2014-08-26 12:10:41

സങ്കീര്‍ത്തനങ്ങളിലെ രാജാവും
സ്രഷ്ടാവും നിയന്താവുമായ ദൈവം (21)


RealAudioMP3
‘സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കരണം’ എന്ന ഭാഗംതന്നെയാണ് നാം ഇക്കുറിയും തുടരുന്നത്. വിശുദ്ധ ഗ്രന്ഥത്തിലെ കീര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് ദൃശ്യമാകുന്ന ദൈവാധീശത്വം എന്ന വിഷയം കഴിഞ്ഞ പ്രക്ഷേപണത്തില്‍ ചര്‍ച്ചചെയ്തതാണ്. സ്തുതിപ്പിന്‍റെ സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കാരം, അല്ലെങ്കില്‍ ദൈവശാസ്ത്രവീക്ഷണം നാം കണ്ടതാണ്. സങ്കീര്‍ത്തകന്‍ ദൈവത്തെ രാജാവായി ചിത്രീകരിക്കുന്നതുവഴി, അവിടുന്ന് സകലത്തിന്‍റെയും, ഭൂമിയുടേയും ഭൂവാസികളുടെയും അതിലെ സകല ചരാചരങ്ങളുടെയും അതിനാഥനാണെന്ന് ഏറ്റുപറയുന്നു. രാജകീയ സങ്കീര്‍ത്തനങ്ങളിലെ(Royal Psalms) ദൈവശാസ്ത്ര വീക്ഷണത്തെക്കുറിച്ച് നമുക്ക് ഇന്നു പഠിക്കാം.

മാതൃകയായി ഉപയോഗിക്കുന്നത് ‘ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍’ എന്ന വളരെ സാധാരണവും സുപരിചിതവും, എന്നാല്‍ പ്രശസ്തവുമായ 100-ാം സങ്കീര്‍ത്തനത്തിന്‍റെ സമാന്തര സംഗീതാവിഷ്ക്കാരമാണ്. സണ്ണി സ്റ്റീഫന്‍ രചിച്ച് ഈണംപകര്‍ന്ന ഗീതം, കെ. ജി. മാര്‍ക്കോസും സംഘവും ആലപിച്ചിരിക്കുന്നു. ഈ ഗീതത്തിന്‍റെ പണിപ്പുരയില്‍ സംഗീതസംവിധായകന്‍ ഭാരതീയ ഭജനശൈലി അവലംബിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്, ഒപ്പം അഭിനന്ദനാര്‍ഹവുമാണ്. സങ്കീര്‍ത്തനങ്ങളുടെ ഉപയോഗത്തിലുള്ള സാംസ്കാരീകാനുരൂപണ സാദ്ധ്യത വ്യക്തമാക്കുന്ന രീതിയാണ് സണ്ണിസ്റ്റീഫന്‍റെ ശ്രദ്ധേയമായ ഈ സംഗീതസൃഷ്ടി. ‘ഭൂവാസികളേ, ആനന്ദിപ്പിന്‍, കര്‍ത്താവിന്‍റെ മുന്‍പില്‍ ആനന്ദഗീതം ഉതിര്‍ക്കുവിന്‍.....’

Muscial Version Psalms 100

ഭൂവാസികളേ, സ്തുതി പാടിടുവിന്‍
തിരുനാഥനു ഗീതികള്‍ പാടിടുവിന്‍
അത്യുന്നത നാമമഹത്വമതും ഈ-
സൃഷ്ടികളൊന്നായ് പാടിടുവിന്‍.
- ഭൂവാസികളേ,

