2014-08-08 20:17:59

പ്രഥമ ഏഷ്യന്‍ സന്ദര്‍ശനവും
അനുരഞ്ജന സന്ദേശവും


8 ആഗസ്റ്റ് 2014, വത്തിക്കാന്‍
അനുരഞ്ജനത്തിന്‍റെ സന്ദേശയുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഥമ ഏഷ്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതെന്ന് വത്തിക്കാന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ആഗസ്റ്റ് 7-ാം തിയതി ബുധനാഴ്ച രാവിലെ റോമില്‍ നടത്തിയ
വാര്‍ത്താസമ്മേളനത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗസ്റ്റ് 13-മുതല്‍ 18-വരെയള്ള കൊറിയ സന്ദര്‍ശന ലക്ഷൃത്തെക്കുറിച്ച്
ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആഗസ്റ്റ് 18-ന് പാപ്പാ ഫ്രാന്‍സിസ് ജനങ്ങള്‍ക്കൊപ്പം സിയോളിലെ
മിയോങ്-ടോങ് കത്തീഡ്രലില്‍ അര്‍പ്പിക്കുന്ന സമൂഹദിവ്യബലിയുടെ കേന്ദ്രസന്ദേശവും നിയോഗവും അനുരഞ്ജനത്തിലൂടെ സമാധാനമാര്‍ജ്ജിക്കണമെന്നതായിരിക്കുമെന്നും, ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

1984-ലും 89-ലും രണ്ടുതവണ കൊറിയ സന്ദര്‍ശിച്ചിട്ടുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാല്പാടുകള്‍ പിന്‍ചെന്ന് കൊറിയയിലെത്തുന്ന രണ്ടാമത്തെ പത്രോസിന്‍റെ പിന്‍ഗാമിയാണ്
പാപ്പാ ഫ്രാന്‍സിസെന്നും, രാഷ്ട്രീയ ചേരിതിരിവില്‍ ഭിന്നിച്ചുനില്ക്കുന്ന
തെക്കു-വടക്കു കൊറിയന്‍ രാഷ്ട്രങ്ങളെ അനുരഞ്ജനത്തിന്‍റെ പാതയില്‍ നയിക്കുകയാണ് പാപ്പായുടെ സന്ദര്‍ശനലക്ഷൃമെന്നും, ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി വിശദീകരിച്ചു.

+ കൊറിയന്‍ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം,
+ രാഷ്ട്രത്തലവന്മാരും ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച,
+ സഭാതലവാന്മാരുമായുള്ള നേര്‍ക്കാഴ്ച,
+ ഏഷ്യന്‍ യുവജനസംഗമത്തിലെ പങ്കാളിത്തം,
+ ഏപ്രില്‍ മാസത്തിലെ ഫെറിദുരന്തത്തില്‍ മരണമടഞ്ഞ 476-പേരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച,
+ വയോജനങ്ങളും അംഗവൈകല്യമുള്ളവരുമായവരുടെ സ്ഥാപനസന്ദര്‍ശനം,
+ രണ്ടാം ലോകമഹായുദ്ധകാലത്ത് ലൈഗീകചൂഷണത്തിന് ഇരകളായവരുമായുള്ള സാന്ത്വനസംവാദം എന്നിവ
പാപ്പായുടെ കൊറിയ സന്ദര്‍ശനത്തിലെ പ്രധാന ഇനങ്ങളെന്ന്
ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

11 പ്രധാനപ്പെട്ട പ്രഭാഷണങ്ങളും, ഏതാനും തത്സമയ ഹ്രസ്വസന്ദേശങ്ങളും
5 ദിവസം നീണ്ടുനില്ക്കുന്ന സന്ദര്‍ശനത്തിനിടെ പാപ്പാ ഫ്രാന്‍സിസ് നല്കുമെന്നും
ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.