2014-07-17 09:38:27

ദൈവഹിതത്തോടുള്ള വിധേയത്വം
പ്രാര്‍ത്ഥനയുടെ മുഖ്യഘടകം


17 ജൂലൈ 2014, ഗ്വാദലൂപ്പെ
ദൈവഹിതത്തോടുള്ള വിധേയത്വമായിരിക്കണം പ്രാര്‍ത്ഥനയെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. ജൂലൈ 15-ാം തിയിത ചൊവ്വാഴ്ച മെക്സിക്കോയിലെ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രം, ഗ്വാദലൂപ്പെയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

കുടിയേറ്റം സംബന്ധിച്ച് മെക്സിക്കോയിലെ മെത്രാന്‍സമിതി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ പരോളിന്‍. ‘ഇതാ കര്‍ത്താവിന്‍റെ ദാസി’ എന്നു പറഞ്ഞുകൊണ്ട്, ജീവിതത്തില്‍ സംഭവിക്കുന്നതെന്തും ദൈവത്തിന്‍റെ പദ്ധതിയാണെന്ന വിശ്വസവും ബോധ്യവും പ്രഘോഷിച്ച നസ്രത്തിലെ മറിയം, നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കും ജീവിതങ്ങള്‍ക്കും മാതൃകയാണെന്നും, രക്ഷാകരപദ്ധതിയില്‍ ദൈവഹിതത്തിനു കീഴ്വഴങ്ങിക്കൊണ്ട് ക്രിസ്തുവിനോടൊത്തു സഞ്ചരിച്ച ആദ്യ ക്രിസ്തു-ശിഷ്യയാണ് മറിയമെന്നും കര്‍ദ്ദിനാള്‍ വചനപ്രഘോഷണത്തില്‍ പങ്കുവച്ചു.

ഓമനത്വം നിറഞ്ഞ കുഞ്ഞായിരുന്നപ്പോഴും, പിന്നീട് മുറിപ്പെട്ട ദേഹവുമായി കുരിശ്ശിലേറിയപ്പോഴും പതറാത്ത സ്നേഹവുമായി മറിയം യേശുവിന്‍റെ ചാരത്തു നിന്നുവെന്നത്, ദൈവഹിതത്തോടുള്ള മറിയത്തിന്‍റെ പൂര്‍ണ്ണവിധേയത്വം വെളിപ്പെടുത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ പോരോളില്‍ തന്‍റെ വചനചിന്തയില്‍ വിസ്തരിച്ചു.
അനുഗ്രഹങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കുമ്പോള്‍ എന്നും ഓര്‍ക്കേണ്ടത് ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയും പതറാത്ത വിശ്വാസവുമായിരിക്കണമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ സമര്‍ത്ഥിച്ചു.

കുടിയേറ്റം സംബന്ധിച്ച് മെക്സിക്കൊയിലെ മെത്രാന്‍ സമിതി സംഘടിപ്പിച്ച സമ്മേളനത്തിന്‍റെ ഭാഗമായി വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം ഗ്വാദലൂപ്പെയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ പരോളില്‍ ഇങ്ങനെ വചനചിന്തകള്‍ പങ്കുവച്ചത്.








All the contents on this site are copyrighted ©.