2014-07-19 09:16:24

നിത്യതയുടെ വിത്തും
ദൈവരാജ്യത്തിന്‍റെ വൃക്ഷവും


RealAudioMP3
ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് ആണ്ടുവട്ടം 16-ാം വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകളാണ് ഇന്ന്.

വിശുദ്ധ മത്തായിയുടെ സുവിശേഷം 13, 24-43
ക്രിസ്തു അവരോട് മറ്റൊരു ഉപമ പറഞ്ഞു. ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്ക്കുന്നതിനോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം. ആളുകള്‍ ഉറക്കമായപ്പോള്‍ അവന്‍റെ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികള്‍ വളര്‍ന്ന് കതിരായപ്പോള്‍ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാര്‍ ചെന്ന് വീട്ടുടമസ്ഥനോടു ചോദിച്ചു. യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്. പിന്നെ കളകളുണ്ടായത് എവിടെനിന്ന്? അവന്‍ പറഞ്ഞു. ശത്രുവാണ് ഇതുചെയ്തത്. വേലക്കാര്‍ ചോദിച്ചു. ഞങ്ങള്‍ പോയി കളകള്‍ പറിച്ചുകളയട്ടേ? അവന്‍ പറഞ്ഞു. വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നു വരും. കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്തു ഞാന്‍ വേലക്കാരോടു പറയും. ആദ്യമേ കളകള്‍ ശേഖരിച്ച്, തീയിലിട്ട് ചുട്ടു കളയുവാന്‍. അവ കെട്ടുകളാക്കി വയ്ക്കുവിന്‍, ഗോതമ്പ് എന്‍റെ ധാന്യപ്പുരയിലും സംഭരിക്കുവിന്‍.

വേറൊരു ഉപയും അവിടുന്നു അവരോടു പറഞ്ഞു. സ്വര്‍ഗ്ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശ്യമാണ്. അത് എല്ലാ വിത്തിനെയുംകാള്‍ ചെറുതാണ്. എന്നാല്‍ വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്‍റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു. മറ്റൊരുപമ അവന്‍ അവരോട് അരുളിച്ചെയ്തു. മൂന്ന് ഇടങ്ങഴി മാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശ്യമാണ് സ്വര്‍ഗ്ഗരാജ്യം.

ഇതെല്ലാം യേശു ഉപമകള്‍ വഴിയാണ് ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവര്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ഞാന്‍ ഉപമകള്‍ വഴി സംസാരിക്കും, ലോകസ്ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ പ്രസ്താവിക്കും എന്ന പ്രവാചക വചനം പൂര്‍ത്തിയാകാനായിരുന്നു ഇത്.

ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവിടുന്ന് വീട്ടിലേയ്ക്കു വന്നു. ശിഷ്യന്മാര്‍ അവന്‍റെ അടുത്തുവന്ന് അപേക്ഷിച്ചു. വയലിലെ കളകളെ സംബന്ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും.
അവിടുന്ന് ഇങ്ങനെ അവരോടു പറഞ്ഞു. നല്ല വിത്തു വിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്. വയല്‍ ലോകവും നല്ലവിത്ത് രാജ്യത്തിന്‍റെ പുത്രന്മാരും. കളകള്‍ ദുഷ്ടന്‍റെ പുത്രന്മാരുമാണ്. അവ വിതച്ച ശുത്രു പിശാചാണ്. കൊയ്ത്തു യുഗാന്ത്യമാണ്, കൊയ്ത്തുകാര്‍ ദൈവദൂതന്മാരും. കളകല്‍ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെ തന്നെ യുഗാന്ത്യത്തിലും സംഭവിക്കും. മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്ക്കുകയും അവര്‍ അവന്‍റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിന്മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്ഡത്തിലേയ്ക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

എന്തുകൊണ്ടാണ് വിളകള്‍ക്കൊപ്പം കളകളും, നല്ലചെടികള്‍ക്കൊപ്പം മോശമായവയും ദൈവം വളര്‍ത്തുന്നത്, എന്ന ചോദ്യം എവിടെയും കേള്‍ക്കാറുണ്ട്. ദൈവത്തിന് തിന്മയെ ഇല്ലാതാക്കിക്കൂടെ?
ഇതിനു തുല്യമായ ചോദ്യമാണ് ക്രിസ്തു പറഞ്ഞ ഉപമയില്‍ നാം കേട്ടത്. “ഞങ്ങള്‍ പോയി കളകള്‍ പറിച്ചുകളയട്ടെ.” മറ്റു വാക്കില്‍ പറഞ്ഞാല്‍, ഞങ്ങള്‍ പോയി തിന്മയെ ഇല്ലാതാക്കട്ടെ.” ഞങ്ങള്‍ തെറ്റുചെയ്യുന്നവരെയൊക്കെ കൊന്നുകളയട്ടെ, എന്നല്ലേ ഇതിനര്‍ത്ഥം.

