2014-07-21 18:01:35

വിശുദ്ധനാടിന്‍റെ സമാധാനത്തിനായി
ക്രൈസ്തവലോകം പ്രാര്‍ത്ഥിക്കുന്നു


21 ജൂലൈ 2014, വത്തിക്കാന്‍
യുദ്ധവും കലഹവും വിഭജനവും കാരണമാക്കുന്നത് തിന്മയുടെ കളയാണെന്നും അത് പൈശാചികമാണെന്നും ജൂലൈ 20-ാം തിയതി വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ സുവിശേഷത്തെ ആധാരമാക്കി (കളയുടെയും വിളയുടെയും ഉപമ, മത്തായി 13, 29) പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ഇറാക്കില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായും, വിശുദ്ധനാട്ടില്‍ നടക്കുന്ന യുദ്ധത്തിന്‍റെ കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുവേണ്ടിയും, അതുപോലെ ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും അഭ്യന്തരകലാപത്തിന്‍റെ കെടുതിയില്‍ സമാധനത്തിനായി കേഴുന്ന ഉക്രെയിന്‍ പോലുള്ള രാഷ്ട്രങ്ങള്‍ക്കുവേണ്ടിയും പ്രത്യാശ കൈവെടിയാതെ പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചിരുന്നു.

സമാധാനത്തിന്‍റെ ദൈവം രാഷ്ട്രനേതാക്കളില്‍ സംവാദത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും മനോഭാവം വളര്‍ത്തുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, പാപ്പാ അഭ്യര്‍ത്ഥിച്ചു. ചത്വരം തിങ്ങിനിന്ന ജനാവലി
ഏതാനും നിമിഷങ്ങള്‍ പാപ്പായ്ക്കൊപ്പം നിശബ്ദമായി പ്രാര്‍ത്ഥിച്ചു.

കൂടുതല്‍ കെടുതികളിലേയ്ക്കും കനത്ത ആക്രമണങ്ങളിലേയ്ക്കും നീങ്ങുന്ന ഇസ്രായേലി-പലസ്തീന്‍ യുദ്ധം അവസാനിപ്പിച്ച് വിശുദ്ധനാട്ടില്‍ സമാധാനം പുനര്‍സ്ഥാപിക്കുവാനാണ് ക്രൈസ്തവ ലോകം പ്രാര്‍ത്ഥിക്കുന്നതെന്ന്, ജരൂസലേമിന്‍റെ ലത്തീന്‍ പാത്രിയര്‍ക്കിസ് ഫവദ് ത്വാല്‍ പ്രസ്താവിച്ചു.

ജൂലൈ 20-ാം തിയതി ഞായറാഴ്ച ത്രികാലപ്രാര്‍ത്ഥമനാ പ്രഭാഷണത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനയ്ക്കായി ഉദ്ബോധിപ്പിച്ചതുകൂടാതെ, ജരൂസലേമിലെ ക്രൈസ്തവ സമൂഹങ്ങളില്‍നിന്നുമുള്ള പ്രാര്‍ത്ഥനാഭ്യര്‍ത്ഥയോട് പ്രത്യുത്തരിച്ചുകൊണ്ടാണ് ക്രൈസ്തവര്‍ ലോകമെമ്പാടും വിശുദ്ധനാടിന്‍റെ സമാധാനത്തിനായി നിരന്തരമായി പ്രാര്‍ത്ഥിക്കുന്നതെന്ന്, പാത്രിയര്‍ക്കിസ് ത്വാല്‍ വക്തമാക്കി.

ഇരുപക്ഷത്തുമുള്ള ശത്രുതാഭാവത്തെ പൊതുവായി എതിര്‍ക്കുന്നതൊടൊപ്പം, പലസ്തീന്‍കാരോടു ഇസ്രായാല്‍ കാണിക്കുന്ന അനീതിയും, പലസ്തീന്‍ പ്രദേശത്തെ കൈയ്യേറ്റവും വിശുദ്ധനാട്ടിലെ കത്തോലിക്കാ സഭ നേതൃത്വം പ്രസ്താവനയിലൂടെ അപലപിക്കുകയുണ്ടായി.








All the contents on this site are copyrighted ©.