2014-07-29 12:18:12

ജരൂസലേം ദേവാലയവും
ദൈവികസാന്നിദ്ധ്യ കീര്‍ത്തനങ്ങളും (17)


RealAudioMP3
സങ്കീര്‍ത്തനങ്ങളുടെ ദൈവശാസ്ത്രപരമായ വീക്ഷണമാണ് നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ ചര്‍ച്ചചെയ്തത്. പഴയനിയമകാലത്ത് ഉത്ഭവിച്ചതും വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പടുത്തിയിട്ടുള്ളതുമായ എല്ലാ സങ്കീര്‍ത്തനങ്ങളുടെയും കേന്ദ്രസ്ഥാനത്ത് ദൈവമാണ് - ഇതാണ് ഇന്നും നമ്മുടെ പ്രതിപാദ്യവിഷയം. ചില സങ്കീര്‍ത്തനങ്ങള്‍ ദൈവത്തെക്കുറിച്ചുള്ള സ്തുതിപ്പാണ്. മറ്റു ചിലത് നന്ദിപ്രകടനങ്ങളാണ്. യാചനയും വിലാപവും പ്രതിഫലിപ്പിക്കുന്ന സങ്കീര്‍ത്തനങ്ങളും കൂട്ടത്തിലുണ്ട്. എന്നാല്‍ ചിലത് ദൈവത്തിലുള്ള ശരണപ്പെടലാണ്. ദൈവത്തിലുള്ള സാന്ത്വനം തേടലും ചില സങ്കീര്‍ത്തനങ്ങളുടെ ഉള്ളടക്കമാണ്. ദൈവം എങ്ങനെ തന്‍റെ ജനത്തിന്‍റെ ചരിത്രത്തില്‍ ഇടപെടുന്നുവെന്ന് വിവരിക്കുന്ന ചരിത്രപരമായ സങ്കീര്‍ത്തനങ്ങളും കൂട്ടത്തിലുണ്ട്. ആരാധനമുഹൂര്‍ത്തങ്ങള്‍ക്കുള്ള സങ്കീര്‍്ത്തനങ്ങളെ ആരാധനക്രമഗീതങ്ങള്‍ എന്നു വിളിക്കുന്നു. മറ്റുചിലവ ദൈവത്തിന്‍റെ അനന്തമായ വിജ്ഞാനം പ്രഘോഷിക്കുന്നു – വിജ്ഞാന സങ്കീര്‍ത്തനങ്ങള്‍. അങ്ങനെ ഇസ്രായേലിന്‍റെ മതാത്മകമായ ജീവിതപശ്ചാത്തലത്തിലാണ് സങ്കീര്‍ത്തകന്‍ സാഹിത്യഭംഗിയുള്ള ഈ ഹെബ്രായ കവിതകള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ചരിത്രത്തില്‍ തുടരുന്ന ദൈവവുമായുള്ള മനുഷ്യന്‍റെ ഉടമ്പടയുടെയും പതറാത്ത വിശ്വാസത്തിന്‍റെയും പ്രതീകമായി സങ്കീര്‍ത്തനങ്ങള്‍ ഇന്നും ജീവിക്കുന്നു, നിലനില്ക്കുന്നു. അവ നമ്മുടെ ജീവിതത്തെ ഇന്നും സ്പര്‍ശിക്കുന്നു.

സങ്കീര്‍ത്തനങ്ങളുടെ ദൈവശാസ്ത്ര വീക്ഷണത്തിന് മാതൃകയായി ഇന്നു നാം ഉപയോഗിക്കുന്നത്
83-ാത്തെ സങ്കീര്‍ത്തനമാണ്. ഇവിടെ കര്‍ത്താവിന്‍റെ വാസസ്ഥാനമായ ജരുസലേമിനെ, അല്ലെങ്കില്‍ സിയോനെ സങ്കീര്‍ത്തകന്‍ പ്രകീര്‍ത്തിക്കുന്നു.
ആലാപനം – രമേഷ് മുരളിയും സംഘവും, സംഗീതാവിഷ്ക്കാരം – ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...