ക്രിസ്തു പറഞ്ഞു. “വേണ്ട! കളകളും വിളകള്‍ക്കൊപ്പം വളരട്ടെ!” എന്ത്? നന്മയും തിന്മയും വളരട്ടെയെന്നോ? ക്രിസ്തു ഇങ്ങനെയാണ് അവതരിപ്പിച്ചത്, “കളകള്‍ പറിച്ചു മാറ്റുമ്പോള്‍, വിളയും - നല്ലവയും പിഴുതുകളഞ്ഞെന്നു വരാം.”

നെല്ലിലെയും ഗോതമ്പിലെയും കളള്‍ നാം പറിച്ചു മാറ്റാറുണ്ട്. എന്തിന് ഒരു തോട്ടത്തിലെ കളകള്‍ പിഴുതു കളയാറുണ്ടല്ലോ? നല്ലതു പിഴുതു കളയാറില്ലല്ലോ. പിന്നെ എന്തുകൊണ്ടാണ് നല്ലവയും പിഴുതുകളഞ്ഞെന്നു വരാം എന്ന് ക്രിസ്തു പറഞ്ഞത്? അങ്ങനെയെങ്കില്‍ ഏതാണ് കളയും വിളയും ഒരുമിച്ചു വളരുന്ന ഈ വയല്‍? മനുഷ്യഹൃദയങ്ങള്‍തന്നെ! നന്മയും തിന്മയും വളരുന്നത് അവിടെയാണ്. ഒരാളില്‍ത്തന്നെ നന്മയുമുണ്ട്, തിന്മയുമുണ്ട്. ‘ജീവിക്കുന്ന വിശുദ്ധര്‍’ എന്നൊക്കെ നാം വിളിക്കുന്നവരില്‍പ്പോലും ധാരാളം തിന്മയുണ്ട്. ‘കാട്ടുകള്ളന്‍’ എന്നു വിളിക്കപ്പെടുന്നവനിലും ധാരാളം നന്മയുണ്ട്. വീരപ്പന്‍റെ നാമധേയത്തില്‍ ക്ഷേത്രങ്ങള്‍ പണിയപ്പെട്ടിരിക്കുന്നതായി അറിഞ്ഞില്ലേ. സത്യമംഗലം ദേശക്കാര്‍ക്ക് കണ്ണിലുണ്ണിയായിരുന്നു പലരുടേയും കാട്ടുകള്ളന്‍, വീരപ്പന്‍. അപ്പോള്‍ ആരെയാണ്
പിഴുതു കളയുക?!

നന്മ ചെയ്യുന്നവരും തിന്മചെയ്യുന്നവരും എല്ലാം ദൈവമക്കളാണ്. നാം തിന്മയായി കരുതുന്നവുര്‍ ചിലപ്പോള്‍ ദൈവത്തിന് തന്‍റെ മക്കളാണ്. ദൈവത്തിന്‍റെ നിസ്സഹായാവസ്ഥയാണിത്. എല്ലാം നന്നായിരിക്കുന്നു, എന്നല്ലേ ദൈവം കാണുന്നത്. ‘എല്ലാം നന്നായി വരും’ എന്നല്ലേ മാതാപിതാക്കള്‍ പ്രത്യാശിക്കുന്നത്. ‘എന്‍റെ മകന്‍ അങ്ങനെ ചെയ്യില്ല, സാറേ,’ എന്നല്ലേ, മഹാവികൃതികളായ കുട്ടികളുടെ മാതാപിതാക്കള്‍ സ്ക്കൂളില്‍വന്ന് പറയുന്നത്. ദൈവത്തിന് തിന്മ തിരിച്ചറിയാന്‍ പറ്റാത്തതുപോലെ. എല്ലാം നന്മയായിട്ടാണ് അവിടുന്നു കാണുന്നത്. മനുഷ്യര്‍ക്കാണ് എല്ലാം തിന്മയാകുന്നത്. നമുക്ക് മറ്റെല്ലാവരും കളകളാണ്. കാരണം, നമ്മുടെ മനസ്സാണ് മോശമായിരിക്കുന്നത്.

അണിയറയും അരങ്ങുംപോലെയാണ് മനുഷ്യജീവിതം. അണിയറയില്‍ എല്ലാവരും ഒരുപോലെയാണ്. എന്നാല്‍ അരങ്ങില്‍ ചിലര്‍ പുണ്യാവാന്മാരും ചിലര്‍ പാപികളുമാണ്.

