2014-08-14 19:51:22

സമാധാനത്തിനായി യുഎന്നിനോട്
പാപ്പാ സഹായാഭ്യര്‍ത്ഥന നടത്തി


14 ആഗസ്റ്റ് 2014, വത്തിക്കാന്‍
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ, വിശിഷ്യാ ക്രൈസ്തവര്‍ക്കെതിരെയുള്ള ഇറാക്കിലെ ഇസ്ലാംവിമതരുടെ സംഘടിത അധിക്രമങ്ങള്‍ നിര്‍ത്തലാക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. കൊറിയയിലേയ്ക്കുള്ള തന്‍റെ അപ്പസ്തോലിക യാത്രയ്ക്ക് തൊട്ടുമുന്‍പാണ് പാപ്പാ ബാന്‍ കീ മൂണിനോട് അഭ്യര്‍ത്ഥന നടത്ത്.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണിന്
ഓഗസ്റ്റ് 9-ന് വത്തിക്കാനില്‍നിന്നും അയച്ച പ്രത്യേക സന്ദേശത്തിലാണ്
യുഎന്നിന്‍റെ സഹായം ഇറാക്കിലെ പീഡിതരായ ജനങ്ങള്‍ക്കുവേണ്ടി പാപ്പാ അപേക്ഷിച്ചത്.

വടക്കെ ഇറാക്കിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടമാടുന്ന കൂട്ടക്കുരുതിയും, നാടുകടത്തലും, പൗരാണിക ക്രൈസ്തവ കേന്ദ്രങ്ങളുടെയും പ്രാര്‍ത്ഥനാലയങ്ങളുടെയും നശീകരണവും കണ്ട് മനംനൊന്താണ്
താന്‍ ഈ സന്ദേശം അയക്കുന്നതെന്ന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു.

രാജ്യാന്തര നിയമങ്ങളും, കരാറുകളും അനുവദിക്കുന്നതിന്‍ പ്രകാരം ഐക്യരാഷ്ട്ര സഭ അവിടുത്തെ ക്രൈസ്തവരുടെയും ഇതര മതന്യൂനപക്ഷങ്ങളുടെയും സുരക്ഷ, സമാധാനം, മനുഷ്യാവകാശം, അഭയാര്‍ത്ഥികള്‍ക്കുള്ള സഹായം എന്നിവയ്ക്കായി അടിയന്തിരമായി ഇടപെടണമെന്ന് വത്തിക്കാനില്‍നിന്നും അയച്ച കത്തിലൂടെ ബാന്‍ കി മൂണിനോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

അടിസ്ഥാന മനുഷ്യാന്തസ്സും മനുഷ്യാവകാശവും ലംഘിക്കുന്ന ഇറാക്കി വിമതരുടെ നീക്കങ്ങള്‍ 20-ാം നൂറ്റാണ്ടിലെ ഏറെ നാടകീയവും ഭയാനകവുമായ മാനുഷികചുറ്റുപാടാണെന്നും, പിതൃക്കളുടെ മണ്ണിലും വിശ്വാസപൈതൃകത്തിലും ജീവിക്കുവാനുള്ള സാഹചര്യം ഇറാക്കില്‍ സംജാതമാക്കുകയും, നഷ്ടമായ വസ്തുവകകളും പാര്‍പ്പിടവും ജനങ്ങള്‍ക്ക് അടിയന്തിരമായി നേടിക്കൊടുക്കുകയും വേണമെന്ന് സന്ദേശത്തിലൂടെ
ബാന്‍ കീ മൂണിനോട് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.