2014-08-12 20:29:40

സങ്കീര്‍ത്തനങ്ങള്‍ (19)
ചിത്രപ്പെടുത്തുന്ന ദൈവികരൂപം


RealAudioMP3
‘സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കരണം’ എന്ന ചിന്ത ഈ പ്രക്ഷേപണത്തിലും തുടരുകയാണ്. സങ്കീര്‍ത്തകന്‍ ദൈവത്തിന് എത്രത്തോളം തന്‍റെ രചനകളില്‍ പ്രാമുഖ്യം, പ്രാഥമ്യം നല്കിയിരിക്കുന്നു, അത് എങ്ങനെയാണെന്നതാണ് സങ്കീര്‍ത്തനങ്ങളിലെ ദൈവശാസ്ത്രവീക്ഷണം, അല്ലെങ്കില‍ ദൈവാവിഷ്ക്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാനവചരിത്രത്തില്‍ ഇന്നും തെളിഞ്ഞുനില്ക്കുന്ന ഈ അത്യപൂര്‍വ ഗാനസമാഹാരത്തിന്‍റെ, സങ്കീര്‍ത്തന സമാഹാരത്തിന്‍റെ ലക്ഷൃം ഇവിടെ ചുരുളഴിയുകയാണ്. ദൈവത്തെ സ്തുതിക്കുവാനും, ആരാധിക്കുവനും അവിടുത്തെ മഹത്വപ്പെടുത്തുവാനും വേണ്ടിയാണ് ഈ ഹെബ്രായ കവിതകള്‍ അല്ലെങ്കില്‍ ഗീതങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് നമുക്കീ പഠനത്തില്‍ കൂടുതലായി മനസ്സിലാക്കാം.

കഴിഞ്ഞ പ്രക്ഷേപണത്തില്‍ ഇസ്രായേല്‍ ജനം ദൈവത്തെ മഹത്വത്തിന്‍റെ രാജാവായി ചിത്രീകരിക്കുന്നത് നാം കാണ്ടു. മാതൃകയായി ഉപയോഗിച്ച 24-ാം സങ്കീര്‍ത്തനം ഈ വിഷയം പ്രതിഫലിപ്പിക്കുന്നതുമായിരുന്നു. ‘ഇതാ, കര്‍ത്താവ് ആഗതനാകുന്നു. അവിടുന്ന് മഹത്വത്തിന്‍റെ രാജാവാണ്,’ എന്നു തുടങ്ങുന്ന സങ്കീര്‍ത്തനം ദൈവത്തെ പ്രകീര്‍ത്തിക്കുകയാണ്. അങ്ങനെ സങ്കീര്‍ത്തനങ്ങളുടെ പദങ്ങളില്‍ രചയിതാവിന്‍റെ മനസ്സില്‍ രൂഢമൂലമായിരിക്കുന്ന ദൈവശാസ്ത്ര വീക്ഷണമാണ് മെല്ലെ ചുരുളഴിയുന്നത് എന്നു നമുക്കു കാണാം. ഇനി, ഈ പ്രക്ഷേപണത്തില്‍ നാം ദൈവത്തെ രാജാവായി പ്രകീര്‍ത്തിച്ചുകൊണ്ടാണ് സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കാരം വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

Muscal parallel version of Psalm 47

ഈ പരമ്പരയില്‍ ദൈവത്തെ രാജാവായി സ്തുതിക്കുന്ന 47-ാം സങ്കീര്‍ത്തനത്തിന്‍റെ സമാന്തരരൂപമാണ് മാതൃക അല്ലെങ്കില്‍ പഠനസഹായിയായിട്ട് ഉപയോഗിക്കുന്നത്. രക്ഷാകര ചരിത്രത്തില്‍ പ്രത്യേകിച്ച് ഇസ്രായേലിന്‍റെ രൂപീകരിണത്തില്‍ ഇടപെടുന്ന രാജാവായ ദൈവം വിവിധ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഈ സങ്കീര്‍ത്തനം എണ്ണിയെണ്ണി പറയുന്നു. അങ്ങനെ ദൈവത്തെക്കുറിച്ചുള്ള ക്രിയാത്മകവും ഭാവാത്മകവുമായ ചിന്തകള്‍ സങ്കീര്‍ത്തനങ്ങളില്‍ നിറഞ്ഞിരിക്കുന്നുവെന്ന് ഈ ഗീതം വ്യക്തമാക്കുന്നു.

