2014-07-28 09:25:40

മതങ്ങള്‍ മാനവകുലത്തിന്‍റെ
കൂട്ടായ്മയുടെ കണ്ണികളാകണം :
വത്തിക്കാനില്‍നിന്നും റമദാന്‍ സന്ദേശം


28 ജൂലൈ 2014, വത്തിക്കാന്‍
മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഈദ്-ഊള്‍- ഫിത്തിര്‍ (Eid ul fitir) ദിനത്തില്‍ നല്കിയ സന്ദേശം:

പ്രിയ ഇസ്ലാം സഹോദരങ്ങളേ,
ഹൃദയംനിറഞ്ഞ സന്തോഷത്തോടെ ഈ പുണ്യദിനത്തിന്‍റെ ആശംസകള്‍ നേരുന്നു! കഴിഞ്ഞൊരു മാസക്കാലായി നോമ്പും ഉപവാസവും അനുഷ്ഠിച്ചുകൊണ്ടും, ദാനധര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടും നിങ്ങള്‍ ഈ സുദിനത്തിനായി ഒരുങ്ങുകയായിരുന്നല്ലോ.

തന്‍റെ സ്ഥാനാരോഹണത്തിന്‍റെ പ്രഥമവര്‍ഷത്തില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ സന്ദേശമാണ് പാപ്പാ ഫ്രാന്‍സിസ് കഴിഞ്ഞ ഈദ്-ഉള്‍-ഫിത്തിര്‍ പെരുന്നാളില്‍ നിങ്ങള്‍ക്ക് അയച്ചത്. മറ്റൊരവസരത്തില്‍ (ആഗസ്റ്റ് 11, 2013-ല്‍) ഇസ്ലാമീക സമൂഹത്തെ ‘എന്‍റെ സഹോദരങ്ങളേ,’ എന്ന് പാപ്പാ അഭിസംബോധനചെയ്യുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഏകദൈവത്തിന്‍റെ സൃഷ്ടികളാകയാല്‍ സഹോദരങ്ങളുമാണ്. 1982-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഇസ്ലാം മതനേതാക്കളോട് പറഞ്ഞ കാര്യങ്ങള്‍ ഇത്തരുണത്തില്‍ അനുസ്മരിക്കുകയാണ്. ‘നാം, മുസ്ലീങ്ങളും ക്രിസ്ത്യാനികളും സൂര്യനുകീഴില്‍ ജീവിക്കുന്നത് ദൈവത്തിന്‍റെ കരുണയിലാണ്. ഇരുകൂട്ടരും ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. അവിടുന്ന് നമ്മുടെ സ്രഷ്ടാവാണ്. അങ്ങനെ ദൈവത്തിന്‍റെ സര്‍വ്വാധിപത്യം അംഗീകരിക്കുന്ന നമ്മള്‍, മനുഷ്യര്‍ ദൈവത്തിന്‍റെ ദാസരായിരിക്കുന്നതുവഴി ലഭിക്കുന്ന അന്തസ്സും ഏറ്റുപറയുന്നു. നാം ദൈവത്തെ ആരാധിക്കുകയും അവിടുത്തോടുള്ള വിധേയത്വം ഏറ്റുപറയുകയും ചെയ്യുന്നു. അങ്ങനെ ഏകദൈവത്തിലുള്ള വിശ്വാസംവഴി ക്രൈസ്തവരും മുസ്ലീങ്ങളും സത്യത്തില്‍ സഹോദരങ്ങളാണ്’ (കടൂങ്ങാ, നൈജീരിയാ, 14 ഫെബ്രുവരി 1982). ഇരു മതങ്ങളിലുമുള്ള വൈവിധ്യങ്ങള്‍ അംഗീകരിക്കെ, പൊതുവായുള്ള നന്മകള്‍ക്ക് ദൈവത്തിന് നന്ദിപറയാം. പരസ്പര ആദരവിലും സൗഹൃദത്തിലും അധിഷ്ഠിതവും, ഫലദായകവുമായ സംവാദം വളര്‍ത്തിയെടുക്കേണ്ടതിന്‍റെ പ്രാധാന്യം നാം ഏറെ അറിയുന്നുണ്ട്.

