2014-07-23 17:39:02

ഭാരതത്തിന്‍റെ ധാര്‍മ്മികത തകര്‍ക്കുന്ന
സ്ത്രീപീഡന കേസുകള്‍


23 ജൂലൈ 2014, മുബൈ
സ്ത്രീകള്‍ക്കെതിരായി ഇന്ത്യയില്‍ നടമാടുന്ന അധിക്രമങ്ങള്‍ രാഷ്ട്രത്തിന്‍റെ ധാര്‍മ്മികതയെ തകര്‍ക്കുന്നതാണെന്ന്, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം, ഡോക്ടര്‍ പാസ്ക്വാള്‍ കര്‍വാലോ പ്രസ്താവിച്ചു.
ഏതാനും ദിവസംങ്ങള്‍ക്കു മുന്‍പ് ബാംഗളൂരിലെ കോതനൂരില്‍ സന്ന്യാസാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം നടത്തിയ സംഭവത്തെയും, അടിക്കടി ഉയരുന്ന അതുപോലുള്ള സ്ത്രീപീഡനത്തിന്‍റെ പരാതികളും പരിഗണിച്ചുകൊണ്ടാണ് ജൂലൈ 22-ാം തിയതി ചൊവ്വാഴ്ച മുമ്പൈയില്‍ ഇറക്കിയ പ്രസ്താവനയില്‍ ഡോര്‍ക്ടര്‍ കര്‍വാലോ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്.

അമ്മയുടെ ഉദരത്തില്‍ത്തന്നെ ഭ്രൂണരൂപത്തില്‍ സ്ത്രീത്വം ഭാരതത്തില്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും, അതിന്‍റെ തുടര്‍ക്കഥകളാണ് കൂട്ടബലാല്‍സംഗവും സ്ത്രീപീഡനത്തിന്‍റെ ഇതരരൂപങ്ങളുമായി സമൂഹത്തില്‍ പൊന്തിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതസംസ്ക്കാരത്തിനും ധാര്‍മ്മികതയ്ക്കും ഘടകവിരുദ്ധമായ ഈ പ്രവണതയെ പിഴുതെറിയാന്‍ സാമൂഹ്യപ്രതിബദ്ധതിയുള്ളവരും നിയമപാലകരും ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്ന്, മുമ്പൈയില്‍ ഇറക്കിയ പ്രസ്താവനയില്‍ ഡോക്ടര്‍ കര്‍വാലോ അഭ്യര്‍ത്ഥിച്ചു.

ലൈംഗീക പീഡനക്കേസുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായവ അനുദിനമെന്നോണം വര്‍ദ്ധിച്ചുവരുമ്പോള്‍, അവയ്ക്കെതിരായ ശിക്ഷാനടപടി ക്രമങ്ങള്‍ ഭാരതത്തില്‍ കുറഞ്ഞുവരുന്ന വിരോദാഭാസം പ്രസ്താവനയില്‍ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ കര്‍വാലോ വ്യക്തമാക്കി.

രാഷ്ട്രത്തില്‍ സാമൂഹ്യവ്യവസ്ഥിതിയിലും അന്താരാഷ്ട്രതലത്തിലും അവഹേളിതരാകത്തക്ക വിധത്തിലാണ് ഭാരത്തില്‍ സ്ത്രകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും എതിരായ പീഡനക്കേസുകളുടെ എണ്ണം ഉയര്‍ന്നുവരുന്നതെന്നും, മനുഷ്യാന്തസ്സും ലിംഗസമത്വവും മാനിക്കുന്ന സാമൂഹ്യചുറ്റുപാടു സൃഷ്ടിക്കേണ്ട് രാഷ്ട്രത്തിന്‍റെ അടിയന്തിര ആവശ്യമാണെന്നും ഡോക്ടര്‍ കര്‍വാലോ അഭിപ്രായപ്പെട്ടു.

ലൈംഗീകപീഡനക്കുറ്റത്തിന് എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വധശിക്ഷയും കുറ്റവാളിയുടെ ലൈംഗീകതയുടെ രാസനിര്‍വീര്യകരണ ശിക്ഷാനടപടിയും ധാര്‍മ്മികതയ്ക്കു നിരക്കാത്ത വീക്ഷണമാണെന്നും പ്രസ്താവനയില്‍ അദ്ദേഹം കുറ്റപ്പെടുത്തി.









All the contents on this site are copyrighted ©.