കൊച്ചിയുടെ ഗസ്സല്‍ ഗായകന്‍, അഫ്സലും സംഘവും ആലപിച്ച ഗാനം ചിട്ടപ്പെടുത്തിയത് ഫാദര്‍ ഷാജി തുമ്പേച്ചിറയും ജാക്സണ്‍ അരൂജയുമാണ്.

Psalm 47 parallel verses
സങ്കടമൊഴുകും ചെങ്കടല്‍ വഴിയില്‍ കര്‍ത്താവു നില്ക്കുന്നു
സങ്കടമഖിലം തന്‍കരവിരുതാല്‍ കര്‍ത്താവു നീക്കുന്നു
കര്‍ത്താവിനോശാന പാടാം, ഹല്ലേലൂ ഹല്ലേലൂ പാടാം
അബ്രഹാമിന്‍ ദൈവം അന്നെന്നപോലെ
ഇപ്പോഴും ജീവിക്കുന്നു, എന്നേയ്ക്കും ജീവിക്കുന്നു.

യാഹ്വേ നിശ്ശബ്ദനോ നിഷ്ക്രിയനോ നിര്‍ഗുണസമ്പന്നനോ അല്ല, അവിടുന്ന് സഞ്ജീവനും, സജീവനം, ക്രിയാത്മകനും, സല്‍ഗുണസമ്പന്നനുമാണെന്ന് സങ്കീര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. അവിടുന്ന് മൗനിയായിരിക്കുന്നില്ല. സ്വയം വെളിപ്പെടുത്തുകയും തന്‍റെ ജനത്തോട് സംവാദിക്കുകയും ഇടപഴകുകയും ചെയ്യുന്നു. അവിടുന്ന് ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങിവരുന്നു എന്നാണ് ഇസ്രായേലിന്‍റെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. സൃഷ്ടിയും അതിന്‍റെ പരിപാലനയുമെല്ലാം സ്രഷ്ടാവും നിയന്താവുമായ ദൈവത്തിന്‍റെ ക്രിയാത്മകവും സജീവുമായി സാന്നിദ്ധ്യവും ബലതന്ത്രവും വെളിപ്പെടുത്തുന്നു.

തന്‍റെ ജനത്തിന്‍റെ രൂപീകരണത്തിന്‍റെയും വളര്‍ച്ചയുടെയും ചരിത്രത്തില്‍ ദൈവം സദാ സന്നിഹിതനാണ്. അവിടുന്ന് ചെങ്കടല്‍ തീരത്തും, മാസ്സായിലും മെരീബായിലും ഹൊറേബിലും, സീനായിലും തന്നെത്തന്നെ വെളിപ്പെടുത്തുന്നു. രാത്രിയില്‍ അഗ്നിശലാകയായും, പകല്‍ മേഘസ്തംഭമായും ജനമദ്ധ്യത്തിലെത്തിയ കര്‍ത്താവ്, പ്രകൃതി സംഭവങ്ങളിലൂടെയും പ്രതിഭാസങ്ങളിലൂടെയും തന്‍റെ മഹത്വം പ്രകടമാക്കുന്നു. മന്നയായും നിര്‍ഝരിയായും ജനങ്ങളുടെ ആവശ്യങ്ങളെ അറിഞ്ഞു പ്രതികരിച്ച ദൈവം, അവിടെല്ലാം സ്വയം ആവിഷ്ക്കരിക്കുകയും തന്‍റെ സാന്നിദ്ധ്യം അനുഭവവേദ്യമാക്കുകയുമാണ് ചെയ്യുന്നത്. മാതൃകയായി ഉപയോഗിച്ചിരിക്കുന്ന 47-ാം സങ്കീര്‍ത്തനത്തിലെ പദങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍, ജനതകളുമേല്‍ വാഴുന്ന രാജാവായ ദൈവം ഇന്നും ജീവിക്കുന്നവനാണെന്ന് ഗായകന്‍ പ്രകീര്‍ത്തിക്കുന്നു.

