2014-09-03 19:14:51

സഭ അമ്മയും
മറിയം മാതൃത്വത്തിന്‍റെ
മഹനീയ മാതൃകയും


3 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ 3-ാം തിയതി വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം :

കഴിഞ്ഞ പ്രഭാഷണങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ, സ്വന്തം കഴിവിനാല്‍ ആരും ക്രൈസ്തവരാകുന്നില്ല. മറിച്ച് വിശ്വാസത്തിലൂടെ സഭാഗാത്രത്തിലെ അംഗങ്ങളാകുന്നതുവഴി മാത്രമാണ്. അങ്ങനെ സഭ നമ്മുടെ അമ്മയാണ്. ക്രിസ്തുവില്‍ നവജീവന്‍ നല്ക്കുകയും പരിശുദ്ധാത്മാവില്‍ നമ്മെ മറ്റു സഹോദരങ്ങളുമായി ഒന്നിപ്പിക്കുകയും ചെയ്യുന്ന അമ്മയാണ് സഭാമാതാവ്.

1. സഭയുടെ മാതൃത്വത്തിന്‍റെ മഹനീയവും മനോഹരവുമായ മാതൃക പരിശുദ്ധ കന്യകാമറിയമാണ്. ഇത് ആദിമ ക്രൈസ്തവര്‍ നിരീക്ഷിച്ചിട്ടുള്ളതാണ്. പിന്നീട് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പകര്‍ന്നുതന്നിട്ടുള്ള മഹത്തായ പ്രബോധനവുമാണ് (LG. 63-64). കാലത്തികവില്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥയായി, ദൈവപുത്രനായ ക്രിസ്തുവിന് ജന്മംനല്കിയ നസ്രത്തിലെ മറിയത്തിന്‍റെ ദൈവമാതൃത്വം അന്യൂനവും തനിമയാര്‍ന്നതുമാണ്.
മറിയത്തില്‍ തുടക്കമിടുന്ന സഭയുടെ മാതൃത്വമാണ് ചരിത്രത്തില്‍ തുടരുന്നത്. വചനംശ്രവിച്ചും, അനുസരിച്ചും ദൈവസ്നേഹത്തോട് പ്രത്യുത്തരിക്കുന്ന ക്രിസ്തുവിലുള്ള ദൈവപുത്രന്മാര്‍ക്ക് പരിശുദ്ധാത്മാവിന്‍റെ നിറവുള്ള സഭയാണ് ജ്ഞാനസ്നാനത്തിലൂടെ ജന്മം നല്കുന്നത്. മറിയത്തിലൂടെ ജനിച്ച ദൈവപുത്രനായ ക്രിസ്തു രക്ഷണീയപദ്ധതിയിലെ ആദ്യജാതനായതുപോലെ (റോ. 8, 29), മാതാവായ സഭ അനേകര്‍ക്ക് ദൈവപുത്രരായി ആദ്ധ്യാത്മിക ജന്മം നല്ക്കുന്നു, ക്രിസ്തുവില്‍ നവജീവന്‍ നല്ക്കുന്നു.
മറിയത്തിന്‍റെ ലോലവും സുന്ദരവുമായ മുഖകാന്തി പോലെതന്നെ, സഭാമാതാവിന്‍റെ സ്നേഹഭാവവും ആത്മീയഭംഗിയും ക്രൈസ്തവമക്കള്‍ ഉള്‍ക്കൊള്ളേണ്ടതും സ്വാംശീകരിക്കേണ്ടതുമാണ്.

