2014-07-23 18:17:57

വിവേചനത്തിന്‍റെ മണ്ണില്‍
ക്രൈസ്തവരും ഷിയാമുസ്ലീങ്ങളും


23 ജൂലൈ 2014, ജനീവ
ക്രൈസ്തവര്‍ക്കൊപ്പം ഇറാക്കില്‍ മുസ്ലിങ്ങളും വിവേചിക്കപ്പെടുന്നുണ്ടെന്ന്, ആഗോള ക്രൈസ്തവസഭകളുടെ കൂട്ടായ്മ, wcc-യുടെ പ്രസിഡന്‍റ് ഓലാവ് ഫിക്സേ പ്രസ്താവിച്ചു. ഇറാക്കിലെ മൊസൂളില്‍ അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ജനീവയില്‍ ജൂലൈ 22-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് ഫിക്സേ വിവേചനത്തിന്‍റെ വിശദാംശങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

സ്വയം ‘ഇസ്ലാമിക രാഷ്ട്രം’ പ്രഖ്യാപിച്ച് ജിഹാദിനിറങ്ങിയിരിക്കുന്ന സുന്നിസംഘട isis, ക്രൈസ്തവ ഭവനങ്ങളില്‍ N, nazara ക്രിസ്ത്യാനി എന്നും, ഷിയാമുസ്ലീങ്ങളുടെ ഭവനങ്ങളില്‍ R, rwafidh ‘തിരസ്കൃതര്‍’ എന്നും അറബിയില്‍ കുറിക്കുന്നുണ്ടെന്നും, ബാഗ്ദാദിലെ കാല്‍ഡിയന്‍ പാത്രീയാര്‍ക്കിസ് ലൂയിസ് സാഖോയില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. അങ്ങനെ ക്രൈസ്തവര്‍ക്കൊപ്പം ഷിയാ മുസ്ലീങ്ങളും ഇറാക്കില്‍ വിവേചിക്കപ്പെടുന്നുണ്ടെന്ന് ഫിക്സേ വ്യക്തമാക്കി.

ക്രൈസ്തവരുടെ പൗരാണിക സാന്നിദ്ധ്യം പിഴുതെറിയാനുള്ള ഈ ശ്രമം അപലപനീയമാണെന്ന് ഫിക്സേ പ്രസ്താവിച്ചു. ഏതൊരു രാഷ്ട്രത്തിന്‍റെയും മതസാംസ്ക്കാരിക പൈതൃകവും വൈവിധ്യങ്ങളും അംഗീകരിക്കുകയും ആദിരിക്കുകയും ചെയ്യാതെ, മതമൗലിക ചിന്തകള്‍ക്ക് അധീനരായി സമൂഹത്തില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മാനവികതയ്ക്ക് നിരക്കാത്തതും, മനുഷ്യാവകാശ ലംഘനവുമാണെന്നും ഫിക്സേ പ്രസ്താവിച്ചു.

സൈനികപ്രേരിതമല്ലാത്ത അന്താരാഷ്ട്ര പിന്‍തുണയിലൂടെ സംവാദത്തിന്‍റെ പാതതുറക്കുവാനും സമാധാനം പുനര്‍സ്ഥാപിക്കുവാനും, എല്ലാ രാഷ്ട്ര-മത-സന്നദ്ധ സംഘടനാ പ്രസ്ഥാനങ്ങള്‍ അടിയന്തിരമായി ഒത്തൊരുമിക്കണമെന്ന് പ്രസ്താവനയിലൂടെ ആഗോള ക്രൈസ്തവസഭകുളുടെ കൂട്ടായ്മയുടെ പേരില്‍ ഫിക്സേ അഭ്യാര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.