍ അവളെ സംരക്ഷിച്ചില്ല. അത്, ആ മനുഷ്യന്‍റെ അലസതയായിരിക്കാം, അല്ലെങ്കില്‍ അവളുടെ എതിരാളിയെ ഭയന്നിട്ടാകാം. അതുമല്ലെങ്കില്‍, ന്യായാധിപന്‍റെ ശ്രദ്ധപിടിച്ചുപറ്റാന്‍ മാത്രം വിധവ ഒന്നുമല്ലായിരുന്നിരിക്കാം. എന്നാല്‍, ഇവിടെ ശ്രദ്ധേയമാകുന്നത് - പാവം വിധവ, തന്‍റെ അഭ്യര്‍ത്ഥന നിരന്തരമായി ന്യായാധിപന്‍റെ മുന്നില്‍ സമര്‍പ്പിച്ചുകൊണ്ടേയിരുന്നു. അവസാനം, ശല്യം മൂത്ത് സഹിക്കവയ്യാതെയാണ് അയാള്‍ അവള്‍ക്കു നീതി നടപ്പാക്കിക്കൊടുക്കുന്നു..

എന്താണ് ഉപമയുടെ ശ്രദ്ധാകേന്ദ്രം? ന്യായാധിപന്‍റെ നിര്‍വ്വികാരതയും, ദൈവത്തിന്‍റെ കരുതലുള്ള സ്നേഹവും തമ്മിലുള്ള വൈരുദ്ധ്യവുമാണ് സുവിശേഷകന്‍ ഇവിടെ വരച്ചുകാട്ടുന്നത്. ചേതനയറ്റ അന്യായക്കാരനെപ്പോലും സ്ഥിരതയുള്ള സമീപനത്താല്‍ പരിണമിപ്പിക്കാമെങ്കില്‍, തന്‍റെ ജനത്തിന്‍റെ കാവലാളായ ദൈവത്തിന്‍റെ മനസ്സിനെ ഇളക്കാന്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ സ്ഥിരതയ്ക്കാവില്ലേ, എന്നാണ്.

സത്യത്തില്‍ എന്താണ് പ്രാര്‍ത്ഥന? ചിലപ്പോഴെങ്കിലും, ദൈവത്തെ നിര്‍ബന്ധിക്കുന്നതാണ് പ്രാര്‍ത്ഥന (in a way putting pressure on God).
‘അങ്ങ് അനുഗ്രഹിച്ചാലല്ലാതെ ഞാന്‍ പിടിവിടുകയില്ല’ എന്ന് നിര്‍ബന്ധിച്ച യാക്കോബും പ്രാര്‍ത്ഥനയെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു (ഉത്പത്തി 32, 22-32).
പകല്‍ മുഴുവന്‍ കരങ്ങള്‍ ഉയര്‍ത്തി മലമുകളിലിരുന്ന് പ്രാര്‍ത്ഥിച്ച മോശയെ കേട്ടില്ലെന്നു നടിക്കാന്‍ ദൈവത്തിതനായില്ലല്ലോ (പുറപ്പ. 17, 8-16). ദൈവത്തിന്‍റെ സന്നിധിയില്‍നിന്നും മാറിക്കൊടുക്കാതെ സോദോമിനുവേണ്ടി നയതന്ത്രജ്ഞതയോടെ ഇടതടവില്ലാതെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ച അബ്രാഹത്തെ ഓര്‍ക്കുന്നില്ലേ (ഉല്പത്തി 18, 22-23). മുതിര്‍ന്നവരും കുട്ടികളും കളിക്കുന്നതു ശ്രദ്ധിച്ചിട്ടില്ലേ?!. കളിയില്‍ തന്ത്രപരമായി മുതിര്‍ന്നവര്‍ തോറ്റുകൊടുക്കുന്നു, കുട്ടികളെ ജയിപ്പിക്കുന്നു. നമ്മുടെ മുമ്പില്‍ തോറ്റു തരാന്‍, നമ്മുടെ മുമ്പില്‍ കുനിഞ്ഞു തരാന്‍ ദൈവത്തിനു താല്പര്യമുണ്ട്. അവിടുത്തോടുകൂടെ തുറവോടും നിഷ്ക്കളങ്കവുമായി കളിക്കാന്‍ സന്നദ്ധരാകുന്നവര്‍ക്കു മാത്രം.

