2014-08-22 17:13:58

കര്‍ദ്ദിനാള്‍ സോക്കാ അന്തരിച്ചു
പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


22 ആഗസ്റ്റ് 2014, വത്തിക്കാന്‍
ആഗസ്റ്റ് 20-ാം തിയതി ബുധനാഴ്ച അന്തരിച്ച അമേരിക്കയിലെ ഡിട്രോയിറ്റ് അതിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ എഡ്മണ്ട് കസിമീര്‍ സോക്കായുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടും, പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടും പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചു.
അമേരിക്കയിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് കാര്‍ളോ വിഗനോ വഴി അയച്ച സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ സോക്കായുടെ നീണ്ട 60 വര്‍ഷക്കാലത്തെ സഭാസേനവത്തെ പാപ്പാ നന്ദിയോടെ അനുസ്മരിക്കുകയും, അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു.

അമേരിക്കയിലെ ഡിട്രേയിറ്റ് അതിരൂപതയുടെ മുന്‍അദ്ധ്യക്ഷനായിരുന്നു കര്‍ദ്ദിനാള്‍ സോക്കാ. വിശ്രമജീവിതം നയിച്ചിരുന്ന കര്‍ദ്ദിനാള്‍ സോക്കാ ആഗസ്റ്റ് 20-ാം തിയതി ബുധനാഴ്ച
87-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് മരണമടഞ്ഞത്.
തെക്കു-കിഴക്കന്‍ അമേരിക്കയിലെ ഡിട്രോയിറ്റ് അതിരൂപതാദ്ധ്യന്‍ എന്ന നിലയിലുള്ള സേവനത്തിനു പുറമേ, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത്, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസിഡന്‍റ്, വത്തിക്കാന്‍ സിറ്റി കമ്മിഷന്‍റെ പ്രസിഡന്‍റ് എന്നീ നിലകളിലും കര്‍ദ്ദിനാല്‍ സോക്കാ സ്തുത്യര്‍ഹമായ സഭാസേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അന്തിമോപചാര ശുശ്രൂഷകള്‍ ആഗസ്റ്റ് 26-ാം ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഡിട്രോയിറ്റ് കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് നടത്തപ്പെടുമെന്ന് അതിരൂപതാ വൃത്തങ്ങള്‍ അറിയിച്ചു.

1954-ല്‍ വൈദികനായി.
1971-ല്‍ ഗേലോഡിന്‍റെ മെത്രാനാഷി അഭിഷേചിക്കപ്പെട്ടു.
1981-ല്‍ ഡിട്രോയിറ്റ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയുക്തനായി.
1988-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

കര്‍ദ്ദിനാല്‍ സോക്കായുടെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 211-ആയി കുറയുകയാണ്. അതില്‍ 118 പേര്‍ സഭാഭരണത്തിലും പാപ്പായുടെ തിരഞ്ഞെടുപ്പിലും വോട്ടവകാശമുള്ളവരും, ബാക്കി 93 പേര്‍ കാനോനിക നിയമപ്രകാരമുള്ള പ്രായപരിധി കഴിഞ്ഞവരുമാണ്.








All the contents on this site are copyrighted ©.