Psalm 83

കര്‍ത്താവേ, അങ്ങേ വാസസ്ഥലം
എത്ര മോഹനം മനോഹരം,
എത്ര മോഹനം മനോഹരം.

സങ്കീര്‍ത്തനങ്ങള്‍ ദൈവത്തെ പ്രകീര്‍ത്തിക്കുകയും, മനുഷ്യരുടെമദ്ധ്യേയുള്ള അവിടുത്തെ സാന്നിദ്ധ്യം ഏറ്റുപറയുകയും ചെയ്യുന്നു. എന്നാല്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യം സെഹിയോണിലാണ്, ജരൂസലേമിലാണ് എന്ന ഇസ്രായേല്യരുടെ വിശ്വാസമാണ് സങ്കീര്‍ത്തനങ്ങളില്‍ ശക്തമായി കാണുന്നത്. അതിനാല്‍ ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ച്, വിശിഷ്യാ ജരൂസലേമിലെ, അല്ലെങ്കില്‍ സിയോനിലെ ദൈവികസാന്നിദ്ധ്യത്തെക്കുറിച്ചാണ് അക്കാലത്ത് രചിക്കപ്പെട്ട സങ്കീര്‍ത്തനങ്ങള്‍ വിവിരിക്കുന്നത്, എന്ന വസ്തു നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ നാം പഠിക്കുന്ന സങ്കീര്‍ത്തനങ്ങളിലെ ദൈവിക സങ്കല്പങ്ങളും സാന്നിദ്ധ്യവും ഇസ്രായേലിന്‍റെ ഏകദൈവത്തിലുള്ള ശരണവും വിശ്വാസവും നമുക്കും വെളിപ്പെടുത്തിത്തതുന്നു.

ജരൂസലേമിനെയാണ് സിയോണ്‍ എന്നു ഇസ്രായേല്‍ ജനം വിളിച്ചിരുന്നത് എന്ന് പശ്ചാത്തല പഠനത്തില്‍ നാം കണ്ടതാണ്. സിഹിയോണ്‍ സങ്കീര്‍ത്തനങ്ങള്‍ എന്നൊരു വിഭാഗത്തെക്കുറിച്ചുതന്നെ നാം മനസ്സിലാക്കിയതാണല്ലോ.
അവ ജരൂസലേമിനെ പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങളായിരുന്നു. കാരണം ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം അവിടെയാണ് കര്‍ത്താവിന്‍റെ വാസം.
Psalm 83
കര്‍ത്താവേ, അങ്ങേ വാസസ്ഥലം
എത്ര മോഹനം മനോഹരം,
എത്ര മോഹനം മനോഹരം.

1. എന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍
തീവ്രമായ് ആഗ്രഹിക്കുന്നു
എന്‍റെ മനസ്സും ശരീരവും
ജീവനുള്ള ദൈവത്തിനു
സ്തോത്രഗീതമാലപിക്കുന്നു.

