2014-07-17 09:45:54

സമാധാനത്തിന്‍റെ പാതിയിലെ
സര്‍വ്വമത സംഗമങ്ങള്‍


17 ജൂലൈ 2014, റോം
വിശുദ്ധനാടിന്‍റെ സമാധാനത്തിനായി റോമില്‍ സര്‍വ്വമത പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചു.
സാമൂഹ്യ-രാഷ്ട്രീയ ഉത്തരവാദിത്വമുള്ള എല്ലാ പ്രസ്ഥാനങ്ങളും നിരാശരാകാതെ വിശുദ്ധനാടിന്‍റെ സമാധാനത്തിനായി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് ഞായറാഴ്ച ത്രികാലപ്രാര്‍ത്ഥനമദ്ധ്യേ
പാപ്പാ ഫ്രാന്‍സിസ് നടത്തിയ ആഹ്വാനം ചെവിക്കൊണ്ടാണ് റോമിലെ ‘കാരിത്താസ്’ നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ സര്‍വ്വമത പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചത്.

വത്തിക്കാന്‍റെ കീഴിലുള്ള – ഉപവി പ്രവര്‍ത്തന സംഘടയാണ് ‘കാരിത്താസ്’
(Caritas Internationalis). റോമിലെ വിവിധ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലുമായി
ജൂലൈ 15-ാം തിയതി ചൊവ്വാഴ്ചയാണ് വിശുദ്ധനാടിന്‍റെ സമാധാനത്തിനായി
‘കാരിത്താസ്’ സര്‍വ്വമത പ്രാര്‍ത്ഥനയോഗങ്ങള്‍ സംഘടിപ്പിച്ചത്.

റോമാ നഗരത്തിലുള്ള യഹുദരും, മുസ്ലീങ്ങളും, ക്രൈസ്തവരും, ഹൈന്ദവരുമായി ഒട്ടുമിക്ക മതവിഭാഗക്കാരും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നുവെന്ന്, കാരിത്താസിന്‍റെ റോമിലെ ഡയറക്ടര്‍, മോണ്‍സീഞ്ഞോര്‍ ഹെന്‍റീക്കോ ഫിയേഴ്സ് അറിയിച്ചു.

പ്രാര്‍ത്ഥനവഴി അങ്ങകലെ വിശുദ്ധനാട്ടില്‍ രാഷ്ട്രീയ സംഘട്ടനങ്ങളില്‍പ്പെട്ട് ഉഴലുന്ന വിവിധ മതസ്ഥരായ ജനങ്ങളുമായി ഐക്യപ്പെടുവാനും, അവരോടുള്ള ഐക്യദാര്‍ഢ്യവും സാഹോദര്യവും പ്രകടിപ്പിക്കുകയുമായിരുന്നു സര്‍വ്വമത പ്രാര്‍ത്ഥനയുടെ ഉദ്ദേശമന്നും മോണ്‍സീഞ്ഞോര്‍ ഫിയേഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.