2014-08-16 18:59:08

വിശ്വാസപൈതൃകം
തലമുറകളിലൂടെ കൈമാറേണ്ടതാണ്


16 ആഗസ്റ്റ് 2014, കൊറിയ
കൊറിയ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസം നടന്ന രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ടപദപ്രഖ്യാപന ദിവ്യബലിയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ വചനചിന്തയുടെ പ്രസക്തഭാഗം:

‘ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും ആരു നമ്മെ വേര്‍പെടുത്തും’ (റോമ. 8, 36). പൗലോസ് അപ്പസ്തോലന്‍റെ ഈ വാക്കുകളിലൂടെ ക്രിസ്തുവിലുള്ള വിശ്വാസം നമുക്കും ഏറ്റുപറയാം. ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുകയും സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹിതനാവുകയും മാത്രമല്ല, അവിടുത്തോട് നമ്മെ ചേര്‍ക്കുകയും നിത്യജീവിതത്തില്‍ പങ്കുകാരാക്കുകയും ചെയ്യുന്നു. ക്രിസ്തു മഹത്വപൂര്‍ണ്ണനാണ്. അവിടുത്തെ മഹത്വം നമ്മുടേതുമാണ്.

ഇന്നു നാം ആഘോഷിക്കുന്നത്, പോള്‍ യൂന്‍ ജീ-ചൂങിന്‍റെയും 123 സഹപ്രവര്‍ത്തകരുടെയും ജീവിത വിജയമാണ്, ആത്മീയ വിജയമാണ്. അവരുടെ പേരുകള്‍ കൊറിയന്‍ മണ്ണിലെ ആദ്യകാല രക്തസാക്ഷികളുടെയും, ആഗോളസഭയുടെ ധീരരായ രക്തസാക്ഷികളുടെയും പട്ടികയിലേയ്ക്ക് ചേര്‍ക്കപ്പെടുകയാണ്. അവരെല്ലാവരും ക്രിസ്തുവിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തതുവഴി, അവിടുത്തോടൊപ്പം നിത്യാനന്ദത്തില്‍ ഇന്നും ജീവിക്കുന്നവരുമാണ്. പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ, ദൈവം തന്‍റെ പുത്രന്‍റെ പെസഹാരഹസ്യങ്ങളിലൂടെ - പീഡകളും, മരണവും പുനരുത്ഥാനവുംവഴി നമുക്ക് ആത്മീയവിജയം നേടിത്തന്നിരിക്കുന്നു. തന്മൂലം ശ്ലീഹാ പറയുന്നതുപോലെ, മരണത്തിനോ, ജീവനോ, ഉയരത്തിനോ ആഴത്തിനോ, മറ്റേതെങ്കിലും വസ്തുക്കള്‍ക്കോ ക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്തുവാനാവില്ല (റോമ. 8, 38-39).

ഈ രക്തസാക്ഷികളിലൂടെ ദൈവസ്നേഹത്തിന്‍റെ ശക്തി തുടരുകയും, അതിന്‍റെ സദ്ഫലങ്ങള്‍ കൊറിയയില്‍, നമുക്കു ചുറ്റും വളരുന്നു. സഭ അവളുടെ സഹനങ്ങളെ സ്വീകരിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. ഈ ആഘോഷങ്ങളില്‍ രക്തസാക്ഷിയായ പോളി ജി-ച്യൂങിന്‍റെയും അനുചരന്മാരുടെയും അനുസ്മരണം, കൊറിയയിലെ സഭയുടെ ആദ്യകാല അനുഭവങ്ങളിലേയ്ക്ക് മടങ്ങിപ്പോകാനുള്ള അവസരം നമുക്കു നല്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പിതാമഹന്മാര്‍ക്കും ദൈവം ചെയ്ത വലിയ കാര്യങ്ങള്‍ അനുസ്മരിക്കുവാനും, സമ്പന്നമായ ഈ നാടിന്‍റെ പാരമ്പര്യവും പൈതൃകവും വാത്സല്യപൂര്‍വ്വം നിലനിര്‍ത്തുവാനും, അവര്‍ കാണിച്ചു തിന്നിട്ടുള്ള വിശ്വാസവും ഉപവിയും ജീവിക്കുവാനും യാഥാര്‍ത്ഥ്യമാക്കുവാനുമുള്ള അവസരവുമാണിത്.

കൊറിയന്‍ മണ്ണില്‍ വിശ്വാസം സ്ഥാപിതമായത് മിഷണറിമാരുടെ സഹായത്താലല്ല. ദൈവിക പരിപാലനയിലും അവിടുത്തെ പ്രത്യേക വാത്സല്യത്തിലും, ക്രൈസ്തവവിശ്വാസം ഇവിടത്തെ സാധാരണക്കാരായ മനുഷ്യരുടെ ഹൃദയങ്ങളില്‍ വളര്‍ന്നുവന്നതാണ്, വേരുപിടിച്ചതാണ്, രൂപപ്പെട്ടതാണ്. അത് ആദ്യം, ബൗദ്ധികമായ തൃഷ്ണയാലും അന്വേഷണ പരതയാലും കണ്ടെത്തിയതാണെങ്കിലും, തുടര്‍ന്ന് ദൈവിക സത്യത്തിലേയ്ക്കും സുവിശേഷ വെളിച്ചത്തിലേയ്ക്കുമുള്ള പ്രയാണത്തിന്‍റെ തുടക്കമായി മാറി. തിരുവചനത്തിന്‍റെ പ്രാഥമികമായ ആഭിമുഖ്യത്തിലൂടെതന്നെ, കൊറിയന്‍ ജനതയുടെ ഹൃദയങ്ങള്‍ ക്രിസ്തുവിനായി തുറക്കപ്പെട്ടു. പിന്നെ ക്രിസ്തുവിനെ അടുത്തറിഞ്ഞപ്പോള്‍, അവര്‍ അവിടുത്തേയ്ക്കുവേണ്ടി സഹിക്കുകയും, മരിക്കുകയും ചെയ്തു. അവിടുത്തേയ്ക്കുവേണ്ടി മരിക്കുന്നതുവഴി, അവിടുത്തോടൊപ്പം, അവിടുത്തെ പുനരുത്ഥാനത്തില്‍ പങ്കുകാരാകുവാന്‍ സാധിക്കുമെന്ന് പോള്‍ യൂന്‍ ജീ-ചൂങിന്‍റെയും 123 സഹപ്രവര്‍ത്തകരുടെയും ജീവിതങ്ങള്‍ ഇന്നും സാക്ഷൃപ്പെടുത്തുന്നു.....
Translated by Sr. Mercylit fcc







All the contents on this site are copyrighted ©.