ജരൂസലേമിലെ ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രകടഭാവം വാര്‍ഷിക തിരുനാളുകളുകളിലാണ് കൂടുതല്‍ ദൃശ്യമാകുന്നത്. കര്‍ത്താവിന്‍റെ അങ്കണത്തില്‍ പ്രവേശിക്കാന്‍ ജനങ്ങള്‍ തീവ്രമായി കാത്തിരിക്കുകയാണ്.
ആ നാളുകളില്‍ സങ്കീര്‍ത്തനങ്ങള്‍ ധാരാളമായി ഉപോയോഗിക്കുമ്പോള്‍, അതിലെല്ലാം ജനം ദൈവിക സാന്നിദ്ധ്യത്തെയാണ് ഏറ്റുപറയുന്നത്. അദൃശ്യമായ ദൈവികസാന്നിദ്ധ്യത്തിന്‍റെ സിംഹാസനമായ വാഗ്ദത്തപേടകം, പുരാതന ഇസ്രായേലിന്‍റെ പ്രധാന പുണ്യവസ്തു ജനം ദൈവാലയത്തിലേയ്ക്ക് പ്രദക്ഷിണമായി കൊണ്ടുപോകുമ്പോള്‍ ആലപിക്കുന്ന ഗീതങ്ങള്‍, ജനത്തിന്‍റെ ഏകദൈവത്തിലുള്ള വിശ്വാസം വളര്‍ന്നുവന്ന ആരാധനാരീതിയുടെ പ്രാക് രൂപവും വെളിപ്പെടുത്തുന്നു. (24, 7-10, 132, 3-7). സെഹിയോന്‍റെ കവാടത്തിലൂടെ വാഗ്ദാനപേടകം പ്രവേശിക്കുമ്പോള്‍ ‘സൈന്യങ്ങളുടെ കര്‍ത്താവ്, മഹത്വത്തിന്‍റെ രാജാവ്,’ ‘അവിടുന്ന് ദൈവികസിംഹാസനത്തില്‍ സന്നിഹിതനാകുന്നു,’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ സങ്കീര്‍ത്തനങ്ങളില്‍ ആവര്‍ത്തിച്ചു കാണാം.

ഇവിടെ നാം ഇസ്രായേല്‍ ജനത്തിന്‍റെ പുറപ്പാടുകാലത്തെ ചരിത്ര സംഭവങ്ങള്‍ ഓര്‍ക്കുന്നതും ഉചിതമാണ്. മോശയുടെ കാലത്താണ് വാഗ്ദത്തപേടകം ആദ്യമായി നിര്‍മ്മിച്ച്, ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രതീകമായ കല്പനയുടെ ഫലകങ്ങള്‍ അതില്‍ സൂക്ഷിച്ചിരുന്നു. പിന്നെ മോശയുടെ നിര്‍ദ്ദേശ പ്രകാരം വാഗ്ദത്തപേടകത്തിനായി കൂടാരവും കൂടാരാങ്കണവും നിര്‍മ്മിച്ചതും പുറപ്പാടു ഗ്രന്ഥത്തില്‍ വായിക്കുന്നു. പിന്നീട് ദാവീദ് രാജാവാണ് യാവാറിലെ വയലിലെ കൂടാരത്തില്‍നിന്നും വാഗ്ദത്തപേടകം ജരൂസലേമിലേയ്ക്ക് കൊണ്ടുപോയത്.

Psalm 83

കര്‍ത്താവേ, അങ്ങേ വാസസ്ഥലം
എത്ര മോഹനം മനോഹരം,
എത്ര മോഹനം മനോഹരം.

2. എന്‍റെ രാജാവും ദൈവവുമായ കര്‍ത്താവേ
അങ്ങേ ബലിപീഠമെന്‍ സങ്കേതം
എന്നേയ്ക്കുമങ്ങയെ സ്തുതിച്ചു ഞാന്‍
അവിടുത്തെ ആലയത്തില്‍
ദീര്‍ഘകാലം വസിക്കുന്നു.

ദാവീദിന്‍റെ കാലത്ത്, സെഹിയോനെ, ജരൂസലേമിനെ യാഹ്വേ തന്‍റെ വാസസ്ഥലവും വിശ്രമസ്ഥാനവുമായി തിരഞ്ഞെടുത്തുവെന്ന് നാം വായിക്കുന്നു. ദൈവജനത്തിന്‍റെ ആരാധനാശുശ്രൂഷയുടെ അടിസ്ഥാനവും കേന്ദ്രവും വാഗ്ദത്തപേടകവുമായുള്ള ദേവാലയ പ്രവേശനമാണ്. പേടകത്തോടൊപ്പം ആരാധനാസമൂഹവും ദേവാലയത്തിലേയ്ക്ക് പ്രവേശിക്കുന്നു. അപ്പോള്‍ എല്ലാവരും ആനന്ദിച്ച് കൃതജ്ഞതാസ്ത്രോത്രം ആലപിക്കുന്നു. നീതിയുടെ കവാടങ്ങള്‍ തുറന്നുതരാന്‍ അവര്‍ ആര്‍ത്തുവിളിച്ചപേക്ഷിക്കുന്നു.

