2014-08-07 10:20:35

ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ
മഹനീയ മാതൃകയാണ് മറിയം


7 ആഗസ്റ്റ് 2014, വത്തിക്കാന്‍
യുവജനങ്ങള്‍ക്ക് ആത്മീയസ്വാതന്ത്ര്യത്തിന്‍റെ മാതൃകയാണ് മറിയമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ദൈവഹിതത്തിനു സമ്മതംമൂളിയ യേശുവിന്‍റെ അമ്മ, മറിയത്തെയാണ് തന്നെ കാണാനായി വത്തിക്കാനിലെത്തിയ യുവജനങ്ങള്‍ക്ക് പാപ്പാ മാതൃകയായി ചൂണ്ടിക്കാണിച്ചത്.

ദൈവികപദ്ധതിയില്‍ പങ്കുചേരുവാനുള്ള സമ്പൂര്‍ണ്ണ സമ്മതം മൂളിക്കൊണ്ട് തന്‍റെ വ്യക്തിസ്വാതന്ത്ര്യം ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും ഒരുപോലെ സമര്‍പ്പിക്കാന്‍ സന്നദ്ധയായ നസ്രത്തിലെ മറിയം യുവജനങ്ങള്‍ക്ക് മാതൃകയാണെന്ന് ആഗസ്റ്റ് 5-ാം തിയതി ചൊവ്വാഴ്ച സായാഹ്നത്തില്‍ യൂറോപ്പിന്‍റെ വിവിധഭാഗങ്ങളില്‍നിന്നുമെത്തിയ യുവജനങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു. സ്നേഹമായ ദൈവം കാലത്തിന്‍റെ തികവില്‍ തന്‍റെ പുത്രനെ ഈ ഭൂമിയിലേയ്ക്ക് അയച്ചു. നസ്രത്തിലെ സ്ത്രീയില്‍നിന്നും - മറിയത്തില്‍നിന്നും ജാതനായവന്‍ നിയമത്തിന് അധീനരായി ജീവിച്ചിരുന്നവരെ സ്വതന്ത്രരാക്കി ദത്തുപുത്രരായി സ്വീകരിച്ചു.
അങ്ങനെ ക്രിസ്തുവില്‍ വിശ്വാസിക്കുന്നവര്‍ എല്ലാവരും ദൈവമക്കളാണെന്ന്, വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയര്‍ക്കെഴുതിയ ലേഖനത്തെ ആധാരമാക്കി, പാപ്പാ യുവജനങ്ങളെ ആഹ്വാനംചെയ്തു. (ഗലാത്തി 4, 4-5).

ദൈവികപദ്ധതി ഈ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുവാനും പൂര്‍ത്തീകരിക്കുവാനും ദൈവം എപ്പോഴും മനുഷ്യരെ തിരഞ്ഞെടുക്കുന്നുവെന്നും, ‘ഇതാ, കര്‍ത്താവിന്‍റെ ദാസി,’ എന്നു പറഞ്ഞ് ദൈവഹിതത്തിന് വിധേയപ്പെടാനുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം കാണിച്ച മറിയം തന്‍റെ ജീവിതത്തില്‍ ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചും സേവിച്ചും സന്തോഷപൂര്‍ണ്ണയായും, ഭാഗ്യപൂര്‍ണ്ണയായും ജീവിച്ചുവെന്ന് പാപ്പാ പ്രസ്താവിച്ചു.
ദൈവം നമ്മില്‍നിന്നും എന്തു പ്രതീക്ഷിക്കുന്നുവെന്ന് വിവേചിച്ചറിഞ്ഞ് ജീവിതം മുന്നോട്ടു നയിക്കാന്‍ നസ്രത്തിലെ കന്യകാനാഥ യുവജനങ്ങളെ സഹായിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ ഹ്രസ്വപ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.