ഇസ്രായേലിന്‍റെ ദൈവത്തെ അത്യുന്നതായ രാജാവും സ്രഷ്ടാവും ലോകത്തിന്‍റെ വിധിയാളനുമായി സങ്കീര്‍ത്തകന്‍ ആദരിച്ച്, ബഹുമാനിക്കുന്നു. സ്തുതിപ്പിന്‍റെ സവിശേഷമായ അഭിധാനങ്ങളും വിശേഷണങ്ങളും വിവരണങ്ങളും വര്‍ണ്ണനാപദങ്ങളും ഇസ്രായേല്‍ക്കാര്‍ക്കു മുമ്പേ പ്രചാരത്തിലിരുന്നതാണ് എന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. ഇവ എടുത്തു കാട്ടുന്നതായും ദൈവത്തിന്‍റെ മഹിമയും ഔന്നത്യവും ശക്തിയും സാര്‍വ്വത്രികത്വവുമാണ്.
യാഹ്വേ മാത്രമാണ് ഭൂമിയില്‍ പരമോന്നതന്‍ അവിടുത്തെ ശബ്ദം എങ്ങും മുഴങ്ങിക്കേള്‍ക്കാം. അത്യുന്നതനായ യാഹ്വേ ഭൂമി മുഴുവന്‍റെയും രാജാവാണ്. അവിടുന്ന് മഹത്വത്തോടെ സെഹിയോനില്‍ സിംഹാസനസ്ഥനാണ്. അവിടുത്തെ സിംഹാസനം എന്നേയ്ക്കുമായി സ്ഥാപിക്കപ്പെട്ടരിക്കുന്നു. ആരാധനാസമൂഹം യാഹ്വേയെ ഭൂമിമുഴുവന്‍റെയും രാജാവായി വാഴ്ത്തുന്നു, പ്രകീര്‍ത്തിക്കുന്നു. ദാഹിക്കുന്നവര്‍ക്ക് ജീവജലവും മന്നയും തരുന്ന ഈശപരനും, തന്‍റെ വചനത്താല്‍ മനുഷ്യരുടെ ഹൃദയവയലാകുന്ന വരണ്ട നിലത്തെ വിളനിലമാക്കുന്ന സര്‍വ്വാധീശനുമാണ് കര്‍ത്താവ് എന്നു സങ്കീര്‍ത്തനങ്ങള്‍ വിശേഷിപ്പിക്കുമ്പോള്‍ അത് ക്രിസ്തുവിലേയ്ക്കും രക്ഷകരപദ്ധതിയുടെ പുതുയുഗത്തിലേയ്ക്കും വിരല്‍ ചൂണ്ടുന്നത്.


Psalms 100
1. ദാഹിക്കുന്നോര്‍ക്കായ് ജീവജലം
ദാനംതന്നീടുന്നീശപരന്‍
വരണ്ടനിലം വിളനിലമാക്കും തിരു-
വചനം തിങ്ങും വയലാക്കും.
- ഭൂവാസികളേ,

രാജാവ് ദൈവത്തിന്‍റെ സാര്‍വ്വത്രികമായ ശക്തിയും ഭൂമി മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന മഹിമയുമാണെന്ന് സമൂഹം പ്രകീര്‍ത്തിക്കുന്നു. അത്യുന്നനും രാജാവുമായ ദൈവം അതേ സമയം സര്‍വ്വജീവജാലങ്ങളുടെയും സ്രഷ്ടാവുമാണ്. തിന്മയുടെ ശക്തികളെ തോല്പിച്ച് അവിടുന്ന് പ്രാപഞ്ചത്തില്‍ ക്രമവും ചിട്ടയും സ്ഥാപിച്ചു. അവിടുന്നു ഭൂമിയെ സൃഷ്ടിച്ച് സ്ഥാപിക്കുകയും സൃഷ്ടവസ്തുക്കള്‍ക്ക് ക്രമവും നിയമവും അത്ഭുതാവഹമായ ജീവിതശൈലിയും പ്രദാനംചെയ്യുന്നു. ആകാശമണ്ഡലത്തിലെ നക്ഷത്രകോടികളും വളരുന്നതും വികസിക്കുന്നതും നശിക്കുന്നതുമായ ജീവജാലങ്ങളും അവിടുത്തെ കരവേലയാണ്. അവിടുത്തെ സാര്‍വ്വത്രികമായ കര്‍തൃത്വത്തിനുള്ള അടിസ്ഥാനം അവിടുത്തെ സൃഷ്ടിവൈഭവമത്രേ.
രാജവാവും സ്രഷ്ടാവുമായ ദൈവത്തിന്‍റെ മഹത്ത്വവും പ്രൗഢിയും വൈഭവവും ഗാംഭീര്യവും ഉജ്ജ്വലതയും കീര്‍ത്തിയും ഖ്യാതിയും ശ്രേഷ്ഠതയും മഹിമയും ഭൂമിയില്‍ എല്ലായിത്തുമുണ്ട്. സാമ്രാജ്യങ്ങള്‍പോലും അവിടുത്തെ ആധിപത്യത്തിന്‍ കീഴിലാണ്. തന്നെയുമല്ല, അവിടുന്ന് വിധികര്‍ത്താവുമാണ്. അവിടുന്നു എല്ലാവരെയും വിധിക്കുന്നു. രാജാവിന്‍റെ തിരുസാദ്ധ്യ സാമീപ്യവും അതു നല്കുന്ന ആനന്ദവും പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്ക്കുന്നു. അത് അനുദിനം മനുഷ്യന് അനുഭവവേദ്യമാകുന്നു. ഇപ്രകാരമുള്ള അഭിധാനങ്ങളാലും വിശേഷണങ്ങളാലും വര്‍ണ്ണനാപദങ്ങളാലും വിവരണങ്ങളാലും ആരാധനാസമൂഹം സെഹിയോനില്‍ സിംഹാസനസ്ഥനായ ഇസ്രായേലിന്‍റെ രാജാവായ ദൈവത്തെ സ്തുതിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

