2014-07-31 15:26:43

ഫാദര്‍ എഫ്രേം നരികുളം
ഛാന്ദ രൂപതയുടെ മെത്രാന്‍


31 ജൂലൈ 2014, വത്തിക്കാന്‍
ഫാദര്‍ എഫ്രേം നരികുളത്തെ വടക്കെ ഇന്ത്യയിലെ ഛാന്ദ രൂപതയുടെ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. കേരളത്തിലെ എറണാകുളം-അങ്കമാലി സീറോ മലബാര്‍ അതിരൂപതാംഗമാണ് നിയുക്തമെത്രാന്‍ ഫാദര്‍ എഫ്രേം നരികുളം.

ഛാന്ദ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് വിജയ് ആനന്ദ് നെടുമ്പുറം കാനോനിക പ്രായപരിധി 75 വയസ്സ് പൂര്‍ത്തിയായി വിരമിച്ചതിനെ തുടര്‍ന്നാണ് ഫാദര്‍ എഫ്രെം നരികുളത്തിന്‍റെ നിയമനം ജൂലൈ 31-ാം വെള്ളിയാഴ്ച വത്തിക്കാന്‍ അറിയിച്ചത്. സീറോ മലബാര്‍ സിനഡിന്‍റെ നാമനിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ക്യാനഡയിലെ ടൊറേന്‍റോ അതിരൂപതയില്‍ താല്ക്കാലിക സേവനംചെയ്തിരുന്ന ഫാദര്‍ എഫ്രേം നരികുളത്തെ ഛാന്ദയുടെ മെത്രാനായി നിയമിച്ചത്.

ഫാദര്‍ എഫ്രേം 1960 ഡിസംബര്‍ 10-ാം വൈപ്പിന്‍കരിയില്‍ നായരമ്പലത്തുള്ള സാഞ്ചോ പുരത്താണ് ജനിച്ചത്. അതിരൂപതാ സെനിനാരിയില്‍ പ്രാഥമിക പഠനങ്ങളും, ചെന്നൈയിലെ പൂനമലി സെമിനാരിയില്‍ തത്വ-ശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങളും, പിന്നീട് ബാംഗളൂര്‍ സെന്‍റ് പീറ്റര്‍ സെമിനാരിയില്‍ ആദ്ധ്യാത്മിക ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദവും പൂര്‍ത്തിയാക്കി. 1986 ഡിസംബര്‍ 27-നാണ് പൗരോഹിത്യം സ്വീകരിച്ചത്.

ആദ്യകാല അജപാലന ശുശൂഷകള്‍ എറണാകുളത്തും പിന്നീട് ഛാന്ദ മിഷനിലുമായി തുടക്കമിട്ടു.
പിന്നീട് കാനഡയിലെ ടൊറേന്‍റോ അതിരൂപതിലാണ് അജപാലനശുശ്രൂഷകള്‍ തുടര്‍ന്നത്. ടൊറേന്‍റോ ദൈവശാസ്ത്ര വിദ്യാപീഠത്തില്‍ അദ്ധ്യാപകന്‍, രൂപതാ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനംചെയ്തിട്ടുണ്ട്. കൂടാതെ അവിടത്തെ സീറോ-മലബാര്‍ സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷയിലും പുതിയ നിയമനംവരെ വ്യാപൃതനായിരുന്നു.

1977-ല്‍ പോള്‍ ആറാമന്‍ പാപ്പായാണ് മഹാരാഷ്ട്ര സംസ്ഥാനത്ത് ഛാന്ദ നഗരം കേന്ദ്രീകരിച്ച് പുതിയ രൂപത സ്ഥാപിച്ചത്. സി.എം.ഐ. (Carmelites of Mary Immaculate) സഭാംഗമായ ജനുവാരിയൂസ് പാലതുരുത്തിയായിരുന്നു പുതിയ രൂപതയുടെ പ്രഥമ മെത്രാന്‍. നാഗ്പ്പൂര്‍ അതിരൂപതയുടെ കീഴിലായിരുന്നു സീറോ മലബാര്‍ സഭാംഗങ്ങളുടെ അജപാല ശുശ്രൂഷയ്ക്കായിട്ടാണ് ആദ്യം ഛാന്ദ എപ്പാര്‍ക്കിയും പിന്നെ രൂപതയും സ്ഥാപിതമായത്. ഇന്ന് 15,000-ത്തോളം വിശ്വാസികളാണ് ചെറിയ ഛാന്ദാ രൂപതയിലുള്ളത്.








All the contents on this site are copyrighted ©.