2014-08-13 20:06:53

‘ഉണര്‍ന്നു പ്രകാശിക്കണ’മെന്ന്
കൊറിയന്‍ ജനതയോട്
പാപ്പാ ഫ്രാന്‍സിസ്


11 ആഗസ്റ്റ് 2014, വത്തിക്കാന്‍
ആഗസ്റ്റ് 13-ാം തിയതി ബുധനാഴ്ച താന്‍ ആരംഭിക്കുവാന്‍ പോകുന്ന അപ്പസ്തോലിക യാത്രയ്ക്ക് ആമുഖമായി കൊറിയയുടെ ദേശീയ ടെലിവിഷന്‍ ശൃംഖല, Korean Broadcasting Services-ന് തിങ്കളാഴ്ച അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഏശയാ പ്രവാചകന്‍ (60,1) ജരൂസലേം ജനതതിയെ നോക്കി പറഞ്ഞതുപോലെ, വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടുംകൂടെ സുവിശേഷ സന്തോഷം സ്വീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും ഒരുങ്ങണമെന്നും കൊറിയയിലെ ജനങ്ങളോട് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.
അവിടെ താന്‍ പങ്കെടുക്കുന്ന ഏഷ്യന്‍ യുവജനസംഗമത്തെക്കുറിച്ചും, കൊറിയന്‍ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തെക്കുറിച്ചും പാപ്പാ സന്ദേശത്തില്‍ പരാമര്‍ശിച്ചു.

രക്തസാക്ഷികളായ പോള്‍ യൂന‍ ജി-ചൂങ്ങും അദ്ദേഹത്തിന്‍റെ 123 കൂട്ടുകാരും ഉത്ഥിതനായ ക്രിസ്തുവിന്‍റെ സ്നേഹപ്രഭയാണ് ജീവിതത്തില്‍ പ്രതിഫലിപ്പിച്ചതും മറ്റുള്ളവരുമായി ജന്മനാട്ടില്‍ പങ്കുവച്ചതുമെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. കൊറിന്‍ മണ്ണില്‍ വേരുപിടിച്ച ക്രിസ്തുവിലുള്ള വിശ്വാസം ഇനിയും തഴച്ചുവളരട്ടെയെന്നും തന്‍റെ പ്രഥമ ഏഷ്യന്‍ സന്ദര്‍ശനത്തിന് ആമുഖമായി പാപ്പാ ആശംസിച്ചു.
വിശ്വാസപൈതൃകം കൈമാറിയ പഴയതലമുറയോടു ചേര്‍ന്നുനിന്നുകൊണ്ട് പുതിയതലമുറ സഭാ ജീവിതത്തിന്‍റെ കെട്ടുറപ്പാകണമെന്നും, തന്‍റെ സന്ദര്‍ശന വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.