Psalms 100
2. ആരും നല്കാത്തൊരു സന്തോഷം
തിരുസവിധേ അനുഭവമനുദിനവും
ജീവന്‍ തുടികൊള്ളും സകലതിനും
നിന്‍കൃപയെന്നറിയും അഖിലേശാ
- ഭൂവാസികളേ,

ജരൂസലത്തെ ആരാധനാശുശ്രൂഷയില്‍ രാജാവിന്‍റെ പ്രഥമസ്ഥാനം സങ്കീര്‍ത്തകന്‍ വ്യക്തമാക്കുന്നുണ്ട്. സിംഹാസനാരോഹണ വേളയില്‍ രാജാവ് പുരോഹിതനായും നിയമിതനാകുന്നു. യാഹ്വേയോട് എന്ത് ആനുകൂല്യവും ചോദിക്കുവാന്‍ രാജാവിനു സ്വാതന്ത്ര്യം ഉണ്ട്. അതുല്യമായ രക്ഷയുടെ തലത്തിലാണ് രാജാവ് ജീവിക്കുന്നതും വ്യാപരിക്കുന്നതും. ആദര്‍ശയോഗ്യനായ അധികാരിയെപ്പറ്റിയുള്ള പുരാതന പൗരസ്ത്യാശയങ്ങള്‍ ദൈവത്തെ രാജാവായി പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നത്, സമര്‍ത്ഥിക്കുന്നത്. ഈ ആശയങ്ങള്‍ ജരൂസലേത്തു സ്വീകരിച്ച നൂതനമായ ആരാധനക്രമ രീതിയിലും ആവിഷ്ക്കരിക്കപ്പെട്ടിരിക്കണം. ദൈവികസാമീപ്യത്തിന്‍റെ രഹസ്യം വ്യക്തമാക്കുന്നതാണ് ദത്തെടുപ്പിന്‍റെ ആശയം. അതുവഴി, പ്രവാചകമൊഴിയിലൂടെ ഭരണാധികാരി, രാജാവ് ‘ദൈവപുത്ര’നെന്നും വിളിക്കപ്പെടുന്നു. അധരങ്ങളില്‍ കൃപ തുളുമ്പുന്നവനും മനുഷ്യമക്കളില്‍ ഏറ്റവും സുന്ദരനുമായിട്ടാണ് രാജാവ് വിശേഷിപ്പിക്കപ്പെടുന്നത്. മറ്റു രാജാക്കന്മാരും ജനതകളും അദ്ദേഹത്തിന്‍റെ അധികാരത്തിന്‍ കീഴിലാണ്. ശത്രുക്കളുടെ ആക്രമണം ഉണ്ടാകുന്ന പക്ഷം യാഹ്വേ ഇടപെട്ട് അവരെ തോല്പിക്കുന്നു. ദൈവികനാമത്തിന്‍റെ സംരക്ഷണയാലും തിരുവചനത്തിന്‍റെ ശക്തിയാലും നയിക്കുന്നു. അങ്ങനെ കര്‍ത്താവിന്‍റെ വചനപ്രഭ ലോകത്തെ നവീകരിക്കുന്നു, പ്രകാശിപ്പിക്കുന്നു.



