2014-08-05 20:18:02

ഹെബ്രായഗീതങ്ങളിലെ
ദൈവാവിഷ്ക്കരണം (18)


RealAudioMP3
സങ്കീര്‍ത്തനങ്ങളുടെ ദൈവശാസ്ത്ര വീക്ഷണമാണല്ലോ കഴിഞ്ഞ പരമ്പരയില്‍ നാം ചര്‍ച്ചാവിഷയമാക്കിയത്. അതായത് സങ്കീര്‍ത്തനങ്ങളില്‍ ദൈവത്തിന് എത്രത്തോളം പ്രാമുഖ്യം നല്കിയിരിക്കുന്നു, അത് എങ്ങനെയാണ്, എന്നതാണ് സങ്കീര്‍ത്തനങ്ങളിലെ ദൈവശാസ്ത്ര വീക്ഷണം എന്നു പറയുന്നതുകൊണ്ടും നാം വിവക്ഷിക്കുന്നത്.

കഴിഞ്ഞ പ്രക്ഷേപണത്തില്‍ എപ്രകാരം ജരൂസലേമിന്‍റെ അല്ലെങ്കില്‍ സെഹിയോന്‍റെ പശ്ചാത്തലത്തില്‍ സങ്കീര്‍ത്തനങ്ങള്‍ ദൈവസ്തുതിപ്പുകളാണ് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. സെഹിയോന്‍ സങ്കീര്‍ത്തനങ്ങളില്‍ ദൈവാലയത്തിലെ ദൈവികസാന്നിദ്ധ്യത്തെ സങ്കീര്‍ത്തകന്‍ ജനങ്ങള‍ക്കൊപ്പം പ്രഘോഷിക്കുന്നതായി നാം കണ്ടതാണ്. മാതൃകയായി നാം ഉപയോഗിച്ച 83-ാം സങ്കീര്‍ത്തനം ജരൂസലേമിനെ, സെഹിയോനെ പ്രകീര്‍ത്തിച്ചുകൊണ്ടു പാടിയത്, ‘കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്രമോഹനം, എത്ര മനോഹരം...’ എന്നാണ്. ജരൂസലേം സങ്കീര്‍ത്തനങ്ങളിലെ ദൈവശാസ്ത്ര വീക്ഷണം ഈ ഗീതം സുവ്യക്തമാക്കുന്നു. ഇക്കുറിയും സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കാരം എന്ന ചിന്തയിലേയ്ക്ക് നാം കടക്കുകയാണ്.

Musical Version of Psalm 24

ഈ പരമ്പരയില്‍ പഠന സഹോയിയായിട്ട് ഉപയോഗിച്ചിരിക്കുന്നത് 24-ാം സങ്കീര്‍ത്തനമാണ്. കര്‍ത്താവിന‍റെ മഹത്വമാര്‍ന്ന് സാ്നിദ്ധ്യം – ദേവാലയത്തില്‍ മാത്രമല്ല, പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കുന്നു. ദൈവിക സാന്നിദ്ധ്യം സങ്കീര്‍ത്തകന്‍ ഈരടികളില്‍ ഏറ്റുപാടുന്നു.
ഗാഗുല്‍ ജോസഫും സംഘവുമാണ് ഈ സങ്കീര്‍ത്തനം ആലപിച്ചിരിക്കുന്നത്. സംഗീതാവിഷ്ക്കാരം ഫാദര്‍ വില്യം നെല്ലിക്കല്‍, ഹാരി കൊറയ എന്നിവരാണ്.

