2014-08-20 19:53:42

സാര്‍ത്ഥകമായ അജപാലനരീതിയുടെ
മൂര്‍ത്തരൂപം - പത്താം പിയൂസ് പാപ്പാ


20 ആഗസ്റ്റ് 2014, വത്തിക്കാന്‍
സാര്‍ത്ഥകമായ അജപാലനശൈലിയുടെ മൂര്‍ത്തരൂപമായിരുന്നു
വിശുദ്ധനായ പത്താം പിയൂസ് പാപ്പായെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

ആഗസ്റ്റ് 23-ന് ജന്മനാടായ വടക്കെ ഇറ്റലിയിലെ റിയെസ്സേയില്‍ നടത്തപ്പെടുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആമുഖമായി റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലാണ്, പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്. റിയെസ്സേയിലെ ആഘോഷങ്ങളില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ പങ്കെടുക്കും.

ലാളിത്യവും ദാരിദ്ര്യാരൂപിയും സമ്മിശ്രമായ ജീവിതശൈലി, സുവിശേഷമൂല്യങ്ങളില്‍ അടിയുറച്ച മൗലികമായ അജപാലരീതി എന്നിവകൊണ്ട് വിശുദ്ധനായ പത്താം പിയൂസ് പാപ്പായോട് ഏറെ സമാനതകളുണ്ട് പാപ്പാ ഫ്രാന്‍സിസിനെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ത്രെവിസോ രൂപതയുടെ അജപാലന ചുറ്റുപാടുകളില്‍നിന്നാണ് കര്‍ദ്ദിനാള്‍ ജോസഫ് സാര്‍ത്തോ പത്രോസിന്‍റെ പരമാധികരാത്തിലേയ്ക്കെത്തിയത്.
അതുപോലെയാണ് ബ്യൂനസ് ഐരസിലെ കര്‍ദ്ദിനാള്‍ ജോര്‍ജിയോ ബര്‍ഗോളിയോ 266-ാമത്തെ ആഗോളസഭാ തലവനായ ചരിത്രവും എന്നത് കര്‍ദ്ദിനാള്‍ പരോളില്‍ നിരത്തിയ സമാനതകളില്‍ ശ്രദ്ധേയമായിരുന്നു.

1835-ല്‍ വടക്കെ ഇറ്റലിയില്‍ വെനീസിനടുത്ത് ത്രെവിസോ രൂപതയിലെ റിയെസ്സെയിലാണ് ജോസഫ് സാര്‍ത്തോയുടെ ജനനം. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം, രൂപതാ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച് 1858-ല്‍ വൈദികനായി. കാനോന നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഇടവകയില്‍ പ്രവര്‍ത്തിക്കവെ സ്ഥലത്തെ സെമിനാരിയിലെ അദ്ധ്യാപകനുമായിരുന്നു.
1879-ല്‍ അദ്ദേഹം ത്രേവിസോ രൂപതയുടെ മെത്രാനായി. ലിയോ 13-ാമന്‍ പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തി.
1903-ലെ കോണ്‍ക്ലേവിലാണ് ലിയോ പതിമൂന്നാമന്‍ പാപ്പായുടെ പിന്‍ഗാമിയായി കര്‍ദ്ദിനാള്‍ ജോസഫ് സാര്‍ത്തോ തിരഞ്ഞെടക്കപ്പെട്ടത്. അദ്ദേഹം 10-ാം പിയൂസ് എന്ന നാമം സ്വീകരിച്ചു.

ദാരിദ്ര്യത്തില്‍ ജനിച്ച താന്‍, ദരിദ്രനായി ജീവിക്കാനും മരിക്കുവാനും ആഗ്രഹിക്കുന്നുവെന്നത് അദ്ദേഹം തന്‍റെ ജീവിതനിയമമാക്കി. പാവങ്ങളോടുള്ള പ്രതിപത്തിയും കരുണയും, ലാളിത്യമാര്‍ന്ന ജീവിതവും പത്താം പിയൂസ് പാപ്പായുടെ വ്യക്തിത്വത്തിന്‍റെ പ്രഭയായിരുന്നു.
വചനം പ്രസംഗിക്കുന്നതിലും, ദിവ്യാകാരുണ്യ ഭക്തി, മരിയഭക്തി വളര്‍ത്തുന്നതിലും, മതബോധനം കാര്യക്ഷമമാക്കുന്നതിലും പാപ്പാ സാര്‍ത്തോ അതീവ ശ്രദ്ധാലുവായിരുന്നു.
ക്രിസ്തുവില്‍ എല്ലാം നവീകരിക്കപ്പെടണം, എന്ന ആപ്തവാക്യവുമായി സുവിശേഷചൈതന്യമാര്‍ന്ന സഭാ വീക്ഷണം ലോകത്തിന്‍റെ നാലതിര്‍ത്തികളിലും എത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധനായി തന്‍റെ ജീവിതം പത്താം പിയൂസ് പാപ്പാ സമര്‍പ്പിച്ചു. 1914-ല്‍ അദ്ദേഹം കാലംചെയ്തു. 1954-ല്‍ 12-ാം പിയൂസ് പാപ്പാ അദ്ദേഹത്തെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി.









All the contents on this site are copyrighted ©.