2014-08-20 19:26:54

പ്രധാനമന്ത്രി മോഡിയുമായി
കര്‍ദ്ദിനാളിന്‍റെ കൂടിക്കാഴ്ച


20 ആഗസ്റ്റ് 2014, ന്യൂഡല്‍ഹി
ഇന്ത്യയില്‍ നടമാടുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന്, ദേശീയ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവിച്ചു.

ആഗസ്റ്റ് 19-ാം തിയതി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡല്‍ഹിയില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് ഭാരത സഭയുടെ ആശങ്ക താന്‍ രേഖപ്പെടുത്തിയതായി, കേരള കത്തോലിക്കാ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റുകൂടിയായ കര്‍ദ്ദിനാള്‍ ക്ലീമിസ് വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.

സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും പാതയിലുള്ള മോഡി സര്‍ക്കാരിന്‍റെ ദേശീയ ഉദ്ഗ്രഥന പദ്ധതികളില്‍ സജീവമായി സഭ പങ്കെടുക്കുകയും തുണയ്ക്കുകയും ചെയ്യുമെന്ന് പ്രസ്താവിച്ച കര്‍ദ്ദിനാള്‍ ക്ലീമിസ്,
കാരുണ്യവധം നിയമവത്ക്കരിക്കാനുള്ള ന്യായപീഠത്തിന്‍റെ നവമായ നീക്കളോട് ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ചതായും വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.

നാടിന്‍റെ ഭരണഘടനയുടെ മതേതര സ്വാതന്ത്യഭാവത്തിന് ഭീഷണിയാകുന്ന വിധത്തില്‍ ചത്തീസ്ഗഢിലെ 50 ഗ്രാമസഭകളില്‍ ക്രൈസ്തവ മതാചാര്യന്മാര്‍ക്കും സന്ന്യസ്തര്‍ക്കും വിലക്കുകല്പിച്ച സംഭവവും, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ നിയമപാലകര്‍ വിവേചനപരമായ നടപടികള്‍ സ്വീകരിക്കുന്ന അവസ്ഥയും കര്‍ദ്ദിനാള്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചെന്ന്, മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് മാധ്യമങ്ങളെ അറിയിച്ചു.









All the contents on this site are copyrighted ©.