‘ജനതകളേ കരഘോഷം മുഴക്കുവിന്‍, ദൈവത്തിന്‍റെ മുന്‍പില്‍
ആഹ്ളാദാരവം ഉയര്‍ത്തുവിന്‍. അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്, അവിടുന്ന്
ഭൂമി മുഴുവന്‍റെയും രാജാവുമാണ്. അവിടുന്ന് രാജ്യങ്ങളുമേല്‍ തന്‍റെ ജനത്തിനു വിജയം നേടിക്കൊടുത്തു, തിന്മയുടെ ശക്തികളെ അവിടുത്തെ പാദത്തിന്‍ കീഴിലാക്കി.
അവിടുന്നു നമ്മുടെ ഓഹരി തിരഞ്ഞെടുത്തു തന്നു. താന്‍ സ്നേഹിക്കുന്ന യാക്കോബിന്‍റെ അഭിമാനം അവിടുന്നു പാലിച്ചു. ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കര്‍ത്താവ് ആരോഹണംചെയ്തു. ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍, അവിടുത്തേയ്ക്ക് സ്തോത്ര ഗീതങ്ങളാലപിക്കുവിന്‍, നമ്മുടെ രാജാവിന് തപ്പു കൊട്ടിയും, കിന്നിരവും വീണയും ഇമ്പമായ് മീട്ടിയും ഗാനമാലപിക്കുവിന്‍...

Psalm 47 verse 1
റാഹാബിന്‍ കണ്ണീരു കണ്ടോരു നല്ലകര്‍ത്താവു ജീവിക്കുന്നു
മാറായില്‍ വെള്ളം മാധുര്യമാക്കിയ കര്‍ത്താവു ജീവിക്കുന്നു
സാംസന്‍റെ ദൈവം സാമുവേലിന്‍ ദൈവം എന്നെന്നും ജീവിക്കുന്നു
ഭീതിവെടിയുവന്‍ നീതിയണിയുവിന്‍ കര്‍ത്താവു ജീവിക്കുന്നു
കര്‍ത്താവു ജീവിക്കുന്നു. – സങ്കടമൊഴുകും...