പ്രകൃതിയും വൃക്ഷങ്ങളും ക്രിസ്തുവിനെ എപ്പോഴും കൗതുകപ്പെടുത്തിയിട്ടുണ്ടാകണം. നീതിമാനായ തച്ചനോടൊപ്പം നല്ല തടിത്തരങ്ങള്‍ക്ക് ആവശ്യമായ കാമ്പുള്ള മരങ്ങള്‍ തേടി ക്രിസ്തു തന്‍റെ ബാല്യത്തില്‍ ഈ ഹരിത നിഗൂഢതയിലൂടെ അലഞ്ഞിട്ടുണ്ടാവും.
പഴയ കാലങ്ങളില്‍ പണിക്കാര്‍ തന്നെ മരം സ്വയം കണ്ടെത്തേണ്ടിയിരുന്നു. വൃക്ഷങ്ങളായിരുന്നു അവിടുത്തെ ചോറ്. അതുകൊണ്ട് മീന്‍പിടുത്തക്കാരന്‍ കടലിനോടും കര്‍ഷകന്‍ വയലിനോടുമൊക്കെ പുലര്‍ത്തുന്നതു പോലുള്ള ആര്‍ദ്രതയും ആദരവും അവിടുന്നും ജീവിതത്തില്‍ കരുതിയിട്ടുണ്ടാവണം. സാധാരണയൊരാള്‍ മരത്തിന്‍റെ ദൃഢത മാത്രം തൊട്ടറിയുമ്പോള്‍ അവിടുന്ന് ഈ ഹരിതപ്രപഞ്ചം നല്‍കുന്ന ധ്യാനത്തില്‍ ഹൃദയത്തിന്‍റെ കാമ്പിനെ ദൃഢമാക്കിയിരുന്നു. വൃക്ഷത്തിന്‍റെ വാര്‍ഷിക വലയങ്ങള്‍പോലെ ഓരോ നിമിഷവും രൂപപ്പെട്ട ധ്യാനവലയങ്ങള്‍ ഉണ്ടാവണം. വൃക്ഷം നല്ലതാവുകയാണ് പ്രധാനം. ഫലങ്ങള്‍ അതിന്‍റെ സ്വാഭാവിക സാദ്ധ്യത മാത്രമാണ്. കുഞ്ഞിന്‍റെ വിസമയത്തോടും ഋഷിയുടെ അവബോധത്തോടും കൂടെ ക്രിസ്തു ഇന്നത്തെ സുവിശേഷ ഭാഗത്ത് വിത്ത് വൃക്ഷമാകുന്ന ജൈവാത്ഭുതം ധ്യാനിക്കുകയാണ്.

സ്വര്‍ഗ്ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്ക് സദൃശ്യം. അത് എല്ലാ വിത്തുകളേക്കാളും ചെറുതാണ്. എന്നാല്‍ വളര്‍ന്ന് കഴിയുമ്പോള്‍ അത് മറ്റു ചെടികളേക്കാള്‍ വലുതായി ആകാശപ്പറവകള്‍ വന്ന് അതിന്‍റെ ശിഖരങ്ങളില്‍ ചേക്കേറുവാന്‍ തക്കവിധം മരമായിത്തീരുന്നു (മത്തായി 13, 31-32). കുടുകുമണി ഭൂമിയിലെ ഏറ്റവും ചെറിയ വിത്തൊന്നുമല്ല. സൈപ്രസ് മരത്തിന്‍റെ വിത്ത് അതിനേക്കാള്‍ ചെറുതാണ്. എന്നാല്‍ യഹൂദര്‍ക്കിടയില്‍ ചെറുതിനെ സൂചിപ്പിക്കാനുള്ള സാധാരണ ശൈലിയായിരുന്നു കടുകുമണി . കടുകുമണിയോളമുള്ള വിശ്വാസത്തെക്കുറിച്ച് ക്രിസ്തുതന്നെ പറയുന്നുണ്ടല്ലോ (മത്തായി 17, 20). വളരെ ചെറുതും നിസ്സാരവുമായ തുടക്കങ്ങളില്‍നിന്ന് സംഭവിക്കുന്ന വലിയ മാറ്റങ്ങളാണ് ക്രിസ്തുവിന്‍റെ പാഠം. പഴയ നിയമത്തില്‍ വലിയ സാമ്രാജ്യങ്ങളെ ചിത്രീകരിക്കുവാന്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന ചിത്രം വലിയ വൃക്ഷങ്ങളായിരുന്നു.
ഉദാഹരണത്തിന് എസേക്കിയേലിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു – “വനത്തിലെ എല്ലാ വൃക്ഷങ്ങളേയുംകാള്‍ അത് വളര്‍ന്നു പൊങ്ങി, അതിന്‍റെ ശാഖകളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടി. കീഴില്‍ വന്യമൃഗങ്ങള്‍ കുഞ്ഞുങ്ങളെ വളര്‍ത്തി.
വലുപ്പം കൊണ്ടു ശാഖകളുടെ നീളംകൊണ്ടും അത് മനോഹരമായി. അതിന്‍റെ വേരുകള്‍ ആഴത്തില്‍ സമൃദ്ധമായ ജലതട്ടുകളില്‍ എത്തിയിരുന്നു. ദൈവത്തിന്‍റെ തോട്ടമായ ഏദനിലുണ്ടായിരുന്ന സകലവൃക്ഷങ്ങള്‍ക്കും അതിനോട് അസൂയതോന്നി…” (അദ്ധ്യായം 31). ദൈവജനമായ ഇസ്രായേലിനെക്കുറിച്ചാണ് പ്രവാചകന്‍ സൂചിപ്പിക്കുന്നത്.