‘കര്‍ത്താവിന്‍റെ മലയില്‍, ആലയത്തില്‍ ഞാന്‍ കയറും, അവിടുത്തെ വിശുദ്ധ സ്ഥലത്ത് ദീര്‍ഘകാലം വസിക്കും’ എന്ന തീവ്രമായ ആഗ്രഹവും, സ്വപ്നവുമാണ് ഈ മുഹൂര്‍ത്തത്തില്‍ ജനങ്ങള്‍ പ്രകടമാക്കുന്നത്,. കര്‍ത്താവ് നിയമത്തിന്‍റെയും നീതിയുടെയും ദൈവമാണ്, അവിടുത്തെ ആരാധനാശുശ്രൂഷയില്‍ കല്പനകള്‍ അനുസ്മരിച്ചുകൊണ്ട് ജനം തങ്ങളുടെ ജീവിതങ്ങള്‍ പരിശോധിക്കുന്നു. അങ്ങനെ കുറ്റമറ്റവരായി വ്യാപരിക്കുന്നവര്‍ മാത്രം, നീതിപ്രവര്‍ത്തിക്കുന്നവര്‍ മാത്രം നീതിയുടെ കവാടത്തിലൂടെ പ്രവേശിക്കുവാന്‍ ധൈര്യപ്പെടുന്നു. ഹൃദയകാഠിന്യത്തിനും അനുസരണക്കേടിനും എതിരായ പ്രവാചകശബ്ദം ആരാധകരുടെ സന്തോഷത്തിന് അല്പം അയവു വരുത്തുന്നു. അങ്ങനെ യാഹ്വേയുടെ സാന്നിദ്ധ്യമുള്ള സ്ഥലത്തേയ്ക്ക് സങ്കീര്‍ത്തനാലാപനത്തിലൂടെ പ്രവേശിക്കുന്ന ജനം തങ്ങളുടെ ജീവിതത്തിന്‍റെ മുഴുവന്‍ അധിനാഥനെ കണ്ടുമുട്ടുന്നതായി സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുന്നു, ഭാഗ്യമിതേ, ഓ, ഭാഗ്യമിതേ....!! എന്നു പ്രഘോഷിക്കുന്നു, പ്രസ്താവിക്കുന്നു.

Psalm 83

കര്‍ത്താവേ, അങ്ങേ വാസസ്ഥലം
എത്ര മോഹനം മനോഹരം,
എത്ര മോഹനം മനോഹരം.

3. എന്‍റെ രക്ഷകനായ ദൈവമേ, അങ്ങേ അഭിഷിക്തനേ
നിത്യം കടാക്ഷിക്കണമേ
അന്യഗൃഹത്തില്‍ ആയിരം ദിനങ്ങളെക്കാള്‍
അങ്ങേ ഗൃഹത്തില്‍ വസിപ്പതെത്രയോ ഭാഗ്യമിതേ,
ഓ, ഭാഗ്യമിതേ,