നാം ശ്രവിച്ച 47-ാം സങ്കീര്‍ത്തനത്തിന്‍റെ സമാന്തരരൂപം ഇസ്രായിലിന്‍റെ ദൈവത്തെ അത്യുന്നതനായ ദൈവവും രാജാവും സ്രഷ്ടാവും ലോകത്തിന്‍റെ വിധിയാളനുമായി ആദരിച്ചു ബഹുമാനിക്കുന്നു. ഈ സ്തുതിപ്പിന്‍റെ അഭിധാനങ്ങളും വിശേഷണങ്ങളും വിവരണങ്ങളും വര്‍ണ്ണനാപദങ്ങളും ഇസ്രായേല്‍ക്കാര്‍ക്കു മുന്‍പേ പ്രചാരത്തിലിരുന്നതാണെന്ന് പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്നു. ഇവയുടെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ടത് ദൈവ്ത്തിന്‍റെ മഹിമയും ഔന്നത്യവും ശക്തിയും സാര്‍വ്വത്രികതയുമാണ്. യാഹേ മാത്രമാണ് ഭൂമിയില്‍ പരമോന്നതന്‍. അവിടുത്തെ ശബ്ദം എങ്ങും മുഴങ്ങിക്കേള്‍ക്കാം. അത്യുന്നതനായ യാഹ്വേ ഭൂമിമുഴുവന്‍റെയും രാജാവാണ്. അവിടുന്ന് സര്‍വ്വമഹത്ത്വത്തോടെയും സെഹിയോനില്‍ സിംഹാസനസ്ഥനാണ്. അവിടുത്തെ സിംഹാസനം എന്നേയ്ക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ‘യാഹ്വേ രാജാവായി വാഴുന്നു’ എന്ന് ആരാധനാസമൂഹം ഏറ്റുപറയുന്നു. രാജാവായ ദൈവത്തിന്‍റെ സാര്‍വ്വത്രികമായ ശക്തിയും, ഭൂമി മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന മഹിമയും സമൂഹം പ്രകീര്‍ത്തിക്കുന്നു. അത്യുന്നതനും രാജാവുമായ ദൈവം, അതേ സമയം സര്‍വ്വജീവജാലങ്ങളുടെയും സ്രഷ്ടാവുമാണ്. കാരണം, അവിടുന്ന് പ്രപഞ്ചത്തില്‍ ക്രമവും ചിട്ടയും സ്ഥാപിച്ചു. അവിടുന്നു ഭൂമിയെ സൃഷ്ടിച്ച് സ്ഥാപിക്കുകയും സൃഷ്ടവസ്തുക്കള്‍ക്ക് ക്രമവും നിയമവും അത്ഭുതാവഹമായ ഓജസ്സും ജീവശക്തിയും നല്കി. ആകാശമണ്ഡലത്തിലെ നക്ഷത്രകോടികളും, വളരുന്നതും വികസിക്കുന്നതും, ഒപ്പം നശിക്കുന്നതുമായ പ്രപഞ്ച വസ്തുക്കളും അവിടുത്തെ കരവേലയാണ്. ദൈവത്തിന്‍റെ സാര്‍വ്വത്രികമായ കര്‍ത്തൃത്വത്തിന്‍റെ അടിസ്ഥാനം അവിടുത്തെ സൃഷ്ടിവൈഭവം തന്നെ!

രാജാവും സ്രഷ്ടാവുമായ ദൈവത്തിന്‍റെ മഹത്ത്വവും പ്രൗഢിയും, വൈഭവവും ഗാംഭീര്യവും, ഉജ്ജ്വലതയും കീര്‍ത്തിയും ശ്രേഷ്ഠതയും മഹിമയും ഭൂമിയില്‍ എല്ലായിടത്തുമുണ്ട്, അതിനാല്‍ അനുദിനജീവിതത്തില്‍ അവ മനുഷ്യന് അനുഭവവേദ്യമാക്കുകയും ലഭ്യമാക്കുകയും ചെയ്യുന്ന സര്‍വ്വാധീശനെ സങ്കീര്‍ത്തകന്‍, ഇതാ.. തുടികൊട്ടി സ്തുതിക്കുന്നു!!

