2014-08-02 10:25:11

ഗാസായിലെ അതിര്‍ത്തിപ്പോരാട്ടം
ഇരകളാക്കപ്പെടുന്നവര്‍ പാവങ്ങള്‍


2 ആഗസ്റ്റ് 2014, വത്തിക്കാന്‍
ഇസ്രായേലി പലസ്തീന്‍ സംഘര്‍ഷത്തിലെ അധികം ഇരകളും നിര്‍ദോഷികളായ സാധാരണക്കാരാണെന്ന്, കാരിത്താസ് (caritas), ഉപവി പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്,
കാര്‍ദ്ദിനാള്‍ റോഡ്രീഗസ് മരദിയാഗാ പ്രസ്താവിച്ചു.

പലസ്തീനായിലെ ഗാസപ്രവിശ്യ താവളമാക്കി പോരാടുന്ന ഹമാസ് മുസ്ലീം വിമതര്‍ക്കെതിരായുള്ള സംഘട്ടനത്തില്‍ മരണമടയുന്നത് കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള സാധാരണ ജനങ്ങളാണെന്ന്, ആഗസ്റ്റ് 1-ാം തിയതി റോമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ മരദിയാഗാ ചൂണ്ടിക്കാട്ടി.

ഗാസ പ്രവിശ്യയില്‍ കെടുതിയില്‍പ്പെട്ട സാധാരണ ജനങ്ങളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന ‘കാരിത്താസ്’ സേവകര്‍ തങ്ങളുടെ ജീവന്‍പോലും പണയംവച്ചാണ് ഹമാസ്-ഇസ്രായേലി പോരാട്ടത്തില്‍ ഇരകളായ പാവപ്പെട്ടവരെ തുണയ്ക്കുന്നതെന്ന് ‘കരിത്താസി’ന്‍റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുവെന്നും കര്‍ദ്ദിനാള്‍ മരദിയാഗാ വെളിപ്പെടുത്തി.

വെള്ളം, ഭക്ഷണം, മരുന്നുപോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കായി വിഷമിക്കുന്ന ജനങ്ങള്‍ സമാധനാപൂര്‍ണ്ണമായ അന്തരീക്ഷം സ്വപ്നംകാണുന്നുവെന്നുങ്കിലും, വിമതരുടെ ഒളിപ്പോരാട്ടത്തെ ചെറുക്കുവാന്‍ ഇസ്രായേല്‍ ഉപോയോഗിക്കുന്ന ബഹുദൂര മിസ്സൈലുകളും ബോംബുകളും നിര്‍ദോഷികളെയാണു കൊലചെയ്യുന്നതെന്നും, വിശുദ്ധനാട്ടിലെ ജനജീവിതം ദുസ്സഹമാക്കുകയാണെന്നും, ആ പുണ്യഭൂമിയെ ഇനിയും രക്തപങ്കിലമാക്ക്കുകയാണെന്നും കര്‍ദ്ദിനാള്‍ മരദിയാഗ പ്രസ്താവനയിലുടെ പ്രതികരിച്ചു.

സമാധാനശ്രമം വെല്ലുവിളിയാണെന്നും, പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചതുപോലെ സാമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പക്ഷംചേര്‍ന്ന്, യുദ്ധവും അക്രമവും നിഷേധിക്കുവാന്‍ രാഷ്ട്രനേതാക്കള്‍ക്ക് ധീരതയും സംവാദശേഷിയും സുതാര്യതയും അനിവാര്യമാണെന്നും കര്‍ദ്ദിനാള്‍ മരദിയാഗ അഭിപ്രായപ്പെട്ടു.
Photo : Preisent of the Caritas International, Cardinal Rodrigues Maradiaga sdb in Jordan








All the contents on this site are copyrighted ©.