താരതമ്യേന നിസ്സാരരെന്ന് കരുതുന്ന വ്യക്തികളും അപ്രധാനമെന്ന് കരുതുന്ന സംഭവങ്ങളും പിന്നീട് ഒത്തിരി പടര്‍ന്ന് പന്തലിക്കേണ്ട ദൈവരാജ്യത്തിന്‍റെ വിത്തായി മാറിയേക്കാം. അത് ചെറിയൊരാശയത്തില്‍ നിന്നാകാം. ‘അവനും അവള്‍ക്കും വിശുദ്ധരാകാമെങ്കില്‍ എന്തുകൊണ്ട് തനിക്കായിക്കൂടാ,’ എന്ന ചിന്ത ഇടറിയവഴിയിലൂടെ നടന്ന അഗസ്റ്റിനെ ദൈവാനുഗ്രഹത്തിന്‍റെ കൂടാരത്തിലെത്തിച്ചു.
‘ലോകം മുഴുവന്‍ നേടിയാലും, നിന്‍റെ ആത്മാവ് നഷ്ടമായാല്‍ എന്തു പ്രയോജനമെന്നുള്ള’ – വിശുദ്ധ ഇഗ്നേഷ്യസിന്‍റെ നിന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ ഭൗതികമായ അംഗീകരാങ്ങള്‍ക്കുവേണ്ടി അലഞ്ഞ ഫ്രാന്‍സിസ് സേവ്യറിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു, ഇതാ, അദ്ദേഹം ഗോവയില്‍ എത്തിയിരിക്കുന്നു! വിത്തായി മാറുന്നത് ജീവിതത്തിലെ വിലയ സംഭവമാണ്. സൗന്ദര്യമാണ്!!

ആരിലൂടെ ഏതിലൂടെ ഈ വിത്തുകള്‍ മനുഷ്യന്‍റെ ഹൃദയവയലില്‍ വീണുകൊള്ളട്ടെ. അവയൊക്കെ ദൈവത്തിന്‍റെ നിമിത്തങ്ങള്‍ മാത്രം. ദൈവമാണ് കൃഷിക്കാരന്‍. നിത്യതയുടെ വിത്തു വിതച്ചിട്ട് നൂറുമേനിയുടെ ഫലത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നയാള്‍ ദൈവമാണ്! ഓരോ വിത്തിലും ഓരോ വൃക്ഷമുറങ്ങുന്നു!!

ആര്‍ക്കെങ്കിലുമൊക്കെ അഭയമായി മാറുമ്പോഴാണ് ജീവിതവൃക്ഷം ഫലമണിയുന്നത്. അടച്ചിട്ട ഇടങ്ങളല്ല, തുറന്നിട്ട ഇടങ്ങളാണ് ദേവാലയം. ഈ ഉപമയിലൂടെ ക്രിസ്തു തനിക്കു ചുറ്റുമുള്ളവരുടെ ആത്മവിശ്വാസത്തെ ഊതിയുണര്‍ത്തുകയാണ്. നിങ്ങള്‍ നിസ്സാരരായിരിക്കാം. അംഗബലങ്ങളില്‍ കണക്കിലെടുക്കപ്പെടാന്‍പോലും അര്‍ഹതയില്ലാത്തവരായിരിക്കാം. പക്ഷേ നിങ്ങളിലൂടെയായിയിരിക്കാം ഭൂമി മുഴുവന്‍ പടര്‍ന്നു നില്‍ക്കുന്ന, എല്ലാവരും ചേക്കേറുന്ന ദൈവരാജ്യത്തിന്‍റെ തുടക്കം, അതിനാല്‍ മനസ്സ് തളരാതിരിക്കട്ടെ!








All the contents on this site are copyrighted ©.