Psalm 47 verse 2
ദാവീദിന്‍ കയ്യില്‍ കല്ലായി മാറിയ കര്‍ത്താവു ജീവിക്കുന്നു
നാഥാന്‍റെ നാവില്‍ തീയായി മാറിയ കര്‍ത്താവു ജീവിക്കുന്നു
റൂത്തിന്‍റെ ദൈവം എസ്തേറിന്‍ ദൈവം എന്നെന്നും ജീവിക്കുന്നു
ഭീതിവെടിയുവിന്‍ നീതി അണിയുവിന്‍ കര്‍ത്താവു ജീവിക്കുന്നു
കര്‍ത്താവു ജീവിക്കുന്നു. – സങ്കടമൊഴുകും...
...
സാമ്രാജ്യങ്ങള്‍ ദൈവത്തിന്‍റെ ആധിപത്യത്തിന്‍ കീഴില്‍ലാണ്. അവിടുന്ന് അവയുടെ വിധികര്‍ത്താവാണ്. അവിടുന്ന് മനുഷ്യരെ വിധിക്കുന്നു. ഇപ്രകാരമുള്ള അഭിധാനങ്ങളാലും വിശേഷണങ്ങളാലും വര്‍ണ്ണനാപദങ്ങളാലും വിവരണങ്ങളാലും ആരാധനാസമൂഹം സെഹിയോനില്‍ സിംഹാസനസ്ഥനായ ഇസ്രായേലിന്‍റെ ദൈവത്തെ സ്തുതിക്കുകയും ബഹുമാനിക്കുയും ആരാധിക്കുകയും ചെയ്യുന്നു. അങ്ങനെ സങ്കീര്‍ത്തനാലാപനങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്ന, എന്നാല്‍ ജനമദ്ധ്യേജീവിക്കുന്ന ദൈവമായി മാറുന്നു യാഹ്വേ- ഇസ്രായേലിന്‍റെ ദൈവം. ഈ ഹെബ്രായ ഗീതങ്ങളിലെ ദൈവാവിഷ്ക്കരണത്തിന്‍റെ ശക്തമായ വികാരങ്ങള്‍ മാതൃകയായി ഉപയോഗിച്ചിരിക്കുന്ന 47-ാം സങ്കീര്‍ത്തനത്തിന്‍റെ താളക്കൊഴുപ്പില്‍ ഒരുക്കല്‍ ക്കൂടെ നമുക്കു ശ്രവിക്കാം. സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കരണത്തിന്‍റെ സ്വഭാവം ഈ സ്തുതിന്‍റെ താളക്കൊഴുപ്പില്‍ ഉള്‍ക്കൊള്ളാം.

അഫ്സലും സംഘവും ആലപിച്ച സങ്കീര്‍ത്തനം 47-ല്‍ സമാന്തരരൂപം ചിട്ടപ്പെടുത്തിയത്
ഫാദര്‍ ഷാജി തുമ്പേച്ചിറയും ജാക്സണ്‍ അരൂജയുമാണ്.

Psalm 47 parallel verses
സങ്കടമൊഴുകും ചെങ്കടല്‍ വഴിയില്‍ കര്‍ത്താവു നില്ക്കുന്നു
സങ്കടമഖിലം തന്‍കരവിരുതാല്‍ കര്‍ത്താവു നീക്കുന്നു
കര്‍ത്താവിനോശാന പാടാം, ഹല്ലേലൂ ഹല്ലേലൂ പാടാം
അബ്രഹാമിന്‍ ദൈവം അന്നെന്നപോലെ
ഇപ്പോഴും ജീവിക്കുന്നു, എന്നേയ്ക്കും ജീവിക്കുന്നു.
verse 1
ദാവീദിന്‍ കയ്യില്‍ കല്ലായി മാറിയ കര്‍ത്താവു ജീവിക്കുന്നു
നാഥാന്‍റെ നാവില്‍ തീയായി മാറിയ കര്‍ത്താവു ജീവിക്കുന്നു
റൂത്തിന്‍റെ ദൈവം എസ്തേറിന്‍ ദൈവം എന്നെന്നും ജീവിക്കുന്നു
ഭീതിവെടിയുവിന്‍ നീതി അണിയുവിന്‍ കര്‍ത്താവു ജീവിക്കുന്നു
കര്‍ത്താവു ജീവിക്കുന്നു. – സങ്കടമൊഴുകും...
verse 2
റാഹാബിന്‍ കണ്ണീരു കണ്ടോരു നല്ലകര്‍ത്താവു ജീവിക്കുന്നു
മാറായില്‍ വെള്ളം മാധുര്യമാക്കിയ കര്‍ത്താവു ജീവിക്കുന്നു
സാംസന്‍റെ ദൈവം സാമുവേലിന്‍ ദൈവം എന്നെന്നും ജീവിക്കുന്നു
ഭീതിവെടിയുവന്‍ നീതിയണിയുവിന്‍ കര്‍ത്താവു ജീവിക്കുന്നു
കര്‍ത്താവു ജീവിക്കുന്നു. – സങ്കടമൊഴുകും









All the contents on this site are copyrighted ©.