2014-08-18 17:45:13

യുവജനങ്ങളില്‍ വിശ്വാസമര്‍പ്പിക്കണമെന്ന്
ഡോണ്‍ ആഞ്ചെലോ ആര്‍ത്തിമേ


18 ആഗസ്റ്റ് 2014, ഇറ്റലി
ആഗസ്റ്റ് 16-ാം തിയതി വടക്കെ ഇറ്റലിയിലെ ക്യാസില്‍നുവോവോയില്‍ വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ രണ്ടാം ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് ഡോണ്‍ ബോസ്ക്കോയുടെ 10-ാമത്തെ പിന്‍ഗാമി, ഫാദര്‍ ആഞ്ചലോ ആര്‍ത്തിമേ ഇങ്ങനെ പ്രസ്താവിച്ചത്.

ഡോണ്‍ ബോസ്ക്കോയുടെ ജന്മശതാബ്ദി അര്‍ത്ഥവത്താകണമെങ്കില്‍ അദ്ദേഹം യുവജനങ്ങളില്‍ അര്‍പ്പിച്ച വിശ്വാസവും, അവരെ വളര്‍ത്തിയെടുക്കാന്‍ സംവിധാനംചെയ്ത വിദ്യാഭ്യാസ-തൊഴില്‍-ആത്മീയ രുപീകരണ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇന്നത്തെ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും ഉത്തരവാദിത്തപ്പെട്ടവര്‍ക്കും സാധിക്കണമെന്ന് റെക്ടര്‍ മെയ്ജര്‍,
ഫാദര്‍ ആര്‍ത്തിമേ ദിവ്യബലിമദ്ധ്യേ വചനചിന്തകളില്‍ ഉദ്ബോധിപ്പിച്ചു.

യുവജനങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്ക്കുന്നതൊടൊപ്പം, തൊഴിലും, ആത്മീയ വളര്‍ച്ചയ്ക്കുള്ള വഴിയും കാണിച്ചുകൊടുക്കണമെന്നതാണ് ഡോണ്‍ബോസ്ക്കോയുടെ പൈതൃകമായ Preventive System of Education, നിവാരണാത്മക വിദ്യാഭ്യാസരീതിയുടെ പ്രത്യേകതയെന്ന്, അവിടെ സന്നിഹിതരായിരുന്ന സലീഷ്യന്‍ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍, യുവജനങ്ങള്‍, വിദ്യാഭ്യാസപ്രവര്‍ത്തികര്‍ എന്നിവരെ
ഫാദര്‍ ആര്‍ത്തിമെ അനുസ്മരിപ്പിച്ചു.

1815 ആഗസ്റ്റ് 16-ാം തിയതി വടക്കെ ഇറ്റലിയിലെ ക്യാസില്‍നുവോവോ
ഡാ’സ്തി എന്ന സ്ഥലത്ത്, ഫ്രാന്‍സിസ് ബോസ്ക്കോ - മാര്‍ഗ്രറ്റ് ബോസ്ക്കോ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായിട്ടാണ് ജോണ്‍ ബോസ്ക്കോയുടെ ജനനം.

സ്ഥലത്തെ ഇടവകപ്പള്ളിയില്‍ പിറ്റേന്നാള്‍, ആഗസ്ററ് 17-നു തന്നെ ജ്ഞാനസ്നാനം നല്കി.
ജോണ്‍ ബോസ്ക്കോ എന്നു പേരുമിട്ടു. ആസ്തിക്കടുത്തുള്ള ബെക്കി ഗ്രാമത്തിലെ ഇടയച്ചെറുക്കന്‍, ജോണി ബോസ്ക്കോയാണ് പിന്നീട് യുവാക്കളുടെ പിതാവും മദ്ധ്യസ്ഥനും, ആഗോള യുവജന പ്രേഷിതത്വത്തിന്‍റെ മുന്‍പന്തിയില്‍ നില്ക്കുന്ന സലീഷ്യന്‍ സഭയുടെ സ്ഥാപകനും വിശുദ്ധനുമായി തീര്‍ന്നത്.

1888 ജനുവരി 31-നായിരുന്നു ജോണ്‍ ബോസ്ക്കോയുടെ മരണം.
കൂടെ ജീവിച്ചവരും സഭാംഗങ്ങളുമായ സമകാലികര്‍ ചേര്‍ന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രം 19 വാല്യങ്ങളായി Biographical Memoirs of St. John Bosco ‘വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ ജീവിതസ്മരണങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഡോണ്‍ ബോസ്ക്കോയെ വ്യക്തിപരമായി അറിയാമായിരുന്ന പതിനൊന്നാം പിയൂസ് പാപ്പായാണ് ഡോണ്‍ ബോസ്ക്കോയുടെ നാമകരണ നടപിടികള്‍ പൂര്‍ത്തീകരിച്ചത്. 1934-ലെ ഈസ്റ്റര്‍ ദിനത്തില്‍ ഡോണ്‍ബോസ്ക്കോയെ യുവജനങ്ങളുടെ സുഹൃത്തും മദ്ധ്യസ്ഥനുമെന്നു വിശേഷിപ്പിച്ചുകൊണ്ട് പതിനൊന്നാം പിയൂസ് പാപ്പാ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തി.








All the contents on this site are copyrighted ©.