2014-08-20 17:59:13

തന്‍റെ കുടുംബത്തിനുവേണ്ടി
പാപ്പാ പ്രാര്‍ത്ഥന യാചിച്ചു


20 ആഗസ്റ്റ് 2014, വത്തിക്കാന്‍
ആഗസ്റ്റ് 20-ാം തിയതി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് പതിവുപോലെ ബുധനാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനയ്ക്ക് എത്തി. പ്രാര്‍ത്ഥനയെ തുടര്‍ന്ന്, സന്ദേശത്തിന്‍റെ അവസാനഭാഗത്ത് തന്‍റെ കുടുംബത്തിലുണ്ടായ അത്യാഹിതത്തെക്കുറിച്ച് ജനങ്ങളുമായി പാപ്പാ ഇങ്ങനെ പങ്കുവച്ചു :

എന്‍റെ കുടുംബത്തിലുണ്ടായ അത്യഹിതം അറിഞ്ഞ് പ്രാര്‍ത്ഥിക്കുകയും അനുശോചനം അറിക്കുകയും ചെയ്ത ഏവര്‍ക്കും നന്ദി. എനിക്കും കുടുംബമുണ്ടല്ലോ, എന്നു പറഞ്ഞ പാപ്പാ കുടുംബത്തെക്കുറിച്ച് ഇങ്ങനെ പങ്കുവച്ചു. ഞങ്ങള്‍ 5 സഹോദരങ്ങളാണ്. ഞങ്ങള്‍ക്ക് 16 പേരക്കുട്ടികളുണ്ട്. അതില്‍ ഒരാള്‍ക്കാണ് (ഇമ്മാനുവേല്‍ ബര്‍ഗോളിയോയ്ക്കാണ്) കാറപകടമുണ്ടായത്. അപകടത്തില്‍ ഇമ്മാനുവേലിന്‍റെ ഭാര്യയും രണ്ടു ചെറിയ കുട്ടികളും ഒരാള്‍ക്ക് രണ്ടു വയസ്സ്, മറ്റേത് അവന്‍റെ താഴെ... അമ്മയും മക്കളും മരണമടഞ്ഞു. എന്‍റെ സഹോദരപുത്രന്‍ ഇമ്മാനുവേലും വളരെ ഗുരുതരമായ അവസ്ഥയിലാണ്. പ്രാര്‍ത്ഥിക്കുക.
സഹാനുഭാവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.

വാഹനാപകടത്തില്‍ മരണമടഞ്ഞ തന്‍റെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്
പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 19-ാം തിയതി ചൊവ്വാഴ്ച, അര്‍ജന്‍റീനയില്‍ തന്‍റെ സഹോദരപുത്രന്‍ ഇമ്മാനുവേല്‍ ബര്‍ഗോളിയോയും കുടുംബവുമാണ് കാറപകടത്തില്‍ പെട്ടത്. അനന്തരവന്‍റെ ഭാര്യയും 2 വയസ്സും, 8 മാസവും യഥാക്രമം പ്രായവുമുള്ള കുഞ്ഞുങ്ങളും തല്‍ക്ഷണം മരണമടയുകയുണ്ടായി. പാപ്പായുടെ അനന്തരവനും വളരെ ഗുരുതരമായ നിലയില്‍ ആശുപത്രിയിലാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ മാധ്യമങ്ങളെ അറിയിച്ചു.

‘തന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്ന എല്ലാവരും, അന്തരിച്ച കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണ’മെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചതായി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. ആഗസ്റ്റ് 19-ാം തിയതി ചൊവ്വാഴ്ച വെളുപ്പിന് അര്‍ജന്‍റീനായിലെ കൊര്‍ദോബായില്‍വച്ച് ഇമ്മാനുവേല്‍ ബര്‍ഗോളിയോയുടെ ചെറിയ കാറ് ട്രക്കിന്‍റെ പിന്നില്‍ ഇടിച്ചാണ് അപകമുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.








All the contents on this site are copyrighted ©.