2014-07-18 18:59:51

കസേര്‍ത്തായിലേയ്ക്ക്
രണ്ടുതവണ
പാപ്പാ യാത്രചെയ്യും


18 ജൂലൈ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ കസേര്‍ത്തായിലേയ്ക്കുള്ള രണ്ടാം സന്ദര്‍ശനം തികച്ചും വ്യക്തിഗതമാണെന്ന്, സ്ഥലത്തെ മെത്രാന്‍ ബിഷപ്പ് ജൊവാന്നി ഡലീസെ പ്രസ്താവിച്ചു. ജൂലൈ 26-ാം തിയതി ശനിയാഴ്ച തെക്കെ ഇറ്റലിയിലെ കസേര്‍ത്തായില്‍ ഇടയസന്ദര്‍ശനം നടത്തുന്ന പാപ്പാ ഫ്രാന്‍സിസ് വീണ്ടും 28-ാം തിങ്കളാഴ്ച അവിടെ എത്തുന്നത് തികച്ചും സ്വകാര്യസന്ദര്‍ശനമാണെന്നും, ബ്യൂനസ് ഐരസില്‍ മെത്രാനായിരുന്ന കാലത്തെ പാപ്പായുടെ പൂര്‍വ്വകാല സുഹൃത്തും ഇവാഞ്ചേലിക്കല്‍ സഭാ പാസ്റ്ററുമായ ജോണ്‍ ത്രെത്തീനോയെ സന്ദര്‍ശിക്കുവാനാണെന്നും ബിഷപ്പ് ഡലീസെ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ചുരുങ്ങിയ സമയത്തിലാണെങ്കിലും പാപ്പായെ സ്വീകരിക്കാന്‍ കസേര്‍ത്താ രൂപതയും നഗരവും ഒരുങ്ങിക്കഴിഞ്ഞുവെന്നും, രൂപതാ വൈദികരുമായി കൂടിക്കാഴ്ചനടത്തുന്ന പാപ്പാ, സ്ഥലത്തെ രോഗികളും പാവങ്ങളായവരുമായും നേര്‍ക്കാഴ്ച നടത്തുമെന്നും, കൊട്ടാരമൈതാനിയിലെ ദിവ്യബലിയില്‍ പാവങ്ങള്‍ക്കും രോഗികള്‍ക്കുമായി പ്രത്യേക സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പാപ്പായുടെ സന്ദര്‍ശനത്തെക്കുറിച്ചു നല്കിയ അഭിമുഖത്തില്‍ ബിഷപ്പ് ഡലീസെ വിവരിച്ചു.

തെക്കെ ഇററലിയില്‍ നേപ്പിള്‍സില്‍നിന്നും 30 കിലാോമീറ്റര്‍ അകലെയുള്ള പുരാതന പട്ടണമാണ് കസേര്‍ത്താ. വടക്കുകിഴക്കന്‍ ആല്‍പ്പൈന്‍ പര്‍വ്വത സാനുക്കളുടെ താഴ്വാരത്തുള്ള ഭൂപ്രദേശത്തിന്‍റെ കിടപ്പ് അതിനെ ഫലഭൂയിഷ്ടമാക്കുന്നു. പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ തീരത്തിന്‍റെ സാന്നിദ്ധ്യവും അവിടത്തെ മനോഹരമാക്കുകുയം പട്ടണത്തെ ചരിത്രഭൂമിയാക്കുകയും ചെയ്യുന്നു. രാജവാഴ്ച വളര്‍ത്തിയ പ്രൗഢിയും പ്രതാപവും, ലോകമഹായുദ്ധങ്ങള്‍ കീറിമുറിച്ച കെടുതികളുടെ കറുത്തമുഖവും ചരിത്രമുറങ്ങുന്ന മണ്ണില്‍ ഇടചേര്‍ന്നു കിടക്കുന്നു. കസേര്‍ത്താ കൊട്ടാരമായിരുന്നു രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ സഖ്യം താവളമാക്കിയത്.

നേപ്പിള്‍സിലെ പുരാതന കത്തോലിക്കാ സമൂഹത്തിന്‍റെ ഭാഗമായിരുന്ന കസേര്‍ത്താ രൂപതയുടെ ചരിത്രം 12-ാം നൂറ്റാണ്ടിലേയ്ക്കും പിന്നിട്ടു കിടക്കുന്നു. രൂപതാമദ്ധ്യസ്ഥ വിശുദ്ധ അന്നയാണെങ്കിലും കസേര്‍ത്താ കത്തീഡ്രല്‍ ദേവാലയം മുഖ്യദൂതനായ മിഖയേല്‍ മാലാഖയുടെ പേരില്‍ പ്രതിഷ്ഠിതമാണ്.








All the contents on this site are copyrighted ©.