2014-07-23 17:09:52

വിശ്വാസത്തിന്‍റെ പേരില്‍
ചെയ്യുന്ന അധിക്രമങ്ങള്‍
അപലപനീയമെന്ന് പാപ്പാ


23 ജൂലൈ 2014, വത്തിക്കാന്‍
വിശ്വാസത്തിന്‍റെ പേരില്‍ ജനങ്ങളെ നാടുകടത്തുകയും കൊന്നൊടുക്കുയും ചെയ്യുന്നത് മനുഷ്യത്വത്തിന് നിരക്കാത്ത പ്രവൃത്തിയാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. മൊസൂളിലെ സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കിസ്, ഇഗ്നാത്തിയോസ് യുസ്സേഫ് യൗനാന്‍ ത്രിദിയനെ ജൂലൈ 20-ാം തിയതി ഞായറാഴ്ച രാവിലെ ടെലിഫോണില്‍ വിളിച്ചു സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രതികരിച്ചത്..

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് വിധേയരായി ഇറാക്കില്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, നാടുകടത്തപ്പെടുകയും ചെയ്യുകയാണ്. ഇസ്ലാം വിമതര്‍ (സൂന്നി വിഭാഗം) മൊസ്സൂളിലെ സീറിയന്‍ പാത്രിയാര്‍ക്കേറ്റ് മന്ദിരം പൂര്‍ണ്ണമായും നശിപ്പിച്ച സംഭവം അറിഞ്ഞാണ് അന്ത്യോക്യായിലെയും കിഴക്കിന്‍റെയും കത്തോലിക്കാ സിറിയന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് യുസ്സേഫ് യൗനാന്‍ ത്രിദിയനുമായി പാപ്പാ ഫ്രാന്‍സിസ് ടെലിഫോണില്‍ സംവദിച്ചതും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതും.

മൊസൂള്‍, നിനിവേ നഗരങ്ങളിലെ ക്രൈസ്തവ സമൂഹങ്ങളെ ഇസ്ലാം തീവ്രവാദികള്‍ പൂര്‍ണ്ണമായും തുരത്തിയതായി പാപ്പായുടെ ടെലിഫോണ്‍ അഭിമുഖത്തില്‍നിന്നും വിവരം ലഭിച്ചതായി വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഒന്‍പതു മിനിറ്റോളം നീണ്ടുനിന്ന പാത്രിയാര്‍ക്കിസ് യൗനാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍, ക്രൈസ്തസമൂഹം ഇറാക്കില്‍ നേരിടുന്ന ക്രൂരവും അമാനുഷികവുമായ പീഡനങ്ങളെയും നാടുകടത്തലിനെയും കൂട്ടക്കുരുതിയെയും പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു. പ്രതിസംന്ധികളിലും പതറാത്ത അവിടുത്തെ ജനങ്ങളുടെ വിശ്വാസത്തെ അഭിനന്ദിച്ച പാപ്പാ, ഇനിയും കിഴക്കുള്ള ക്രൈസ്തവ സമൂഹത്തിന് പ്രാര്‍ത്ഥനാപൂര്‍വ്വകമായ തന്‍റെ പിന്‍തുണ വാഗ്ദാനംചെയ്യുകയും, അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തു.








All the contents on this site are copyrighted ©.