2. ജ്ഞാനസ്നാനത്തിലൂടെ നമുക്ക് നവജന്മവും ജീവനും നല്കുന്നതുവഴിയാണ് സഭ ക്രൈസ്തവ മക്കള്‍ക്ക് അമ്മയായിത്തീരുന്നത്. അങ്ങനെ അമ്മ നമ്മെ വിശ്വാസത്തില്‍ വളര്‍ത്തുകയും, വചനപ്രഭയില്‍ നടത്തുകയും, രക്ഷണീയപാതയില്‍ നയിക്കുകയും, തിന്മയില്‍ വീഴാതെ കാക്കുകയും ചെയ്യുന്നു. സഭ സ്വീകരിച്ചുള്ള സുവിശേഷസമ്പത്ത് തനിക്കായി സൂക്ഷിക്കുവാനോ, മറച്ചുവയ്ക്കുവാനോ ഉള്ളതല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കേണ്ടതും ഉദാരമായി പങ്കുവയ്ക്കേണ്ടതുമാണ്.
സുവിശേഷവത്ക്കരണ പദ്ധതിയുടെ ആത്മീയ പോഷണത്തിലൂടെയും രൂപീകരണത്തിലൂടെയും ഫലദായകമായ ക്രൈസ്തവജീവിതങ്ങള്‍ക്ക് രുപംനല്കുമ്പോഴാണ് സഭയുടെ മാതൃത്വം ലോകത്തില്‍ പ്രകടമാകുന്നതും, വെളിപ്പെടുന്നതും. അതിനാല്‍ സഭ അനുദിനം പകര്‍ന്നുനല്കുന്ന വചനപോഷണം സ്വീകരിക്കുവാനും അതിന്‍റെ ശക്തിയാല്‍ നമ്മെത്തന്നെ പരിവര്‍ത്തനംചെയ്ത്, രൂപാന്തരപ്പെടുത്തി ജീവിതങ്ങളെ, ജഡത്താലല്ല, അരൂപിയുടെ ശക്തിയാല്‍ ചൈതന്യത്താല്‍, നിറയ്ക്കുകയും ത്രസിപ്പിക്കുകയും ചെയ്യേണ്ടതാണ്.

ഫലദായകമാകുന്ന സന്തോഷവും സമാധാനവും ആര്‍ജ്ജിക്കുവാന്‍ സഭാമക്കളെ സഹായിക്കുവാന്‍ അവള്‍ കഠിനാദ്ധ്വാനംചെയ്യുന്നുണ്ട്. സുവിശേഷ ശോഭയാലും, കൂദാശകളുടെ കൃപാവരത്താലും... വിശിഷ്യ ദിവ്യകാരുണ്യത്തിന്‍റെ ശക്തിയാലുമാണ് ജീവിതയാത്രയില്‍ തിന്മയുടെ ശക്തികളെ അതിജീവിച്ച് മുന്നോട്ടു നീങ്ങാനുള്ള കരുത്ത്, സഭ പ്രദാനംചെയ്യുന്നത്. ക്രിസ്തുവിലുള്ള ഐക്യദാര്‍ഢ്യംവഴി ലോകത്തുയുരുന്ന തിന്മയുടെ ശക്തികളില്‍നിന്നും, അതിന്‍റെ അപകടങ്ങളില്‍നിന്നും തന്‍റെ മക്കളെ രക്ഷിക്കുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വവും, ഒപ്പം ധൈര്യവും സഭയ്ക്കുണ്ട്.
തിന്മയുടെ ചതിക്കുഴിയില്‍ വീഴാതെയും, നശിച്ചുപോകാതെയും ജാഗ്രതയോടെ മുന്നേറുവാനും സഭയുടെ രക്ഷാവലയം ക്രൈസ്തവമക്കളെ സഹായിക്കുന്നു. ദൈവം തിന്മെ കീഴ്പ്പെടുത്തുയിട്ടുണ്ടെങ്കിലും, പ്രലോഭനങ്ങളുമായി അത് നമ്മിലേയ്ക്ക് അനുദിനം പാഞ്ഞ് അടുക്കുന്നുണ്ട്. ‘ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുകയാണ്’ (പീറ്റര്‍ 5, 8). അതിന് കീഴ്പ്പെടാതെ, ജാഗ്രതയോടെ വിശ്വാസത്തില്‍ ഉറച്ചുനില്ക്കേണ്ടത് നമ്മുടെ കടമയാണ്.

3. പ്രിയ സഹോദരരേ, മക്കളുടെ നന്മയും സ്രേയസ്സും സഭാമാതാവിന്‍റെ താല്പര്യമാണ്. എന്നാല്‍ നാം എല്ലാവരുമാണ് സഭ - ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള ഓരോരുത്തരും സഭയാണ്. അതിനാല്‍ ധൈര്യമുള്ള ഈ അമ്മയുടെ മക്കളായി ജീവിക്കുവാനും, ക്രൈസ്തവസാക്ഷൃം നല്ക്കുവാനും നിങ്ങള്‍ക്കും എനിക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്.

ഏവരെയും കന്യകാനാഥയ്ക്കു സമര്‍പ്പിച്ചുകൊണ്ടും, അമ്മയുടെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും അരൂപിയും, ആത്മാര്‍ത്ഥതയും, ക്ഷമയും സഹോദരങ്ങളുമായി
പങ്കുവയ്ക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ. അങ്ങനെ സഹോദരരില്‍ അത്മവിശ്വാസവും പ്രത്യാശയും പകര്‍ന്ന് ജീവിക്കുവാന്‍ സാധിക്കട്ടെ, എന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.