Psalm 24
കര്‍ത്താവാഗതനാകുന്നു മഹത്വത്തിന്‍റെ രാജാവ്
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്. (2)

കര്‍ത്താവ് മഹത്വമാര്‍ന്നവനാണ്, മഹത്വത്തിന്‍റെ രാജാവാണവിടുന്ന്, സ്തുതിയും മഹത്വവും യാഹ്വേയ്ക്കു മാത്രമുള്ളതാണ്. അത്യുന്നതനും രാജാവും സ്രഷ്ടാവും ലോകത്തിന്‍റെ വിധിയാളനുമായ ദൈവത്തിന് സങ്കീര്‍ത്തകന്‍ ആദരവും ബഹുമാനവും അര്‍പ്പിക്കുന്നു. പ്രപഞ്ഛ സ്രഷ്ടാവിന്‍റെ സാന്നിദ്ധ്യത്തെ സങ്കീര്‍ത്തകന്‍ എങ്ങനെയാണ് പ്രകീര്‍ത്തിക്കുന്നത്? ‘ഇതാ, കര്‍ത്താവ് പ്രകാശിക്കുന്നു. അഗ്നി അവിടുത്തെ മുന്നില്‍ എറിയുന്നു. അധരങ്ങളില്‍നിന്നും സംഹാരാഗ്നി പുറപ്പെടുന്നു. അവിടുത്തെ നാസികയില്‍നിന്നും ധൂപപടലമുയരുന്നു.’ അങ്ങനെ യാഹ്വേയുടെ സാന്നിദ്ധ്യം അല്ലെങ്കില്‍ പ്രത്യക്ഷീകരണം വിവരിക്കുന്നത്, പ്രകാശത്തിന്‍റെയും ജ്വാലയുടെയും അഗ്നിയുടെയും ധൂപദീപങ്ങളുടെയും പ്രതിബിംബങ്ങലിലാണ്. പ്രകാശവും ജ്വാലും മിന്നലുമെല്ലാം അവിടുത്തെ മഹത്വപൂര്‍ണ്ണമായ സാന്നിദ്ധ്യത്തിന്‍റെയും ദൈവാവിഷ്ക്കാരണത്തിന്‍റെയും അടയാളങ്ങള്‍ മാത്രമാണ്. ആരാധനാസമൂഹം വിളിച്ചു പറയുകയാണ്, ‘ഇതാ, കര്‍ത്തവ് ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്. മഹത്വപൂര്‍ണ്ണമായ എഴുന്നള്ളത്തിന്‍റെ ഭാഗമായിട്ടാണ് അവിടുത്തെ മുഖം പ്രകാശിക്കുന്നത്’ (80, 1). ഒപ്പം, അവര്‍ അപേക്ഷിക്കുകയും ചെയ്യുന്നു. ‘കര്‍ത്തവേ, അങ്ങേ മുഖം പ്രകാശിക്കട്ടെ,’ എന്നും (80, 3).
സങ്കീര്‍ത്തകന്‍ പ്രകീര്‍ത്തിക്കുന്നു. ‘ഭൂമിയും അതിലെ സകലനിവാസികളും, ഭൂതലം അതിലെ സമസ്ഥവസ്തുക്കളും കര്‍ത്താവിന്‍റേത്. സമുദ്രങ്ങള്‍ക്കുമേലെ അതിന് അടിസ്ഥാനമുറപ്പിച്ചതും നദികള്‍ക്കുമേലെ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവല്ലോ..’ എന്ന് ഏറ്റുപാടുമ്പോള്‍ സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ ദൈവികസാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെടുകയാണ്.

Psalm 24 verse 1.

കര്‍ത്താവാഗതനാകുന്നു മഹത്വത്തിന്‍റെ രാജാവ്
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്. (2)

ഭൂമിയും അതിലെ സകല നിവാസികളും
ഭൂതലം അതിലെ സമസ്ത വസ്തുക്കളും കര്‍ത്താവിന്‍റേത്
സമുദ്രങ്ങള്‍ക്കുമേലെ അതിന് അടിസ്ഥാനമുറപ്പിച്ചതും
നദികള്‍ക്കുമേലെ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവല്ലോ.
- കര്‍ത്താവാഗതനാകുന്നു

സങ്കീര്‍ത്തകന്‍റെ ദൈവാവിഷ്ക്കരണ ശൈലി ഇനിയും നാം എങ്ങനെയാണ് മനസ്സിലാക്കുക? സത്യത്തില്‍ ദൈവാവിഷ്ക്കരണം ആര്‍ജ്ജിക്കാന്‍ സാധിക്കാത്തത് ഒരു ജനം – ഇസ്രായേല്‍ അതിനുവേണ്ടി അപക്ഷിക്കുകയാണ് (80, 1). ഇസ്രായേലിന്‍റെ ആത്മീയ ചരിത്രത്തിലൊക്കെ നിരന്തരമായി ഈ പരിശ്രമം, ദൈവിക സാന്നിദ്ധ്യാനുഭവത്തിനും, ദൈവാവിഷ്ക്കരണത്തിനുമായുള്ള പരിശ്രമം ശക്തമായി പ്രകടമാകുന്നുണ്ട്.