പാപ്പാ ഫ്രാന്‍സിസിന്‍റെ മദ്ധ്യപൂര്‍വ്വദേശം സന്ദര്‍ശനം ലോകം ശ്രദ്ധിച്ചതാണ്.
പാപ്പായുടെ തീര്‍ത്ഥാടനം സമാധാനത്തിനായുള്ള നിരന്തരമായ പ്രാര്‍ത്ഥനയായിരുന്നു. എവിടെയും- ബത്ലഹേമിലെ പുല്‍ത്തൊട്ടിയിലും, യോര്‍ദ്ദാനിലെ ജ്ഞാനസ്നാന തീരത്തും, ഇസ്രായേലിലെ ഷോഹായുടെ സ്മൃതിമണ്ഡപത്തിലും പാപ്പാ വികാരാധീനനായി പ്രാര്‍ത്ഥിക്കുകയായിരുന്നു - മദ്ധ്യാപൂര്‍വ്വദേശത്തിന്‍റെയും, ലോകത്തിന്‍റെയും സമാധനാനത്തിനായി പ്രാര്‍ത്ഥിക്കുവാനായിരുന്നു. പലസ്തീനായുടെയും ഇസ്രായേലിന്‍റെയും ഇനിയും ഉണങ്ങാത്ത പകയുടെയും വിദ്വേഷത്തിന്‍റെ ചരിത്രപശ്ചാത്തലത്തില്‍, പാപ്പാ ഫ്രാന്‍സിസ് ഇരുരാഷ്ട്രത്തലവന്മാരെയും - ഷീമോണ്‍ പേരെസിനെയും, മൊഹമ്മദ് അബ്ബാസിനേയും വത്തിക്കാനിലേയ്ക്ക് സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥനയ്ക്കുവാനായിരുന്നു വിളിച്ചുകൂട്ടിയത്. ശത്രുരാഷ്ട്രങ്ങളുടെ തലവന്മാരെയാണ് പാപ്പാ പ്രാര്‍ത്ഥനയില്‍ ഒന്നിപ്പിച്ചത്.
വത്തിക്കാനിലെ സമാധാന പ്രാര്‍ത്ഥനയെ തുടര്‍ന്നും, ഗാസായിലും പരിസരത്തും ഉയര്‍ന്ന അഭ്യന്തര കലാപത്തിന്‍റെ കരിമ്പടലം, പാപ്പായെ നിരാശനാക്കുന്നില്ല. സമാധാനത്തിനായുള്ള പാപ്പായുടെ പ്രാര്‍ത്ഥനപോലെതന്നെ നിരന്തരമായ ഇടപെടലുകളും തുടരുകയാണ്. ലോകജനതയോട് ഇനിയും പാപ്പാ ഫ്രാന്‍സിസ് അഭ്യാര്‍ത്ഥിക്കുന്നത് പ്രാര്‍ത്ഥിക്കണമെന്നാണ്. പാപ്പായുടെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥന പതറാത്തതും, നിരന്തരവുമാണ്, അനുകരണീയമാണ്. അത് സഭയുടെയും സഭാമക്കളുടെയും പ്രാര്‍ത്ഥനയാണ്. ദൈവം അതുകേള്‍ക്കുക തന്നെ ചെയ്യുമെന്ന് പ്രത്യാശയ്ക്കാം.

പ്രാര്‍ത്ഥനയെ ക്രിസ്തു മല്പിടുത്തമായി അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്ത്. എന്നാല്‍ മല്പിടുത്തം കഥയുടെ ഒരുവശം മാത്രമാണ്. ന്യായാധിപന്‍റെയും വിധവയുടെയും ഉപമയ്ക്ക് multi-dimensional perspective ബഹുമുഖപ്രസക്തിയുണ്ട്.
പ്രാര്‍ത്ഥനാ ജീവിതത്തിന്‍റെ ആരോഗ്യത്തിലും സമഗ്രതയിലും നിര്‍വൃതിയടയുന്നവര്‍ ചിലപ്പോള്‍ വിധവകളുടെയും അനാഥരുടെയും ആവശ്യങ്ങള്‍ തിരിച്ചറിയാതെ പോകുന്നുണ്ട്. നിസ്സഹായരും നിരാലംബരും പാവങ്ങളും ഭവനരഹിതരുമായ വിധവകള്‍, അനാഥര്‍, അപരിചിതര്‍ എന്നിവരെ ശുശ്രൂഷിക്കുന്നതിനേക്കാള്‍ വലിയ വിശ്വസ്തത ദൈവത്തോടു കാണിക്കാനാകില്ല. യേശു ബാലനായിരിക്കുമ്പോള്‍തന്നെ വളര്‍ത്തു പിതാവ് ജോസഫ് മരിച്ചിരിക്കാം. മറിയത്തിന്‍റെ വൈധവ്യം യേശുവിനെ സാരമായി സ്വാധീനിച്ചിരിക്കാം. എന്നാല്‍ അവിടുന്ന് വിധവയായ മറിയത്തെ സംരക്ഷിച്ചു. കുരിശില്‍ മരിക്കുമ്പോഴും അവളെ അനാഥയാക്കാന്‍ ഇഷ്ടപ്പെടായ്കയാല്‍ പ്രിയപ്പെട്ട ശിഷ്യന്‍, യോഹന്നാനെ മറിയത്തെ ഭരമേല്പിക്കുന്നതോടെയാണ് കാല്‍വരിയിലെ ഹൃദയസ്പര്‍ശിയായ രംഗം അവസാനിക്കുന്നത്. (യോഹ. 19, 26-27).