ജരൂസലേമിന്‍റെ അവര്‍ണ്ണനീയമായ മഹത്വത്തെ സങ്കീര്‍ത്തകര്‍ പ്രകീര്‍ത്തിക്കുന്നു: ഉന്നതമായ ആകാശംപോലെയാണ് സെഹിയോന്‍, ജരൂസലേം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അവള്‍ സൗന്ദര്യത്തികവാണ്. ഉയര്‍ന്നു മനോഹരിയായി നില്ക്കുന്നവള്‍ ഭൂമി മുഴുവന്‍റെയും ഹര്‍ഷോന്മാദവും നിര്‍വൃതിയുമാണ്. അത്ഭുതപ്രവാഹം അവള്‍ക്ക് ജീവനും സന്തോഷവും പ്രദാനംചെയ്യുന്നു (46, 4). അതിന്‍റെ കോട്ടകൊത്തളങ്ങള്‍ ശത്രുക്കളുടെ ആക്രമണത്തെ ചെറുത്തുനില്ക്കുന്നു. പ്രകൃതിക്ഷോഭങ്ങള്‍ക്കോ ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങള്‍ക്കോ അവളെ കാഴ്പ്പെടുത്തുവാന്‍ സാദ്ധ്യമല്ല. കാരണം, യാഹ്വേ അവളുടെ മദ്ധ്യേയുണ്ട്. ഇതു നിഗൂഢമായ ഒരത്ഭുതമാണ്. അങ്ങനെ, പഴമയുള്ള ആരാധനാപാരമ്പര്യങ്ങളും ശൈലികളും ഉപോയോഗിച്ചു സെഹിയോന്‍റെ അജയ്യമായ ശക്തിയെയും അക്ഷയമായ മഹിമയെയും അഭൗമികമായ പ്രതാപത്തെയും സങ്കീര്‍ത്തകര്‍ വര്‍ണ്ണിക്കുമ്പോള്‍, സിയോനിലെ ദൈവിക സാന്നിദ്ധ്യംതന്നെയാണ് സങ്കീര്‍ത്തകന്‍ ഭാഗ്യപൂര്‍ണ്ണമായ അത്ഭുതമായി ഏറ്റുപാടുന്നത്. ഇനിയും പഠനങ്ങള്‍ തെളിയിക്കുന്ന മറ്റൊരു ഉയര്‍ന്ന പടിയാണ്--- ജരൂസലേമിലെ ദൈവികസാന്നിദ്ധ്യം സങ്കീര്‍ത്തനങ്ങള്‍ പ്രഘോഷിക്കുക മാത്രമല്ല. തുടര്‍ന്ന്, ആ സാന്നിദ്ധ്യാനുസ്മരണം ദൈവജനത്തിന്‍റെ ആരാധനയായി ഇസ്രായേലില്‍ പരിണമിക്കുന്നു

Psalm 83
കര്‍ത്താവേ, അങ്ങേ വാസസ്ഥലം
എത്ര മോഹനം മനോഹരം,
എത്ര മോഹനം മനോഹരം.

1. എന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍
തീവ്രമായ് ആഗ്രഹിക്കുന്നു
എന്‍റെ മനസ്സും ശരീരവും
ജീവനുള്ള ദൈവത്തിനു
സ്തോത്രഗീതമാലപിക്കുന്നു.


2. എന്‍റെ രാജാവും ദൈവവുമായ കര്‍ത്താവേ
അങ്ങേ ബലിപീഠമെന്‍ സങ്കേതം
എന്നേയ്ക്കുമങ്ങയെ സ്തുതിച്ചു ഞാന്‍
അവിടുത്തെ ആലയത്തില്‍
ദീര്‍ഘകാലം വസിക്കുന്നു.

3. എന്‍റെ രക്ഷകനായ ദൈവമേ, അങ്ങേ അഭിഷിക്തനേ
നിത്യം കടാക്ഷിക്കണമേ
അന്യഗൃഹത്തില്‍ ആയിരം ദനങ്ങളെക്കാള്‍
അങ്ങേ ഗൃഹത്തില്‍ വസിപ്പതെത്രയോ ഭാഗ്യമിതേ,
ഓ, ഭാഗ്യമിതേ,

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ ഒരുക്കിയ വത്തിക്കാന്‍ റേഡിയോയുടെ -സങ്കീര്‍ത്തനങ്ങള്‍ - എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

സങ്കീര്‍ത്തനങ്ങളിലെ ദൈവശാസ്ത്ര വീക്ഷണ പഠത്തിന്‍റെ ഭാഗമായി എപ്രകാരമാണ് അവയിലെ ദൈവാവിഷ്കരണം എന്ന ചിന്ത അടുത്തയായ്ചയില്‍ തുടരും...







All the contents on this site are copyrighted ©.