അവരുടെ ആരാധനക്രമ ഗീതങ്ങളില്‍ പഴയനിയമ വിശ്വാസമനുസരിച്ച് യാവേ അദൃശ്യനും, അപ്രതീബിംബനുമാണ്. പിന്നെ പുരാതനമായ ഇസ്രായേലിന്‍റെ ചരിത്രത്തില്‍, മോശയുടെ കാലത്തുള്ള സീനായ് മലിയിലെ ദൈവാവിഷ്ക്കരണം പുറപ്പാടുഗ്രന്ഥത്തില്‍ നമുക്കു കാണാം. ചരിത്രത്തില്‍ ഇസ്രായേലിലെ ദൈവാവിഷ്ക്കരണത്തിന്‍റെ പ്രകടനങ്ങല്‍ പ്രവാചക വാക്യങ്ങളിലും കാണാം.

ഇസ്രായേലിലെ ദൈവാവിഷ്ക്കരണത്തിന്‍റെ പ്രകടനങ്ങള്‍ പ്രവാചക വാക്യങ്ങളിലും കാണാം. എശയായുടെ ഗ്രന്ഥത്തിലെ 6-ാം അദ്ധ്യായത്തില്‍ ദൈവാവിഷക്കാരത്തിന്‍റെ അനുഭവത്തിലാണ് പ്രവാചകന്‍, ശുദ്ധിചെയ്യപ്പെടുന്നതും, കര്‍ത്താവിന്‍റെ വിളികേട്ട്. ‘ഇതാ, ഞാന്‍...’ എന്ന് പ്രത്യുത്തരിക്കുന്നതും.

ഇന്നത്തെ മാതൃകാ സങ്കീര്‍ത്തനം 24-ന്‍റെ പദങ്ങളിലേയ്ക്ക് നമുക്കൊന്ന് എത്തി നോക്കാം.

Psalm 24 verse 2.

കര്‍ത്താവാഗതനാകുന്നു മഹത്വത്തിന്‍റെ രാജാവ്
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്. (2)


കര്‍ത്താവിന്‍റെ മലയില്‍ ആരുകയറും
അവിടുത്തെ വിശുദ്ധ സ്ഥലത്ത് ആരു നില്ക്കും?
കളങ്കമറ്റ കൈകളും, നിര്‍മ്മലമായ ഹൃദയവും ഉള്ളവന്‍ മാത്രം,
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും
കള്ളസത്യം ചെയ്യാത്തവനും..... അവന്‍ കര്‍ത്താവിന്‍റേത്.
- കര്‍ത്താവാഗതനാകുന്നു

കര്‍ത്താവിനെ, ദൈവത്തെ പ്രപഞ്ച സ്രഷ്ടാവായും സങ്കീര്‍ത്തകന്‍ ചിത്രീകരിക്കുന്നു.
ജനം ഏറ്റുപാടുകയാണ്. ഈ പ്രപഞ്ചവും, എല്ലാമും അവിടുത്തേതാണ്. സൃഷ്ടികളില്‍, സൃഷ്ടവസ്തുക്കളില്‍ ദൈവികസാന്നിദ്ധ്യം അംഗീകരിക്കുയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ധാരണ പഴയ നിയമത്തിലേതാണെന്ന് നമുക്കു മനസ്സിലാക്കാം. ഉല്പത്തിപ്പുസ്തകം, കര്‍ത്താവിന്‍റെ സാന്നിദ്ധ്യം ജലത്തിനു മേലും, ഭൂമിമുഴുവനും വരിയുന്നതായി വിവരിച്ചിരിക്കുന്നു. അവസാനം സൃഷ്ടിയുടെ പൂര്‍ത്തീകരണത്തില്‍ വ്യാപൃതനാകുന്ന സ്രഷ്ടാവിന്‍റെ ആവിഷ്ക്കാരത്തിലുമാണ് ഭൂമിയും,
ഈ പ്രപഞ്ചം തന്നെയും യാഥാര്‍ത്ഥ്യമാകുന്നത്.

