2014-08-02 10:12:23

സ്നേഹദൂതുമായി
പാപ്പാ ഫ്രാന്‍സിസ്
മദര്‍ തെരേസായുടെ നാട്ടിലെത്തും


2 ആഗസ്റ്റ് 2014, വത്തിക്കാന്‍
വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ നാട്ടിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര പ്രത്യാശ പകരുന്നതാണെന്ന്, വത്തിക്കാന്‍ റേഡിയോ അല്‍ബേനിയ വിഭാഗത്തിന്‍റെ തലവന്‍, ഫാദര്‍ ജോര്‍ജ്ജ് മേത്താ പ്രസ്താവിച്ചു.

സെപ്റ്റംബര്‍ 21-നുള്ള പാപ്പായുടെ സന്ദര്‍ശനം മദര്‍ തെരേസായുടെ നാമത്തിലുള്ള തിരാനാ അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് തുടക്കമിടുന്നതെന്നും, തുര്‍ന്ന് സന്ദര്‍ശനത്തിന്‍റെ പ്രധാന ഇനമായ ജനങ്ങള്‍ക്കൊപ്പമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിന് വേദിയാകുന്നതും മദര്‍ തെരേസായുടെ നാമത്തില്‍ തിരാനായിലുള്ള ചത്വരമാണെന്നും ഫാദര്‍ ജോര്‍ജ്ജ് മേത്താ പ്രസ്താവിച്ചു.

‘ദൈവത്തോടു ചേര്‍ന്നുനിന്നാല്‍, പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല,’ (റോമ. 5) എന്ന ആപ്തവാക്യവുമായിട്ടാണ് പാപ്പാ കിഴക്കന്‍ യൂറോപ്യന്‍ രാജ്യവും, പാവങ്ങളുടെ അമ്മയായ കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ നാടുമായ അല്‍ബേനിയ സന്ദര്‍ശിക്കുന്നതെന്നും, ഫാദര്‍ മേത്താ വിശദീകരിച്ചു.

മദര്‍ തെരേസാ അല്‍ബേനിയ വംശജയാണ്. അവിഭക്ത ഓട്ടോമാന്‍ സാമ്രാജ്യത്തിലെ സ്ക്കോപ്ജെ എന്ന സ്ഥലത്താണ് ജനിച്ചത്. പിന്നീടുണ്ടായാ രാഷ്ട്രീയ വിഭജനത്തില്‍ സ്ക്കോപ്ജെ മാസിഡോണിയായുടെ തലസ്ഥാനമായി മാറി. മദര്‍ തെരേസായുടെ അല്‍ബേനിയന്‍ കുടുംബം തിരാനായിലേയ്ക്ക് കുടിയേറി പാര്‍ത്തതിനാല്‍ മദറിന്‍റെ പിന്നീടുള്ള കുടംബചരിത്രം ഇന്നത്തെ അല്‍ബനിയയിലാണെന്നു പറയാം.








All the contents on this site are copyrighted ©.