2014-08-05 09:46:21

സിഡ്നിയുടെ മുന്‍മെത്രാപ്പോലീത്ത
കര്‍ദ്ദിനാള്‍ ക്ലാന്‍സി അന്തരിച്ചു


5 ആഗസ്റ്റ് 2014, സിഡ്നി
ഓസ്ട്രേലിയായിലെ സിഡ്നി അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ എഡ്വേര്‍ഡ് ബീഡ് ക്ലാന്‍സിയാണ് ഓഗസ്റ്റ് 3-ാം തിയതി ഞായറാഴ്ച രാവിലെ അന്തരിച്ചത്.
2001-ല്‍ സഭാഭരണത്തില്‍നിന്നും വിരമിച്ച കര്‍ദ്ദിനാള്‍ ക്ലാന്‍സി, വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ 90-മത്തെ വയസ്സില്‍ സിഡ്നിയിയില്‍വച്ചാണ് അന്തരിച്ചതെന്ന് ഓസ്ത്രേലിയയിലെ വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

1923-ല്‍ കിഴക്കന്‍ ഓസ്ത്രേലിയയില്‍, സിഡ്നിക്കടത്തുള്ള ലിത്ഗൌ വ്യവസായ നഗരത്തിലാണ് ജനനം. ബത്തേഴ്സ്റ്റ് രൂപതാംഗമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 16-ാം വസ്സില്‍ Springwood-ലെ വിശുദ്ധ കൊളുംബായുടെ നാമത്തിലുള്ള സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു. പിന്നീട്, റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് ദൈവശാസ്ത്രവും, ബിബ്ലിക്കത്തില്‍നിന്ന് ബൈബിള്‍വിജ്ഞാനീയത്തില്‍
ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കി.

1949-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ആദ്യകാല അജപാലന ശുശ്രൂഷാ ജീവിതത്തിനുശേഷം, 1958-ല്‍ വിശുദ്ധ കൊളുമ്പായുടെ നാമത്തിലുള്ള യൂണിവേഴ്സിറ്റിയില്‍ ബൈബിള്‍ വിജ്ഞാനീയം അദ്ധ്യാപകനായി നിയമിതനായി. 1973-ല്‍ സിഡ്നി അതിരൂപതയുടെ സഹായമെത്രാനായും നിയുക്തനാപ്പക്കപ്പെട്ട എഡ്വേര്‍ഡ് ബീഡ് ക്ലാന്‍സി 1978-ല്‍ അവിടത്തെ മെത്രാപ്പീലാത്തയായി ഉയര്‍ത്തപ്പെട്ടു. പിന്നെ 2001-ാമാണ്ടില്‍ വിരമിക്കുന്നതുവരെ അദ്ദേഹം സിഡ്നിയുടെ മെത്രാപ്പോലീത്തയായി തുടര്‍ന്നു. 75 വയസ്സ് കാനോനിക പ്രായപരിധിയെത്തിയപ്പോള്‍ തന്നെ അദ്ദേഹം സ്ഥാനത്യാഗത്തിനുള്ള സന്നദ്ധ പ്രകടമാക്കിക്കൊണ്ട് വത്തിക്കാനില്‍ രാജിസമര്‍പ്പിച്ചിരുന്നെങ്കിലും, 2001-മാത്രമാണ് സിഡിനിക്ക് പുതിയ മെത്രാപ്പോലീത്തയെ ലഭിച്ചത്.

1988-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ആര്‍ച്ചുബിഷപ്പ് ക്ലാന്‍സിയെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. 1986-മുതല്‍ 2000-ാമാണ്ട് കാലയളവില്‍ കര്‍ദ്ദിനാള്‍ ക്ലാന്‍സി ആസ്ത്രേലിയയുടെ ദേശീയമെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആംഗലഭാഷാവിഭാഗം ആഗോള ആരാധനക്രമ കമ്മിഷന്‍ അംഗം,
ആഗോള സഭയുടെ മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന്‍റെ (സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള സിനഡിന്‍റെ) ഡെപ്യൂട്ടി സെക്രട്ടറി എന്നീ നിലകളിലും കര്‍ദ്ദാന്‍ ക്ലാന്‍സി സ്തുത്യര്‍ഹമായ സേവനംചെയ്തിട്ടുണ്ടെന്ന് ആസ്ത്രേലിയയിലെ വത്തിക്കാന്‍ സ്ഥാനപതി മന്ദിരത്തില്‍നിന്നും ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

(അന്തരിച്ച കര്‍ദ്ദിനാള്‍ ക്ലാന്‍സിയുടെ അന്തിമോപചാര ശുശ്രൂഷകള്‍ പിന്നീട് സിഡ്നി കത്തീഡ്രല്‍ ദേവലയത്തില്‍ നടത്തപ്പെടുമെന്നും, അവിടത്തെക്രിപ്ടില്‍ സംസ്ക്കരിക്കുമെന്നും പ്രസ്താവന അറിയിച്ചു.)

കര്‍ദ്ദിനാള്‍ ക്ലാന്‍സിയുടെ നിര്യാണത്തോടെ സഭയുടെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ എണ്ണം 211-ായി കുറയുന്നു. അതില്‍ 118-പേര്‍ 85 വയസ്സിനു താഴെ സഭയുടെ ഔദ്യോഗിക കാര്യങ്ങളിലും പാപ്പായുടെ തിരഞ്ഞെടുപ്പിലും വോട്ടവകാശമുള്ളവരും, ബാക്കി 93-പേര്‍ 85-വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.








All the contents on this site are copyrighted ©.