പുറപ്പാടിന്‍റെ ചരിത്രത്തില്‍ കര്‍ത്താവിന്‍റെ മലയില്‍ പ്രവേശിച്ചാണ് മോശ കല്പനയുടെ കല്‍ഫലകങ്ങള്‍ സ്വീകരിക്കുന്നത്, തന്‍റെ ജനത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പുറപ്പാടുവഴികളും സീനായ് മലയിലെ ദൈവാവിഷ്ക്കരണത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. മലയെ മേഘം ആവരണം ചെയ്യുന്നതും, ഇടിനാദം കേള്‍ക്കുന്നതും, അഗ്നിജ്വലിച്ചിറങ്ങുന്നതുമെല്ലാം ദൈവികസാന്നിദ്ധ്യത്തിന്‍റെ പഴയനിയമ സങ്കല്പങ്ങള്‍ തന്നെയാണെന്ന്
ഈ വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍ സ്പഷ്ടമാക്കുന്നു.

അങ്ങനെ ഇസ്രായിലിന്‍റെ ദൈവം ജരൂസലത്ത് സ്വയം വെളിപ്പെടുത്തുന്നു.
ജനം അവിടുത്തെ സന്നിധിയില്‍ പ്രണമിക്കുന്നു. ഈ പ്രണാമവും ആരാധനയും ദൈജനത്തിന്‍റെ വിശ്വാസ പ്രകരണത്തിന്‍റെ ശ്രേഷ്ഠമൂഹൂര്‍ത്തങ്ങളാണ് – ഒപ്പം ജനത്തിന് അവ ദൈവാവിഷ്ക്കരണത്തിന്‍റെ അനുഭവങ്ങളുമാണ്. ഇവയെല്ലാം അവര്‍ പ്രകടമാക്കിയിരുന്നത് സങ്കീര്‍ത്തനാലാപനങ്ങളിലൂടെയാണെന്ന് പറയുമ്പോള്‍, എത്രത്തോളം ദൈവാവിഷ്ക്കരണത്തിന്‍റെ അല്ലെങ്കില്‍ ദൈവികസാന്നിദ്ധ്യത്തിന്‍റെ ധാരണയും രീതികളും സങ്കീര്‍ത്തനങ്ങളുടെ ഓരോ പദങ്ങളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. തീര്‍ച്ചയായും ഇത് സങ്കീര്‍ത്തനങ്ങളിലെ ദൈവശാസ്ത്ര വീക്ഷണത്തെ പ്രത്യക്ഷമാക്കുകയും പ്രകടമാക്കുകയും ചെയ്യുന്നു.

Psalm 24 verse 3.

കര്‍ത്താവാഗതനാകുന്നു മഹത്വത്തിന്‍റെ രാജാവ്
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്. (2)

അവരുടെമേല്‍ കര്‍ത്താവു നന്മ വര്‍ഷിക്കും
രക്ഷകനായ ദൈവം അവര്‍ക്ക് നീതി നടപ്പാക്ക്കും
ഇവരാണു ദൈവ്ത്തിന്‍റെ നീതിതേടുന്നവര്‍
യാക്കോബിന്‍ ദൈവത്തെ തേടുന്നവര്‍,
ദൈവത്തെ തേടുന്നവര്‍.
- കര്‍ത്താവാഗതനാകുന്നു

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

സങ്കീര്‍ത്തനങ്ങളിലെ ദൈവാവിഷ്ക്കാരം, എന്ന പഠനം വീണ്ടും അടുത്തയാഴ്ചയില്‍








All the contents on this site are copyrighted ©.