2014-07-21 18:45:56

ഐക്യത്തിന്‍റെ
പുതിയ പാത തുറക്കാന്‍
പാപ്പാ ഫ്രാന്‍സിസിനാകും


21 ജലൈ 2014, വത്തിക്കാന്‍
ക്രൈസ്തവൈക്യത്തിന്‍റെ പുതിയ പാതകള്‍ തുറക്കുവാന്‍ പാപ്പാ ഫ്രാന്‍സിസിനാകുമെന്ന്, സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് പ്രസ്താവിച്ചു. ജൂലൈ 19-ാം തിയതി വത്തിക്കാന്‍റെ ദിനപത്രം ലൊസര്‍വത്തോരെ റൊമാനോയില്‍ പ്രസിദ്ധപ്പെടുത്തിയ അഭിമുഖത്തിലാണ് കാര്‍ദ്ദിനാള്‍ കോഹ് ഇങ്ങനെ വിവരിച്ചത്.

ആഗോളസഭയില്‍ ആദ്യത്തെ വിഭജനം ചരിത്രപരമായ കിഴക്കും പടിഞ്ഞാറും തമ്മിലായിരുന്നെന്നും, പിന്നീടുണ്ടായതാണ് കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് വിഭാഗങ്ങളെന്നും, തുടര്‍ന്ന് നവോത്ഥാന കാലത്തുണ്ടായ പെന്തക്കോസ്തല്‍ പ്രോട്ടസ്റ്റന്‍റ് സഭകളും ഇന്ന് സഭയ്ക്ക് ഐക്യത്തിന്‍റെ പാതിയിലെ വലിയ വെല്ലുവിളികളാണെന്ന് കര്‍ദ്ദിനാള്‍ കോഹ് അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഹൃദ്യവും വ്യക്തിപരവുമായ പാപ്പാ ഫ്രാന്‍സിസിന്‍റെ സംവാദശൈലിയും വിനിയഭാവവും ഇതരസഭകളും മതങ്ങളുമായുള്ള സൗഹാര്‍ദ്ദത്തിന്‍റെ പാതിയില്‍ അടഞ്ഞുകിടക്കുന്ന വാതിലുകള്‍ തുറക്കപ്പെടുവാന്‍ ഇടയുണ്ടെന്നും അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ കോഹ് കൂട്ടിച്ചേര്‍ത്തു.


കിഴക്കന്‍ സഭകള്‍, ഓര്‍ത്തഡോക്സ് സഭകള്‍, പ്രോട്ടസ്റ്റന്‍റ് സഭകള്‍, പെന്തക്കോസ്തല്‍ സഭകള്‍ എന്നിങ്ങനെ നാല് വൈവിധ്യമാര്‍ന്ന സമൂഹങ്ങളോടാണ് കത്തോലിക്കാ സഭ സംവാദത്തില്‍ ഏര്‍പ്പെടേണ്ടതെന്നും, അത് അത്ര എളുപ്പമുള്ള വെല്ലുവിളിയല്ലെന്നും കര്‍ദ്ദിനാള്‍ കോഹ് ചൂണ്ടിക്കാട്ടി. എന്നാല്‍ മതാന്തരസംവാദത്തിന്‍റെ രംഗത്ത് യഹൂദമതവും ഇസ്രായേലും ക്രൈസ്തവവിശ്വാസത്തിന്‍റെ പിള്ളത്തൊട്ടിലാണെങ്കിലും പുതിയ ഉടമ്പടിയിലേയ്ക്കും ക്രിസ്തുവിലേയ്ക്കും കടന്നുവരാന്‍ വൈമുഖ്യമുള്ള സമൂഹമാണതെന്നും, അതുപോലെ ഇസ്ലാമും സംവാദത്തിന്‍റെ പാതിയിലെ കീറാമുട്ടിയാണെന്നും കര്‍ദ്ദിനാള്‍ കോഹ് ചൂണ്ടിക്കാട്ടി.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധിപ്പിച്ച സഭൈക്യസംരംഭത്തിന്‍റെ മാര്‍ഗ്ഗരേഖയായ Unitatis Redintegratio എന്ന ഡിക്രിയുടെയും ആഗോളസഭയിലെ സഭൈക്യപ്രസ്ഥാനത്തിന്‍റെതന്നെ അന്‍പാതാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ കോഹ് പത്രത്തിന് അഭിമുഖം അനുവദിച്ചത്.
.
യൂറോപ്പില്‍ മാത്രമല്ല, ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും വര്‍ദ്ധിച്ചു വരുന്ന മതനിരപേക്ഷതാവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് സഭ നവസുവിശേഷവത്ക്കരണ പദ്ധതി ആരംഭിച്ചതെങ്കിലും, സഭൈക്യപ്രസ്താനത്തിന്‍റെ മേഖലയിലേയ്ക്ക് കടന്നുവരുന്ന പ്രശ്നമാണ് നവയുഗത്തിന്‍റെ മതനിരപേക്ഷതാവാദമെന്നും കര്‍ദ്ദിനാള്‍ കോഹ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.










All the contents on this site are copyrighted ©.