2014-08-29 18:09:44

വലിയമറ്റം പിതാവ്
സ്ഥാനമൊഴിഞ്ഞു


29 ആഗസ്റ്റ് 2014, കൊച്ചി
തലശ്ശേരി അതിരൂപതുയുടെ മെത്രാപ്പോലീത്ത ജോര്‍ജ്ജ് മാര്‍ വലിയമറ്റം കാനോനിക പ്രായപരിധി 75-വയസ്സ് എത്തിയത്തിനെ തുടര്‍ന്ന് സമര്‍പ്പിച്ച സ്ഥാനത്യാഗം അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ആഗസ്റ്റ് 29-ാം തിയതി വെള്ളിയാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് സ്ഥാനത്യാഗിയാകുന്നത്.

എഴുപത്തഞ്ചു വയസ്സ് പൂര്‍ത്തിയായ രൂപതാ മെത്രാന്‍ ജോലിയില്‍നിന്നും വിരമിക്കുന്നതിനുള്ള രാജി സമര്‍പ്പിക്കേണ്ടതാണ് എന്ന പൗരസ്ത്യകാനോനിക നിയമം കോഡ് 210 പ്രകാരമുള്ള അപേക്ഷ സീറോമലബാര്‍ സിനഡുവഴി സമര്‍പ്പിച്ചത് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതോടെയാണ് മാര്‍ വലിയമറ്റം സ്ഥാനത്യാഗിയാകുന്നതും, തലശ്ശേരി അതിരൂപതയ്ക്ക്, പുതിയ മെത്രാപ്പോലീത്ത ജോര്‍ജ്ജ് മാര്‍ ഞരളക്കാട്ടിന്‍റെ നിയമനം ഉണ്ടാകുന്നതും.

25-വര്‍ഷക്കാലം തലശ്ശേരി രൂപതയുടെ അജപാലനേതൃത്വം സ്തുത്യര്‍ഹമായി വഹിച്ച മാര്‍ വലിയമറ്റം പിതാവ് ചങ്ങനാശ്ശേരി അതിരൂപതാംഗവും പുന്നത്തറ സ്വദേശിയുമാണ്. വടക്കന്‍ കേരളത്തിലേയ്ക്ക് കുടിയേറിയ വലിയമറ്റം കുടുംബത്തില്‍ തോമസ്സ് അന്നമ്മ ദമ്പതികളുടെ മൂത്തമകനായി 1938-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി രൂപതാ സെമിനാരിയിലും, ആലുവ കാര്‍മ്മല്‍ഗിരി സെമിനായിലും പഠിച്ച അദ്ദേഹം, ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത് റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയിലാണ്. ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. 1967-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

തുടര്‍ന്ന് തലശ്ശേരി രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളില്‍ വാപൃതനായ അദ്ദേഹം മതബോധനം, വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനം എന്നീ മേഖലകളിലും അജപാലന രംഗത്തും തനിമയാര്‍ന്ന സേവനം കാഴ്ചവച്ചിട്ടുണ്ട്. തലശ്ശേരിയിലെ ഷിരാഡി ഫൊറാനാ വികാരിയായി പ്രവര്‍ത്തക്കവെയാണ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി 1989-ല്‍ ഫാദര്‍ ജോര്‍ജ്ജ് വലിയമറ്റം നിയമിതനായത്. 1995-ല്‍ തലശ്ശേരി അതിരൂപതായി ഉയര്‍ത്തപ്പെട്ടു. പ്രഥമ മെത്രാപ്പോലീത്തയായി ജോര്‍ജ്ജ് മാര്‍ വലിയമറ്റം ആരോഹിതനായി.

സിബിസിഐ സ്റ്റാറ്റിംങ് കമ്മിറ്റി അംഗം, സീറോ മലബര്‍ സിനഡിന്‍റെ ആജീവനാന്ത മെംമ്പര്‍, കേരളസഭയുടെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായി സേവനംചെയ്തുകൊണ്ടാണ് അത്യദ്ധ്വാനിയും നല്ല അജപാലകനുമായ ജോര്‍ജ്ജ് മാര്‍ വലിയമറ്റം വിരമിക്കുന്നത്.
അദ്ദേഹത്തിന്‍റെ ധീരമായ വിശ്വാസസമര്‍പ്പണവും അജപാലനനേതൃത്വവും കേരളസഭയ്ക്കു മാത്രമല്ല ഭാരതസഭയ്ക്കും പ്രചോദനവും മാതൃകയുമാണ്.
വിരമിക്കുന്ന വന്ദ്യപിതാവിന് കൃതജ്ഞതാനിര്‍ഭരമായി പ്രാര്‍ത്ഥനയും, പ്രശാന്തമായ വിശ്രമജീവിതവും നേരുന്നു!








All the contents on this site are copyrighted ©.