കേട്ടതാണീക്കഥ . തളര്‍ന്നു കിടക്കുന്ന ഒരപ്പന്‍. ആരുടെയൊക്കെയോ ഹൃദയവിശാലതകൊണ്ട് മകളെ മംഗല്യത്തിലേയ്ക്കു വഴികാട്ടി. വീടിറങ്ങുമ്പോള്‍ അവള്‍ അച്ഛന്‍റെ കാല്‍ തൊട്ടു വന്ദിച്ചു.
“നിനക്കു തരാനായി എന്‍റെ കൈയിലൊന്നുമില്ലല്ലോ മോളേ, ഈ പ്രാര്‍ത്ഥനകളല്ലാതെ.” രോഗിയായ പിതാവു കരഞ്ഞു.
“ഈ പ്രാര്‍ത്ഥനയാണല്ലോ, എന്‍റെ പിതൃസ്വത്ത്. അതു മാത്രം മതിയച്ഛാ!”
അച്ഛന്‍ കരഞ്ഞത് സത്യമായിട്ടും സങ്കടംകൊണ്ടല്ല. പ്രാര്‍ത്ഥന അവളുടെ ജീവിതവിഴികളില്‍ പാഥേയമാണ് എന്ന ബോധ്യംകൊണ്ടാണ്.

ജീവിതത്തിന്‍റെ ഏതു തുറയിരുന്നാലും, കര്‍മ്മങ്ങളിലേര്‍പ്പെട്ടാലും, ദൈവം ഒരടിസ്ഥാന വികാരമായി ഉള്ളിലുണ്ടാവണം, പ്രാര്‍ത്ഥനയായി കൂടെയുണ്ടാവണം, എവിടെയും എപ്പോഴും! ക്രിസ്തു സമറിയക്കാരിയോടു പറയുന്നില്ലേ, നീ ഇനി ആരാധനയുടെ ഇടം തേടേണ്ടത്- ആ മലയിലും ഈ മലയിലുമല്ല, എല്ലാ മലകളിലും മനുഷ്യര്‍ ദൈവത്തെ ആരാധിക്കുന്ന കാലം വന്നിരിക്കുന്നു. പിന്നീട് ഈ വാക്കുകള്‍ക്ക് ദൃശ്യമായൊരടയാളം കിട്ടുന്നുണ്ട്. ക്രിസ്തുവിന്‍റെ മരണസമയത്ത് ദേവാലയത്തിലെ തിരശ്ശീല നെടുകെ കീറിപ്പോയി. ശ്രീകോവിലില്‍നിന്നും ദൈവിക സാന്നിദ്ധ്യം ഇതാ, ഭൂമി മുഴുവന്‍ പടരുകയാണ്.
ദൈവികസാന്നിദ്ധ്യത്തിന്‍റെ വര്‍ണ്ണരേണുക്കള്‍ ഭൂമി മുഴുവന്‍ പെയ്തിറങ്ങുകയാണ്. എവിടെ നിന്നാണെങ്കിലും ദൈവമേ, എന്നൊരു നിശ്വാസം ഉയര്‍ന്നാല്‍, അത് ആരാധനയുടെ സമൃദ്ധിയാണ്, പ്രാര്‍ത്ഥനയുടെ നിറവാണ്.
ഐശ്വര്യവും ഐക്യവും സമാധാനവും ഉള്ള നാടു സ്വപ്നംകണ്ടുകൊണ്ട്, ‘മാനുഷരെല്ലാം ഒന്നായി ജീവിക്കുന്ന...’ കള്ളും കളവും, കൊലയും ചതിയുമില്ലാത്ത നാടിന്‍റെ കാല്പനികതയുമായി മലയാളക്കര, നിങ്ങളും ഞാനും ഒണം ആഘോഷിക്കുകയാണ്. ഈ സംസ്ക്കാരം പൊള്ളയായിപ്പോകാതിരിക്കട്ടെ ദൈവമേ, എന്ന് ഓണനാളുകളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാം. അഴിമതിയുടെയും അനീതിയുടെയും കള്ളിന്‍റെയും കാപട്യത്തിന്‍റെയും പൊള്ളയായ പൊങ്ങച്ചത്തിന്‍റെയും സംസ്ക്കാരം മാറ്റി നന്മയും സമാധാനവുമുള്ള കുടുംബങ്ങളും സമൂഹവും മലയാളക്കരയില്‍ വളര്‍ത്തണമേ, എന്ന് നിത്യവിധിയാളനായ, നിത്യന്യായാധിപനായ ദൈവത്തോട്, ജഗദീശ്വരനോട് മുട്ടിപ്പായി, നിരന്തരമായി പ്രാര്‍ത്ഥിക്കാം ....
ഓണാശംസകളോടെ......!








All the contents on this site are copyrighted ©.