Psalm 100
3. തിരുവചനം നല്കി നയിക്കുന്നൂ
സുരലോകത്തില്‍ പൈദാഹികളേ
കൂരിരുളില്‍ അമര്‍ന്ന മാനവരേ,
കനിവിന്‍ പ്രഭയില്‍ പുതുതാക്കുന്നു.
- ഭൂവാസികളേ,

രാജാവില്‍നിന്നു വലിയ രക്ഷാകര ശക്തിയാണ് ഇസ്രായേല്‍ പ്രതീക്ഷിക്കുന്നത്. രാജാവ് ദൈവത്തിന്‍റെ സ്ഥാനത്തുനിന്ന് നീതി നിര്‍വ്വഹിക്കുന്നു. ദരിദ്രര്‍ രാജാവിന്‍റെ ഭരണത്തില്‍നിന്ന് നീതിയും രക്ഷയും തേടുന്നു. അതുപോലെ സമൃദ്ധമായ വിളയും എല്ലാതരത്തിലുള്ള ഐശ്വര്യവും സമാധാനവും വൈരികളുടെ പരാജയവും രാജവാഴ്ചയുടെ പ്രത്യേകതയാണ്. അതുകൊണ്ട്, സമൂഹം രാജാവിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. കാരണം, എല്ലാ കാര്യങ്ങളും രാജാവിന്‍റെ ഉടമ്പടിയോടുള്ള വിശ്വസ്തത അനുസരിച്ചാണ് വിജയിക്കുക. ജരൂസലത്തെ ശുശ്രൂഷയിലുള്ള രാജാവിന്‍റെ പ്രധാനസ്ഥാനവും ശ്രദ്ധേയമാണ്. കര്‍ത്താവിന്‍റെ ആലയത്തിന്‍റെ നാഥനും അഭിഷിക്തനും എന്ന നിലയില്‍ രാജാവ് മാദ്ധ്യസ്ഥൃം വഹിക്കേണ്ടതാണ്.
ചുരുക്കത്തില്‍, ഭരിക്കുകയും വിധിക്കുകയും സാഹയിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന യാഹ്വേയുടെ പ്രതിപുരുഷനാണ് രാജാവ്. രാജാവ് ദൈവത്തെ അനുസരിക്കാതെ വരുമ്പോള്‍ അനുഗ്രഹത്തിന്‍റെ വാതിലുകള്‍ ജനത്തിനെതിരായും അടയ്ക്കപ്പെടുന്നു. രാജാവിന്‍റെ മനുഷ്യഭാവവും ബലഹീനതയും തെറ്റുപറ്റാവുന്ന അവസ്ഥയും അറിയുന്ന സങ്കീര്‍ത്തകന്‍ യാഹ്വേയുടെ അഭിഷിക്തരായ രാജാക്കന്മാരെ സ്തുതിക്കുകയും പിന്‍തുണയ്ക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്‍റെ അടിസ്ഥാനം ദൈവം ദാവീദിനോടും സന്തതികളോടും ചെയ്ത ഉടമ്പടിയത്രേ.
അങ്ങനെ, ജരൂസലേത്തു വസിക്കുന്ന രാജാക്കന്മാര്‍ യാഹ്വേയുടെ രാജാക്കന്മാരാണ്. ഇസ്രായേലിന്‍റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഘട്ടങ്ങളിലാണ് ദൈവം അവരെ തിരഞ്ഞെടുത്ത് അവരോധിച്ചത്. അവരുടെ അസ്തിത്വവും വളര്‍ച്ചയും തളര്‍ച്ചയും ദാവീദുമായുള്ള ഉടമ്പടിയോട് ബന്ധപ്പെട്ടതാണ്. അവരുടെ ഭരണത്തിന്‍റെ അറിവും പ്രഭയും, അതിന്‍റെ പൊരുളും അത്ഭുതാവഹമാണ്. ദൈവികരഹസ്യമാണ്, ദൈവരാജ്യത്തിന്‍റെ നിഗുഢതയാണ് അവര്‍ വെളിപ്പെടുത്തുന്നത്.

ഈ പരമ്പരയില്‍ ഉപയോഗിച്ച 100-ാം സങ്കീര്‍ത്തനത്തിന്‍റെ സമാന്തര സംഗീതാവിഷ്ക്കാരം
ആലപിച്ചത് കെ. ജി. മാര്‍ക്കോസും സംഘവും. രചന, സംഗീതം - സണ്ണി സ്റ്റീഫന്‍.

Psalm 100 musical version :

4. അത്യുന്നതനായവനെന്നെന്നും
അറിവും പൊരുളും പ്രഭയും പകരും
അവനില്‍ നാമെന്നും ചേര്‍ന്നിടുകില്‍
തായ്ത്തണ്ടിന്‍ ശാഖകളായ് വളരും
- ഭൂവാസികളേ,

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.








All the contents on this site are copyrighted ©.