പൊതുവായ വിശ്വാസ മൂല്യങ്ങള്‍ പങ്കുവച്ചും, യഥാര്‍ത്ഥ സഹോദര്യത്തിന്‍റെ വികാരങ്ങളാല്‍ ശക്തിപ്പെട്ടും, നീതിക്കും സമാധാനത്തിനും, വ്യക്തികളുടെ അടിസ്ഥാന അന്തസ്സിന്‍റെയും അവകാശങ്ങളുടെയും ആദരവിനായും ഇരുകൂട്ടരും വിളിക്കപ്പെട്ടിരിക്കുന്നു. സൂഹത്തില്‍ ദാരിദ്രര്‍, രോഗികള്‍, അനാഥര്‍, കുടിയേറ്റക്കാര്‍, മനുഷ്യക്കടത്തില്‍പ്പെട്ടവര്‍, അതുപോലെ ഏതെങ്കിലും തരത്തിലുള്ള ദുശ്ശീലങ്ങള്‍ക്ക് കീഴ്പ്പെട്ടവര്‍, എന്നിങ്ങനെ അടിയന്തിര സഹായം അര്‍ഹിക്കുന്നവരെ തുണയ്ക്കുവാനും നാം കടപ്പെട്ടവരാണ്. ഗൗരവകരമായ വെല്ലുവിളികള്‍ നേരിടുന്ന നമ്മുടെ ലോകം സന്മനസ്സുള്ള സകലരെയും ഐക്യദാര്‍ഢ്യത്തിനായി ക്ഷണിക്കുന്നു. പ്രത്യേകിച്ച് സമകാലീന ലോകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും, ആഗോള സാമ്പത്തിക മാന്ദ്യവും, തൊഴിലില്ലായ്മയും നാം അഭിമുഖീകരിക്കേണ്ട ഇന്നിന്‍റെ പ്രതിസന്ധികള്‍ തന്നെയാണ്. വിവിധ കാരണങ്ങളാല്‍ തമ്മില്‍ അകന്നുപോകുന്ന കുടുംബങ്ങളെ, വിശിഷ്യാ ഉറ്റവരും ഉടയവരും തമ്മിലും, വിശിഷ്യാ കുഞ്ഞുങ്ങളും മാതാപിതാക്കളും പരസ്പരം അകന്നുപോകുന്ന സാഹചര്യങ്ങളെയും മറന്നുപോകരുത്. യുദ്ധത്തിന്‍റെ ഭീകര കെടുതികള്‍ അനുഭവിക്കുന്ന ഇടങ്ങളില്‍ ക്രൈസ്തവരും മുസ്ലീംങ്ങളും ഒരുമിച്ച് സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെ പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ഒത്തൊരുമിച്ചു പരിശ്രമിക്കേണ്ടതാണ്.

വിവേകത്തോടും വിജ്ഞാനത്തോടുംകൂടെ ഈ വെല്ലുവിളികളെ നേരിടുവാന്‍ തക്കവിധം പരസ്പരം സഹകരിക്കുവാന്‍, നമ്മുടെ പൊതുധാരണയും സാഹോദര്യവും പ്രചോദനമാകട്ടെ. ഇങ്ങനെ മാത്രമേ പലേയിടങ്ങളിലും നിലനില്ക്കുന്ന സംഘര്‍ഷാവസ്ഥകള്‍ കുറയ്ക്കുവാനും ഇല്ലാതാക്കുവാനും, അങ്ങനെ പൊതുനന്മ കൈവരിക്കുവാനും സാധിക്കുകയുള്ളൂ. മാനവകുലത്തിന്‍റെ ശ്രേയസ്സും കൂട്ടായ്മയ്മയും ഊട്ടിയുറപ്പിക്കുന്ന കണ്ണികളാകാന്‍ മതങ്ങള്‍ക്ക് സാധിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. അതിനാല്‍ അനുരഞ്ജനവും, സമാധാനവും നീതിയും, പുരോഗതിയും മാനവകുലത്തിന്‍റെ സമാധാനത്തിനും സുസ്ഥിതിക്കുമുള്ള മുന്‍ഗണനകളാക്കണമേ എന്ന് നമുക്ക് ഈ സുദിനത്തില്‍ പ്രാര്‍ത്ഥിക്കാം.

അതിയായ സന്തോഷത്തിടെ പാപ്പാ ഫ്രാന്‍സിസിനോടു ചേര്‍ന്ന് പ്രിയ മുസ്ലിം സഹോദരങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി ഈദ്-ഉള്‍-ഫിത്തിറിന്‍റെ ആശംസകള്‍ ഹൃദ്യമായി നേരുന്നു!

Pontifical Council for Interreligious Dialogue, Vatican
Traslation : Sr. Mercilit fcc








All the contents on this site are copyrighted ©.